പുതിയ വീട് പണിതപ്പോൾ മതിലിന്റെ കാര്യമാണ് അയാൾ ആദ്യം ശ്രദ്ധിച്ചത്.പരമാവധി ഉയരത്തിലായിരിക്കണം മതിൽ എന്ന കാര്യത്തിൽ അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.അടുത്തെല്ലാം കോളനി പോലെ വീടുകളായിരുന്നു.മതിലുകളുള്ളവയും ഇല്ലാത്തവയും…വേലികളുള്ളവയും വേലിക്കമ്പുകൾ മാത്രമുള്ളവയും.അങ്ങനെ ചെറുതും വലുതുമായ നിരവധി വീടുകൾ.അതിനിടയിലാണ് അയാളുടെ വീടിന്റെ കൂറ്റൻ മതിൽ ഉയർന്നത്.കണ്ടവർ കണ്ടവർ അത്ഭുതപ്പെട്ടു.
‘’ ജയിലിന്റെ മതിലിന് പോലും ഇത്രയും ഉയരമില്ലല്ലോ.’’ ഒരാളുടെ അഭിപ്രായം’’ ‘’.മൂപ്പർക്ക് ഭാര്യയെ നല്ല വിശ്വാസമാണെന്ന് തോന്നുന്നു’’ മറ്റൊരാൾ. അയൽവാസികളുടെ അഭിപ്രായങ്ങൾ അങ്ങനെ നീണ്ടു.ആരുടെയും അഭിപ്രായവും പരിഹാസവുമൊന്നും അയാൾക്ക് ഒരു പ്രശ്നമായിരുന്നില്ല.താൻ ഗൾഫിലേക്ക് തിരിച്ചു പോയാൽ പിന്നെ ഭാര്യയും ഒന്നാം ക്ലാസ്സുകാരനായ മകനും വീട്ടിൽ തനിച്ചാണ്.ഈ മതിൽ കൂടിയില്ലെങ്കിൽ അവരെ ആരെ ഏൽപ്പിച്ചാണ് പോകുക.ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.എല്ലാ പരിഹാസങ്ങൾക്കും മേലെ വൻമതിൽ ഉയർന്നു നിന്നു.
ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിന് രണ്ടു ദിവസം മുമ്പാണ് അയാൾ ഞെട്ടിക്കുന്ന ആ കാഴ്ച്ച കണ്ടത്.ഭാര്യയും അയലത്തെ വീട്ടിലെ സ്ത്രീയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുന്നു.ഇപ്പുറത്തെ അടുക്കളയുടെ വാതിക്കൽ നിന്ന് അപ്പുറത്തെ സിറ്റൗട്ടിലേക്ക് നോക്കിയാണ് സംസാരം.അവർ കുടുംബസമേതം ടൂറിന് പോയ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.താൻ സ്ഥലത്തുള്ളപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ…അന്ന് രാത്രി അയാൾക്ക് ശരിക്കുറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് കല്ലുമായി ലോറിയും പുറകെ പണികാരുമെത്തിയപ്പോഴാണ് ഭാര്യ അന്തംവിട്ടത്.പുരപണിയും മതിൽ പണീയുമൊക്കെ തീർന്നതാണല്ലോ.പിന്നെയിപ്പോൾ…പണികാർക്ക് നിർദ്ദേശം നൽകാനായി ഭർത്താവെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്.അവൾ ഉള്ളിൽ ചിരിച്ചു.മതിലിന് മീതെ വീണ്ടും രണ്ടുവരി കല്ലുയർന്നു.സെൻട്രൽ ജയിലും തോറ്റുപോകുന്ന മതിൽ നോക്കി സംതൃപ്തിയോടെയാണ് അയാൾ വിമാനം കയറിയത്.രണ്ടുവർഷം ഗൾഫിൽ കഴിച്ചുകൂട്ടാൻ വൻമതിൽ നൽകിയ ആത്മവിശ്വാസം അത്ര ചെറുതായിരുന്നില്ല.
കൃത്യം രണ്ട് വർഷം തികയുന്ന ദിവസം അയാൾ തിരിച്ചെത്തി.കൂറ്റൻ മതിൽ കടന്നെത്തിയ അയാളെ സ്വീകരിക്കാൻ പക്ഷേ,ഭാര്യയും മകനുമുണ്ടായിരുന്നില്ല.മതിലിനൊപ്പം സ്നേഹം കൂടി പണിയേണ്ടിയിരുന്നുവെന്ന് അപ്പോഴാണ് അയാളോർത്തത്.വലിയവീടും വൻമതിലും പരിഹാസത്തോടെ അയാളെനോക്കി ചിരിച്ചു.
————————————————————————– ——————————————–