അടിവയറ്റിൽ നിന്ന് ഉരുകിയൊലിക്കുന്ന വിശപ്പ്. ഹോസ്‌റ്റലിലെ മരക്കട്ടിലിൽ തളർന്നവശനായി പാതിമയക്കത്തിൽ കിടക്കുകയായിരുന്നു. സമയം നട്ടുച്ച. കൊതുക് വരാതിരിക്കാൻ മുൻപേതോ അന്തേവാസി ജനലിൽ മറച്ച വലയിലൂടെ കടന്നെത്തുന്ന സൂര്യതാപം ശരീരം തിളപ്പിച്ചുകൊണ്ടിരുന്നു. തുറന്നിട്ട വാതിലിലൂടെ ‘പുതിയേട്ടി’ എന്ന വിളിയാണ് ആദ്യം എത്തിയത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുമ്പിൽ ജേപ്പി.
“തിരുവനന്തപുരത്ത് വരേണ്ട ഒരത്യാവശ്യമുണ്ടായിരുന്നു. ഞങ്ങളെത്ര നാളായികാണണമെന്ന് കരുതുന്നു. ഇന്നെങ്കിലും കണ്ടിട്ടേ പോകാവൂ എന്ന് കരുതി….” വെയിൽ ചൂടിൽ വിയർത്ത് തളർന്നിട്ടുണ്ടെങ്കിലും ജേപ്പിയുടെ ശബ്‌ദത്തിൽ ഊഷ്‌മളത.
ഒരാഴ്‌ചയായി രാത്രിയിൽ ആലങ്കോടൻ പെട്ടിക്കട തുറന്നെങ്കിൽ മാത്രം കടം കിട്ടുന്ന ദോശ കഴിച്ചാണ് കഴിയുന്നതെന്ന കാര്യം അറിയിക്കാതെ ചോദിച്ചു. “ഭക്ഷണം കഴിച്ചോ” ഇല്ല എന്ന് പറയരുതേ എന്ന് പ്രാർത്ഥിക്കുന്നതിനിടയിൽ പ്രതീക്ഷയുണർത്തുന്ന മറുപടി.
“അത് വിജയേട്ടന്റെ അവിടെ എത്തി കഴിക്കാം…”
കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ എം.എ. ഫിലോസഫിക്ക് പഠിക്കുകയായിരുന്നു ഞാനന്ന്. സംവരണ വിദ്യാർത്ഥികളുടെ ഹോസ്‌റ്റൽ ഭക്ഷണ കുടിശ്ശിഖ എട്ടുമാസത്തിലധികമായി ലഭിക്കാതിരുന്നതിനാൽ ‘മെസ്’ അടച്ചിട്ടിരിക്കുകയാണ്. സംവരണ വിദ്യാർത്ഥികളല്ലാത്തവരുടെ മാസതുക ഉപയോഗിച്ചായിരുന്നു എട്ടുമാസമായി എല്ലാവരും ഭക്ഷണം കഴിച്ചിരുന്നത്. കഴക്കൂട്ടത്തെ കടക്കാരൻ ഇനിയും കടം നൽകാനാവില്ലെന്നറിയിച്ചപ്പോൾ അതും നിന്നു. എല്ലാവരും പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ട അവസ്ഥ. സർക്കാർ തുക നൽകുന്നത് വരെ സ്വാശ്രയമെസ്സ് നടത്താമെന്ന നിർദ്ദേശം ചില പ്രമുഖ വിദ്യാർത്ഥി സംഘടനകൾക്കിഷ്‌ടമായില്ല. സംവരണവിദ്യാർത്ഥികളും ഇതിന് തയ്യാറായില്ല. പൊളിറ്റിക്‌സിലെ ബിജു, രാജീവൻ തുടങ്ങിയവരൊഴിച്ച് ബാക്കിയെല്ലാവർക്കും വീട്ടിൽ അത്യാവശ്യത്തിന് പണമുണ്ടായിരുന്നു എന്നതുതന്നെ കാര്യം. കൈയ്യിലുണ്ടായിരുന്ന തുക നേരത്തെ മെസ്സിനടച്ചതിനാൽ പട്ടിണിയിലായ രണ്ടുമൂന്ന് പേരിൽ ഒരാളായിരുന്നു ഞാൻ. അപ്പോഴാണ് ജേപ്പിയുടെ വരവ്.
“അനന്തകൃഷ്‌ണൻ ഒരു ടെലിഫിലിം എടുക്കുന്നു. വിജയേട്ടനാണ് ക്യാമറാമാൻ. കൊല്ലം തിരുമുല്ലാവാരത്ത് ഷൂട്ടിംഗ്. വരുന്നോ, ഒരാഴ്‌ച വിജയേട്ടന്റെ അസിസ്‌റ്റന്റായി കൂടാം… ” ജേപ്പി ചോദിച്ചപ്പോൾ വിശ്വാസം വരാതെ ഞാനൊന്ന് നോക്കി. ഒരാഴ്‌ചത്തെ പട്ടിണി മാറുമല്ലോ എന്ന കാര്യമോർത്തപ്പോൾ മറ്റൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല.
ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് നേരെ ചെന്ന് ഗിരിജന്റെ മുറിയിലെത്തി ബസ് കൂലിക്കായി 20 രൂപ ചോദിച്ചപ്പോൾ ഗിരിജന്റെ വക നിറുത്താത്ത തെറി. ഒടുവിൽ ഒരു സത്യം ഏറ്റുപറയൽ.
“എടാ എന്റെ കൈയ്യിൽ ഒരു നയാപൈസയില്ല.”
ഇല്ലായ്‌മയുടെ പിശുക്കുണ്ടെങ്കിലും മനസ്സിൽ നിറയെ സ്‌നേഹമുളള സുരേഷ് ആയിരുന്നു ഒടുവിൽ ആശ്രയം. മുറിയടച്ച് കവിതയെഴുതുന്നത് ശീലമാക്കിയ അവനെ ശല്യപ്പെടുത്തുന്നത് സൂക്ഷിച്ചുവേണം. ദേഹോപദ്രവം വരെ ഏൽപ്പിക്കാം. എങ്കിലും വാതിലിൽ മുട്ടി. വിദ്യാഭ്യാസ വായ്‌പയുടെ ഗഡു കിട്ടിയതിൽ നിന്ന് 20 രൂപ മനസ്സില്ലാമനസ്സോടെ അവൻ തന്നു.
സർവ്വകലാശാലയുകെട മുന്നിൽ നിന്ന് ജേപ്പിക്കൊപ്പം കൊല്ലം ബസ്സിൽ കയറി അല്ലമ്പലത്തേക്ക് ടിക്കറ്റെടുക്കുമ്പോൾ മനസ്സിൽ ദൈവത്തിനോട് നന്ദി പറയുകയായിരുന്നു ആ സമയം ജേപ്പിയെ മുന്നിൽകൊണ്ടെത്തിച്ചതിന്.
ജേപ്പിയെ കാണുന്നതിന് മുമ്പേ അറിയുകയായിരുന്നു. കൗമാരസ്വപ്‌നങ്ങളിൽ ഒരു താല്‌പര്യമുണ്ടായിരുന്നു, നടനാവുക എന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതും അങ്ങനെയാണ്. ഒരു ചലച്ചിത്രാസ്വാദനക്യാമ്പിൽ പങ്കെടുക്കാൻ. അവിടെനിന്ന് പരിചയപ്പെട്ട ഒരുപാടുപേരിലൊരാൾ അതായിരുന്നു ജേപ്പി. ശരിക്ക് പറഞ്ഞാൽ മുഖം പോലും പിന്നീട് ഓർക്കാനിടയില്ലാതിരുന്ന ഒരു വ്യക്തി. പക്ഷെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പരിചയക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ ഒരു കുഞ്ഞുമാസിക. ഇരുപത്തൊന്നാം നൂറ്റാണ്ട്. ഒപ്പം ഒരു കാർഡും പിറകിൽ ഒരൊപ്പും. -രേവതിസദനം ജയപ്രകാശ് (ജേപ്പി വേളമാനൂർ). നൂറ്റാണ്ട് മാസിക പിന്നെ മുടങ്ങാതെ കിട്ടി തുടങ്ങി. വർഷങ്ങൾ കടന്നുപോയി. പ്രീഡിഗ്രി കഴിഞ്ഞു. ഡിഗ്രി കഴിഞ്ഞു ഒടുവിൽ ജേർണലിസവും ബിരുദാനന്തരബിരുദവും പഠിക്കാൻ തിരുവനന്തപുരത്ത്. അപ്പോഴേക്കും കത്തുകളിലൂടെ ജേപ്പിയുമായി ഏറെ അടുത്തിരുന്നു. ജേപ്പി ആദ്യമായി പ്രസിദ്ധീകരിച്ച എന്റെ “അണ്ണാറക്കണ്ണനോട് ക്ഷമാപൂർവ്വം..” എന്ന കഥാലേഖനം ജനയുഗം, മലയാള മനോരമ തുടങ്ങിയ ദിനപ്പത്രങ്ങളിൽ അടിച്ചുവന്നിരുന്നു. ആകാശവാണി ചിത്രീകരണമാക്കിയിരുന്നു. കുഞ്ഞുണ്ണിമാഷ് മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന വിവരമറിയിച്ചിരുന്നു. അന്നത് മറ്റ് പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വന്നകാര്യം അറിയിച്ചുകൊണ്ട് മാഷിനെഴുതിയ കത്തിൽ ജേപ്പിയെക്കുറിച്ചും പരാമർശിച്ചതായാണോർമ്മ. ജേപ്പി നല്‌കിയ ആത്മവിശ്വാസം എന്നെ മാതൃഭൂമിയിലെത്തിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടയിൽ ഞാൻ ജേപ്പിയെ ‘മറന്നു’. മനസ്സിലെ താല്‌പര്യങ്ങൾ മാറി, ആശയങ്ങൾ മാറി കൗമാരകൗതുകങ്ങൾ എങ്ങോ പോയി മറഞ്ഞു. ഒപ്പം സാഹിത്യക്യാമ്പുകളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ അലഞ്ഞ് നടന്നിരുന്ന കാലത്തെ ‘വിപ്ലവവീര്യത്തിനും’ മാറ്റം വന്നു. ശരിക്കും ഊർജ്ജം ചോർന്ന് പോകൽ തന്നെ.
കഴിഞ്ഞവർഷം മാതൃഭൂമി കൊച്ചിയൂണിറ്റിൽ സബ്‌എഡിറ്ററായി ജോലിചെയ്യുന്ന സമയം പതിവിലും നേരത്തെ ഓഫീസിലെത്തിയപ്പോൾ മേശപ്പുറത്ത് ഒരു ‘നോട്ടീസ്’ -ഭൂമിക്കാരൻ സ്വതന്ത്രചിന്തകരുടെ സാംസ്‌കാരിക സൗഹൃദപത്രം. എഡിറ്റോറിയൽ കുറിപ്പിന്റെ കൂടെ ജേപ്പിയുടെ ഒരു ഫോട്ടോ കണ്ടപ്പോൾ അത്ഭുതത്തെക്കാളുപരി മനസ്സിൽ വല്ലാതെ ഉണർന്നത് സങ്കടമായിരുന്നു. ഞാനെല്ലാം മറന്നിരിക്കുന്നു. എന്റെ ചിന്താചൈതന്യം തന്നെ പോയല്ലോ എന്ന തോന്നൽ. ഒരാശയത്തിൽ ഉറച്ചുനിന്നുകൊണ്ട് യുവത്വത്തിന്റെ തുടക്കത്തിൽ കണ്ട സ്വപ്‌നങ്ങൾ സഫലമാക്കാൻ പൊരുതുന്ന ജേപ്പിയോട് എനിക്ക് ആദരം തോന്നി. “നോട്ടീസ്” തുടർന്ന് മനസ്സിൽ പത്രമായി മാറാൻ നിമിഷങ്ങൾ മതിയായിരുന്നു. വർഷങ്ങൾക്ക് ശേഷം അന്ന് ജേപ്പിയെ വിളിച്ചു. അങ്ങേത്തലയ്‌ക്കൽ ആ ശബ്‌ദം-കാര്യവട്ടം കാമ്പസിലെ ഹോസ്‌റ്റലിൽ പുതിയേട്ടി എന്നുയർന്ന ഊഷ്‌മളതയോടെ അതേ ശബ്‌ദം. ഞാനൊരു സബ്‌എഡിറ്ററെ ആയിട്ടുളളു എങ്കിലും ‘തെണ്ടിയാത്ര’ നടത്തുന്ന ജേപ്പി അതിൽ കൂടുതൽ വളർന്ന ഒരു പത്രാധിപർ ആണെന്ന് മനസ്സിലാക്കാൻ ഏറെയൊന്നും സമയം വേണ്ടിവന്നില്ല.
അപ്പോഴോർമ്മവന്നത് തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയായ കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിൽ ജേപ്പിയുടെ വീട് ഒരിക്കൽ സന്ദർശിച്ചതാണ്. ഹോസ്‌റ്റലിൽ നിന്ന് ഒരു വൈകുന്നേരം അങ്ങിറങ്ങുകയായിരുന്നു. എത്തിച്ചേർന്നത് വേളമാനൂരിൽ അതും സന്ധ്യാവിളക്ക് വയ്‌ക്കുന്ന സമയത്ത്. കാഷായം ധരിച്ച ഒരു വൃദ്ധൻ, ജേപ്പിയുടെ അമ്മ വിളക്ക് വയ്‌ക്കുന്നതിനിടയിൽ കടന്ന് വന്നു “രേവതിസദനം എൻ.കെ.നായർ എന്റെ അച്‌ഛൻ” -ജേപ്പി പരിചയപ്പെടുത്തി. ഞാൻ ഫിലോസഫിക്കാണ് പഠിക്കുന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം ആദ്ധ്യാത്മിക കാര്യങ്ങൾ സംസാരിച്ച് തുടങ്ങി. കാഷായവേഷം കണ്ടപ്പോൾ എനിക്ക് മുൻവിധിയുണ്ടായിരുന്നു. സംസാരത്തിൽ അദ്ദേഹം കടുത്ത ദൈവവിശ്വാസി ആയിരിക്കാമെന്ന്. അല്‌പം കഴിഞ്ഞപ്പോൾ തന്നെ എന്റെ മുൻവിധി തെറ്റിയെന്നറിഞ്ഞു കടുത്ത ‘നിരീശ്വരവാദി’യായ അദ്ദേഹത്തിന്റെ അറിവിന് മുന്നിൽ. രാത്രി ചക്കയായിരുന്നു ഭക്ഷണം. പണിയെടുത്ത് വീട്ടിൽ ചെലവിന് നൽകേണ്ട മകൻ ഉളള സമ്പാദ്യം കൂടി വിറ്റ് സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഒരു വീടിന്റെ മുഖം. രാവിലെ പോകാൻനേരം കുളിക്കാൻ സോപ്പന്വേഷിച്ചപ്പോഴറിഞ്ഞു. ജേപ്പി സോപ്പ് ഉപയോഗിക്കാറില്ല. പല്ല് തേക്കാൻ പേസ്‌റ്റ് ഉപയോഗിക്കാറില്ല. പഞ്ചസാര, പാൽ, ചായ, ബേക്കറി സാധനങ്ങൾ, അലോപ്പതി മരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കാറില്ല. അങ്ങനെ പുതിയ പുതിയ ഒട്ടേറെ അറിവുകൾ ഇപ്പോൾ ജേപ്പിയുടെ ഭാര്യ ശ്രീകല പൂതക്കുളവും മക്കളായ ജ്വാലയും ഉജ്ജ്വലും ഇതൊന്നുമുപയോഗിക്കില്ല എന്നറിഞ്ഞു. വേറിട്ട ദാമ്പത്യം.
Generated from archived content: essay4_oct25_05.html Author: prakashan_puthiyetty