ഞാനെന്തിന്‌ എഴുതുന്നു?

ഞാനെന്തിന്‌ എഴുതുന്നു എന്ന ചോദ്യത്തിനുത്തരം സ്വന്തം അസ്‌തിത്വത്തെ നിലനിർത്തുന്നതിനുവേണ്ടിയുളള പ്രയത്‌നമെന്ന്‌ ചുരുക്കിപ്പറയാവുന്നതാണ്‌. എനിക്കിപ്പോൾ എഴുപത്‌ വയസ്സ്‌ പിന്നിട്ടിരിക്കുകയാണ്‌. പത്തൊമ്പതാമത്തെ വയസ്സിൽ 1952-ൽ കരയുന്ന കാൽപ്പാടുകൾ എന്ന ആദ്യപുസ്‌തകം പുറത്തുവന്നു. ഞാനൊരു എഴുത്തുകാരനായി എന്ന ധാരണ എന്റെ ഉളളിൽ വേരോടി. എന്തിന്‌ ഞാനെഴുതി എന്ന ചോദ്യം അന്നും ഇന്നും ഒരുപോലെ പ്രസക്തമാണ്‌. എനിക്ക്‌ എന്റേതായ ഒരു സ്ഥിര മേൽവിലാസം ഉണ്ടാകണം എന്ന്‌ നന്നേ ചെറുപ്പത്തിലേ ആഗ്രഹിച്ചു. വലിയവരെന്ന്‌ കരുതുന്നവരെ മാത്രമേ സമൂഹം അംഗീകരിക്കൂ. ഈ വിചാരം എന്നെ ചെറുപ്പത്തിലേ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പാവങ്ങൾക്കിടയിലായിരുന്നു എന്റെ ബാല്യവും യൗവ്വനവും കഴിച്ചുകൂട്ടിയിരുന്നത്‌. വലിയവരെന്ന്‌ പറയുന്നവർ ആരാണ്‌? ആരാണീ നന്നേ ദരിദ്രർ? ഞാൻ ദരിദ്രനോ തറവാടിയോ? ഒരുപാട്‌ ചോദ്യങ്ങൾ സ്വയം ചോദിക്കുവാൻ തുടങ്ങി. വലിയവരും ചെറിയവരുമടങ്ങുന്ന ഈ സമൂഹത്തിൽ സ്വന്തം ആസ്‌തിത്വം തെളിയിക്കാനെന്താണ്‌ വഴി? ഈ ലോകത്തോട്‌ എന്റേതായ ഭാഷയിൽ ചിലത്‌ പറയാനുണ്ട്‌. മറ്റുളളവർ എന്നെ വേറെ ചിലരിൽ തിരിച്ചറിയണമെങ്കിൽ എനിക്ക്‌ സ്വീകരിക്കാവുന്ന മാർഗ്ഗം സാഹിത്യരചന ആണെന്ന തിരിച്ചറിവാണ്‌ എഴുത്തിലേയ്‌ക്ക്‌ കടക്കാൻ പ്രേരിപ്പിച്ചത്‌. ബാല്യകൗമാര യൗവനഘട്ടങ്ങളിൽ മധുരത്തെക്കാളേറെ അനുഭവിച്ചത്‌ കയ്‌പുകളായിരുന്നു. എന്നെ ഞാനേറെ ശപിച്ചിട്ടുണ്ട്‌. എന്നെ ജനിപ്പിച്ചവരെ ചിലപ്പോഴെങ്കിലും വെറുത്തിട്ടുണ്ട്‌. ശപിക്കപ്പെട്ട ഒരു ജന്മമാണെന്റേതെന്ന്‌ തോന്നിയ സന്ദർഭങ്ങൾ അപൂർവ്വമല്ല. ഒന്നിലധികം തവണ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിട്ടുണ്ട്‌. സാഹിത്യരചന ധനസമ്പാദനത്തിനേക്കാൾ വലിയ ആത്മീയാനുഭൂതി നൽകുന്നുവെന്ന തിരിച്ചറിവ്‌ കൂടുതലെഴുതാൻ പ്രേരിപ്പിച്ചു. എഴുത്തുകാരൻ മനുഷ്യകഥാനുയായി ആയിരിക്കണമെന്ന വിശ്വാസത്തോടെ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.

Generated from archived content: essay2_may.html Author: unnikrishnan_puthur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English