എന്താണ്‌ സൗഹൃദ ഗ്രാമം?

സമാധാനപൂർണ്ണവും സ്‌നേഹത്തിൽ അധിഷ്‌ഠിതവുമായ ഒരു സമൂഹം എന്നത്‌ ഏതു കാലത്തും മനുഷ്യസ്‌നേഹികളായ മഹാത്മാക്കളുടെ ജീവിത ലക്ഷ്യമായിരുന്നിട്ടുണ്ട്‌. വ്യക്തികൾ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർന്നാൽ മാത്രമേ കുടുംബജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാവുകയുളളൂ. അങ്ങനെ കുടുംബങ്ങളിൽ സൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുത്ത്‌ അപ്രകാരമുളള കുടുംബങ്ങൾ ചേർന്ന്‌ കൊച്ചുകൊച്ചു സമൂഹങ്ങൾ രാജ്യത്തുടനീളം ഉണ്ടാക്കുകയാണ്‌ ഇന്നാവശ്യം.

ഒരു പ്രദേശത്തുളള ശരാശരി 500 വീടുകളെ ഉൾക്കൊളളിച്ചുകൊണ്ട്‌ ചെറിയ ഗ്രാമങ്ങൾക്ക്‌ രൂപം കൊടുക്കുന്നു. പത്തുവീടുകൾ ചേർത്ത്‌ അവയെ കൊച്ചുകൊച്ചു യൂണിറ്റുകളാക്കുന്നു. ഇവയെ കൂട്ടുകുടുംബങ്ങൾ എന്നു പറയുന്നു.

പരിശീലനം സിദ്ധിച്ച സാമൂഹ്യപ്രവർത്തകരെ പത്ത്‌ വീടിന്‌ ഒരാൾ എന്ന ക്രമത്തിൽ ചുമതലപ്പെടുത്തുന്നു. ഓരോ പ്രവർത്തകനും ഈ വീടുകളിൽ പോയി അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും എന്തെന്ന്‌ മനസ്സിലാക്കി അതിന്റെ പരിഹാരത്തിന്‌ അവരെ സഹായിക്കുകയാണ്‌ കർത്തവ്യം. ഇതിന്‌ ദിവസം അരമണിക്കൂറിൽ കൂടുതൽ ചെലവാക്കേണ്ടതുമില്ല. ഈ ഭവന സന്ദർശനം ഒരു തുടർപ്രവർത്തനമായി നടത്തേണ്ടതാണ്‌.

ആദ്യപടി എന്ന നിലയ്‌ക്ക്‌ അവരുമായി സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ട്‌ അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കാളിയാകുക. ദുഃഖങ്ങളിൽ അവർക്ക്‌ ആശ്വാസം പകർന്നുകൊടുക്കുക. തുടർന്ന്‌ സർക്കാർ ആനുകൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും അത്‌ നേടിയെടുക്കാൻ അവരെ പ്രാപ്‌തരാക്കുകയും ചെയ്യുക.

മദ്യപാനം, പുകവലി എന്നിവയിൽനിന്നും ആളുകളെ മോചിപ്പിക്കുക, നിരക്ഷരരെ സാക്ഷരരാക്കുക, നവസാക്ഷരരെ തുടർന്നു പഠിപ്പിക്കുക, കുടുംബ പാരായണത്തിൽ അവർക്ക്‌ താല്‌പര്യം ജനിപ്പിക്കുക, അതിന്റെ പ്രാരംഭമെന്നവണ്ണം നല്ല നല്ല പുസ്‌തകങ്ങൾ അവരെ വായിച്ചു കേൾപ്പിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന്‌ വായിച്ച അറിവ്‌ ഉൾക്കൊളളാൻ അവരെ പ്രോത്സാഹിപ്പിക്കുക.

ഇത്രയും ആയിക്കഴിഞ്ഞാൽ ഈ ഉറ്റ ബന്ധുവായ സാമൂഹ്യപ്രവർത്തകന്റെ അപേക്ഷയനുസരിച്ച്‌ ഏത്‌ കുടുംബകലഹവും കുടുംബപ്രശ്‌നങ്ങളും പറഞ്ഞു തീർക്കാൻ കഴിയും. അയൽക്കാരുമായി സ്‌നേഹപൂർണ്ണമായ ബന്ധം നിലനിർത്താനും അവർക്കു കഴിയും.

ഒരു സാമൂഹ്യപ്രവർത്തകന്‌ തന്നെക്കൊണ്ട്‌ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ തീർക്കുന്നതിന്‌ അതത്‌ പ്രദേശത്തുളള പൊതുപ്രവർത്തകരുടെ സഹകരണം തേടാവുന്നതാണ്‌. ഒരാൾക്ക്‌ രോഗം പിടിപെട്ടാൽ അയാളുടെ ചികിത്സയ്‌ക്ക്‌ ഗ്രാമവാസികൾതന്നെ സഹായിക്കുക, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്‌ അതതു പ്രദേശത്തിനു യോജിച്ച തൊഴിൽ ഏതെല്ലാമെന്ന്‌ ഗ്രാമവാസികൾ ചേർന്നു തീരുമാനിക്കണം. പരിപാടി അവരുടെ പരിധിക്കപ്പുറമായാൽ അത്‌ ജനപ്രതിനിധികൾ വഴി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. മധ്യവർത്തികളുടെയോ ചൂഷകരുടെയോ ഇടപെടൽ കൂടാതെ നേരിട്ട്‌ ഗ്രാമത്തിന്റെ വികസനത്തിനാവശ്യമായ പരിപാടികൾ നടപ്പിലാക്കണം. സ്വയംപര്യാപ്‌തതയിലേക്ക്‌ ഉയർന്നുപോകാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കണം. ഇവരെ എല്ലാവിധത്തിലുമ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ഗവൺമെന്റ്‌ സന്നദ്ധമാകും. ഒരു ഗ്രാമത്തിന്റെ സൗഹൃദമായ പ്രവർത്തനങ്ങൾക്ക്‌ ഒരു കൺവീനർ ഉണ്ടായിരിക്കണം. ഈ കൺവീനർ ആണ്‌ യഥാർത്ഥ ഗ്രാമസേവകൻ. ഈ പ്രവർത്തനത്തിലൂടെ ഗ്രാമവാസികളുടെ ഇടയിൽ ഐക്യവും സ്‌നേഹവും സാഹോദര്യവും ഉണ്ടാക്കിയെടുക്കണം. ഇങ്ങനെ കുടുംബകലഹങ്ങൾ ഇല്ലാത്ത സ്വയം പര്യാപ്‌തമായ സ്‌നേഹവും സാഹോദര്യവും പുലരുന്ന സൗഹൃദഗ്രാമങ്ങളായി മാറ്റുകയാണ്‌ നമ്മുടെ ലക്ഷ്യം.

Generated from archived content: essay4_july_05.html Author: pn_panikkar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here