‘വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന ചൊല്ലിന് ഇത്രയധികം അർത്ഥഭേദം വരുമെന്ന് പഴയ തലമുറ കരുതിയിരുന്നിരിക്കില്ല. ‘വിദ്യ’യെന്ന ‘അഭ്യാസം’ കച്ചവടം ചെയ്‌തു കിട്ടുന്ന കൊളളലാഭം ബ്ലെയിഡുകമ്പനി നടത്തിയാലും കിട്ടില്ലെന്നു വന്നിരിക്കുന്നു. അറിവിനെ ദേവതയായിപ്പോലും കരുതി പൂജിക്കുന്നവരുടെ നാട്ടിൽ വിദ്യാഭ്യാസത്തെ വിറ്റു കാശാക്കുന്ന ഇരപിടിയൻമാർക്ക് കലാലയങ്ങൾ നടത്തുവാനുളള അവകാശം തീറെഴുതികൊടുത്തവരെയാണ് ആദ്യം ചാട്ടയ്‌ക്കടിക്കേണ്ടത്.
പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർ അറിയപ്പെടുന്ന വിദ്യാഭ്യാസവിചക്ഷണന്മാരും മാനേജ്‌മെന്റ് വിദഗ്‌ധരുമൊക്കെയാണ്. പുതിയ തലമുറയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനകാര്യമെന്ന നിലയിൽ അത്രയ്‌ക്കു സൂക്ഷ്‌മതയും ദീർഘദർശനവുമാണ് അവരുടെ വിദ്യാഭ്യാസവീക്ഷണങ്ങൾക്ക്. നേരെ മറിച്ച് ഇവിടെയാകട്ടെ, കളളുകച്ചവടക്കാരനും പെണ്ണുപിടിയനും പാതിരിയും ജാതിക്കോമരങ്ങളും മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വീതം വച്ചെടുക്കുകയാണ്. കിഡ്‌ണിക്കച്ചവടം നടത്തി പേരുദോഷം കേൾപ്പിച്ച ആശുപത്രികൾക്കുവരെയാണ് ഇവിടെ മെഡിക്കൽ കോളേജ് പദവി നൽകിയിരിക്കുന്നത്. അർഹതയില്ലാത്തവർക്കൊക്കെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുന്ന സർക്കാർ വരുംതലമുറയുടെ ഭാവി തച്ചുടക്കുകയാണെന്നതിൽ തർക്കമില്ല. കൂണുപോലെ മുളച്ചു പൊന്തുന്ന സ്വാശ്രയമെഡിക്കൽ കോളേജുകളിൽ നിന്നും വർഷാവർഷം വിരിഞ്ഞിറങ്ങുന്ന കുട്ടി ഡോക്‌ടർമാരും എഞ്ചിനീയർമാരും കൊതുകിൻകൂത്താടികളെപ്പോലെ ലക്ഷ്യമില്ലാതെ തെക്കുവടക്ക് അലയുന്ന കാഴ്‌ച കാണാനിരിക്കുന്നതേയുളളൂ. പഠിക്കാൻ പണം കിട്ടാതെ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. മറ്റു പലരും ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നു. കടമെടുത്ത് പഠിച്ചിറങ്ങാനൊരുങ്ങുന്ന പ്രൊഫഷണൽ ബിരുദധാരികളുടെ കാര്യമോ. അവരും തൊഴിൽ കിട്ടാതെ അലയുന്നതും കടക്കാർ കണ്ണുരുട്ടുമ്പോൾ കൂട്ട ആത്മഹത്യ ചെയ്യുന്നതുമൊക്കെ കേരളം കാണേണ്ടിവരുമോ മാനേജ്‌മെന്റ് പുണ്യാളന്മാരേ…?
Generated from archived content: essay1_sep.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English