ബഹുഭാഷാ സമ്മേളനത്തിന് വേദിയാകാൻ മഞ്ചേശ്വരം ഒരുങ്ങുന്നു. കവി ഗോവിന്ദ പൈയുടെ മണ്ണിൽ വിവിധ ഭാഷകളുടെ സമാഗമത്തിന് വേദിയൊരുങ്ങും. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലാണ് മഞ്ചേശ്വരത്ത് ബഹുഭാഷാ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കേരള തുളു അക്കാദമി ചെയർമാൻ കെ. ആർ ജയാനന്ദ അധ്യക്ഷത വഹിച്ചു.കേരള സാഹിത്യ അക്കാദമി അംഗം ഇ. പി രാജഗോപാലന്‍ പരിപാടി വിശദീകരിച്ചു. ബഹുഭാഷ പണ്ഡിതൻ ഡോ.എ.എം ശ്രീധരൻ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുൻ സെക്രട്ടറി അഡ്വ.പി അപ്പുകുട്ടന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദൻ നാരായണ ചെമ്പലത്തിമാർ, രാജശ്രീ റൈ എന്നിവർ സംസാരിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ,സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ ഓൺലൈനായി സംസാരിച്ചു.
കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം എം.കെ മനോഹരൻ സ്വാഗതവും ജയചന്ദ്രൻ കുട്ടമത്ത് നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് ചെയർമാൻ, കെ.ആർ ജയാനന്ദ വർക്കിംഗ് ചെയർമാൻ, എം.കെ മനോഹരൻ ജനറൽ കൺവീനർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
ബഹുഭാഷ സമ്മേളനം മഞ്ചേശ്വരം കവി ഗോവിന്ദ പൈ സ്മാരകത്തില്‍ നടക്കും. നവംബർ അവസാനവാരം 3 ദിവസങ്ങളിലായാണ് സമ്മേളനം നടത്തുക. കാസര്‍കോട്ടെ എല്ലാ ഭാഷകള്‍ക്കും ഇടം കിട്ടുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, നാട്ടരങ്ങുകള്‍, നാടകാവതരണങ്ങള്‍, ഭാഷാപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, ചലച്ചിത്രമേള, ഭാഷാ പ്രദർശനങ്ങൾ, കവിതാ സദസ് തുടങ്ങിയവ നടത്തും.