പറന്നിറങ്ങും നിറയും പതക്കങ്ങളുമായി
കാൽത്തളസ്വനങ്ങൾ കേട്ടൊരാ ആതുരരാവുണർന്നു വേഗം
കുഴലൂതിയിന്നും സ്വരങ്ങളിലതേയാ പൂവൻകൂട്ടം
കൊത്തിയടർത്തിയൊരുക്കിയൊരു കൊട്ടാരകിളിവാതിൽക്കലിൽ
കൈകൂപ്പി വണങ്ങിടുന്നു മാനമുറ്റത്തെ മാറ്റുകളെ
തത്തികളിക്കുന്നുവണ്ണാൻ നീട്ടി വിളിക്കുന്നു
തൻ നാവു എരിവുമായി കാന്താരി കണക്കെ
ദിക്കുകൾ പരക്കുമാ ഗാനമതു തുടരുന്നു
ദലങ്ങൾതോറും തെന്നി കളിക്കുന്നുവാ പൂമ്പാറ്റകൾ
തളിക്കുന്നുവകലെ നിന്നുള്ളൊരു പ്രാർത്ഥനാതീർത്ഥം
തൻ പ്രാതലിനിനി കാത്തിരിക്കേണ്ടെന്നുറപ്പായി
തണുപ്പീച്ചാറ്റലിൻ ചാറും കൂട്ടി കഴിച്ചിടും
ഉപ്പനുഷസ്സിലുണർന്നിടുമോരോ നാമ്പും നോക്കിടും
ഉത്തരം കിട്ടാനെന്നോണം മഞ്ഞുകൂടകൾക്കുള്ളിലും
എവിടെയാണിന്നൊരു കോളെന്നറിഞ്ഞിടാനാ ചരിവിൽ
എത്തിടുന്നവിടെയൊരു മേഘനിര തീർത്തു തെളിമാനത്ത്
വിയർക്കുന്ന വെയിലിലും കുളിരുന്ന കൊടിമുടിയിലും
വീണ്ടുമെത്തിടുമീ വിൺസൗഭാഗ്യമെന്നാശ്വസിച്ചിടാം! |