ആദർശനിഷ്‌ഠ ക്ഷയിക്കുമ്പോൾ ധനാധിപത്യം വരും

ഇൻഡ്യയിൽ ഇപ്പോൾ ജനാധിപത്യമല്ല ധനാധിപത്യമാണുളളത്‌ എന്ന്‌ അരുന്ധതി റോയ്‌ പറയുന്നു. ഇത്‌ പെട്ടെന്നുണ്ടായ ഒരു സംഭവ വികാസമല്ല. നാല്‌പത്‌ കൊല്ലം മുമ്പ്‌ ഇന്ദിരാഗാന്ധി അധികാരത്തിൽ വരികയും അധികാര ദേവതയെ പൂജിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ആരംഭിച്ച പ്രവണത ഇപ്പോൾ പൂർത്തിയായെന്നേ ഉളളൂ.

ആദർശനിഷ്‌ഠയ്‌ക്ക്‌ ലോപം സംഭവിക്കുന്നിടത്ത്‌ ‘മാമൺ’ കയറിപ്പറ്റുമെന്നത്‌ അതി പുരാതനമായൊരു തത്വമാണ്‌. അധികാരം കൊണ്ട്‌ ധനവും ധനം കൊണ്ട്‌ അധികാരവും നേടാമെന്ന്‌ ഇന്ദിരാ ഗാന്ധി തന്റെ അനുയായികളെ പഠിപ്പിച്ചു. ഇതിനെതിരായി ആദർശ നിഷ്‌ഠയുളളവർ നടത്തിയ സമരമായിരുന്നു 1971-77 കാലത്ത്‌ ഇൻഡ്യയിൽ നടന്ന മഹാ പ്രക്ഷോഭം. അഴിമതിക്കെതിരെ തെരുവിലിറങ്ങി പ്രകടനം നടത്താനും പോലീസിന്റെ മർദ്ധനമേൽക്കാനും ജയപ്രകാശിനെപോലെയുളളവർ തയ്യാറായത്‌ ആദർശ നിഷ്‌ഠകൊണ്ടായിരുന്നു. പക്ഷേ അതൊന്നും അധികം നീണ്ടു നിന്നില്ല. അധികാരത്ത്‌ത്തിന്റെ പിന്നാലെയുളള ഭ്രാന്തുപിടിച്ച ഓട്ടമാണ്‌ ഇന്ന്‌ സർവ്വത്ര കാണുന്നത്‌. ഒരാദർശത്തിന്‌ വേണ്ടി നിസാരമായൊരു ത്യാഗം സഹിക്കാൻ പോലും ആരും തയ്യാറല്ല. “യഥാരാജ തഥാപ്രജ” എന്നാണല്ലോ പ്രമാണം. എം.പി.മാരെ വലയ്‌ക്കുവാങ്ങി അവിശ്വാസ പ്രമേയത്തെ തോൽപ്പിച്ച്‌ അധികാരം നിലനിർത്തിയ ഒരു പ്രധാന മന്ത്രി നമുക്കുണ്ടായിരുന്നു. അപ്പോൾ പിന്നെ പ്രജകൾ ആദർശനിഷ്‌ഠ കാണിക്കുമെന്ന്‌ ഒരാൾക്കെങ്ങനെ പ്രതീക്ഷിക്കാനാകും.. പണത്തിന്‌ മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല്‌ നൂറുശതമാനവും ശരിയാണെന്ന്‌ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോടതി വിളിച്ച്‌ വരുത്തുന്ന സാക്ഷിയെപ്പോലും വഴിക്കുവെച്ച്‌ റാഞ്ചിയെടുത്ത്‌ കളള സാക്ഷി പറയിക്കുകയും എന്നിട്ടും പോറൽ പോലും ഏൽക്കാതെ ജയിച്ചുപോരുകയും ചെയ്യുന്നവരുടെ നാടാണിത്‌

ഒരു കാര്യം ഓർത്തിരിക്കുക. ആദർശനിഷ്‌ഠയുടെ ആവശ്യം പ്രധാനമന്ത്രിക്കോ മന്ത്രിമാർക്കോ വ്യവസായികൾക്കോ അല്ല. അവരെല്ലാം എങ്ങനെയെങ്കിലും നിന്നു പിഴക്കും. വാസ്‌തവത്തിൽ ആദർശനിഷ്‌ഠയുട അഭാവത്തിലാണ്‌ അവർ തഴച്ചു വളരുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജനങ്ങൾക്കിടയിൽ ആദർശനിഷ്‌ഠയില്ലാതിരിക്കേണ്ടത്‌ പണക്കാരുടേയും പ്രമാണിമാരുടേയും ആവശ്യമാണ്‌. ധനദുർദേവതയെ പൂവിട്ട്‌ പൂജിക്കുന്നവരാണ്‌ ആദർശത്തെ ഭയപ്പെടുന്നത്‌. കുരിശിനെപ്പേടി ചെകുത്താൻമാർക്കാണല്ലോ. ആദർശത്തിന്റെ ആവശ്യം പാവങ്ങൾക്കാണ്‌. സാമ്പത്തികയും സാമൂഹികവും രാഷ്‌ട്രീയവുമെന്നല്ലെ എല്ലാ തര നീതികളുടെയും ആധാരം ആദർശമാണ്‌. പണക്കാർ ആദർശനിഷ്‌ഠ പാലിച്ച്‌ പാവങ്ങളെ കരകയറ്റുമെന്ന്‌ കരുതുന്നത്‌ വ്യാമോഹമാണ്‌.. ഒരിക്കലും സംഭവിക്കാൻ പോകുന്ന കാര്യമല്ല അത്‌. ഗാന്ധിജിക്ക്‌ പോലും പണക്കാരിൽ അരകഴഞ്ചിന്റെ ആദർശ നിഷ്‌ഠയുളവാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണദ്ദേഹം പട്ടിണി പാവങ്ങളോടു​‍്‌ ആദർശ നിഷ്‌ഠപാലിക്കാൻ പറഞ്ഞത്‌. ആദർശനിഷ്‌ഠയുളള ജനത്തിനേ വിപ്ലവം കൈവരുത്തുവാൻ കഴിയൂ. കാരണം എല്ലാ വിപ്ലവങ്ങളുടേയും ബീജം ആദർശമാണ്‌. രാഷ്‌ട്രീയമെന്നല്ല, സാമൂഹീകമായും സാംസ്‌കാരികമായും വിപ്ലവം സംഭവിക്കാമെങ്കിലും ആദർശ നിഷ്‌ഠ കൂടിയെ തീരു.

ഒന്നു പിൻതിരിഞ്ഞു നോക്കുഃ ഗാന്ധിജി എല്ലാം ത്യജിച്ചിട്ടാണ്‌ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിൽ വന്നത്‌. അദ്ദേഹത്തെ അനുഗമിച്ചവർ മഹാത്യാഗികളായിരുന്നു. നേതാക്കന്മാരെന്നല്ല, പട്ടിണി പാവങ്ങൾ പോലും ആദർശനിഷ്‌ഠയുടെ പ്രതിരൂപങ്ങളായി മാറി. ഇവരുടെയെല്ലാം പിൻഗാമികളായ നമ്മളോ?. അമിഴതിക്കും അന്യായത്തിനും അനീതിക്കുമെതിരെഒരാൾക്ക്‌ ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതിന്ന്‌ വാർഡ്‌ തലം മുതൽ കൂട്ടായ്‌മകൾ പടുത്തുയർത്തുകയേ മാർഗ്‌ഗമുളളൂ. എല്ലാ ബഹുജന പ്രസ്ഥാങ്ങളും രൂപം കൊളളുന്നത്‌ അങ്ങനെയാണ്‌. ഗ്രാമതലത്തിൽ അനീതികൾക്കറുതി വരുത്താൻ കഴിഞ്ഞാൽ അതൊരു കാട്ടുതീ പോലെ രാജ്യമാകെ പടർന്നു പിടിച്ചുകൊളളും. പക്ഷേ ഇതിനെല്ലാം ആദ്യമായി വേണ്ടത്‌ ഉപഭോഗ സംസ്‌കാരത്തിനും പ്രലോഭനങ്ങൾക്കും അടിമപ്പെടത്ത സംശുദ്ധമായ കൈകളോടുകൂടിയ ഒരുപിടി ആളുകളാണ്‌. ആർത്തിയുടെ സ്ഥാനത്ത്‌ ആദർശത്തെ പ്രതിഷ്‌ഠിക്കാനുളള നിശ്ചയദാർഡ്യമുണ്ടെങ്കിൽ ഇതൊന്നും വിഷമമുളള കാര്യമല്ല.

Generated from archived content: essay1_nov11_06.html Author: tv_achutawaryar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English