ഏറ്റവും നല്ല ലക്ഷ്യത്തോടെയും മാനവികതയോടെയും ബുദ്ധിശക്തിയോടെയും നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾപോലും അങ്ങനെയല്ലാതാക്കുന്നവിധം നൂലാമാലകൾ നിറഞ്ഞതാക്കി തീർക്കുന്നുവെങ്കിൽ ആ സംവിധാനത്തെ ‘ബ്യൂറോക്രസി’ എന്നുപറയാം എന്നാണ് ആ വാക്കിനെക്കുറിച്ചുളള നിർവ്വചനത്തിൽ കാറൽ മാക്‌സ് പറഞ്ഞത്. വാസ്‌തവത്തിൽ അതേറ്റവും കൂടുതൽ യോജിക്കുന്ന നമ്മുടെ ഭരണ സംവിധാനത്തിൽ തന്നെയാവും. ഒരു കാര്യം എങ്ങനെ നടപ്പിലാകരുത് എന്നതിൽ ഗവേഷണം നടത്തുന്നവരാണ് നമ്മുടെ സെക്രട്ടറിയേറ്റിലും മറ്റുമുളള ആസ്ഥാന ബുദ്ധിജീവികൾ. നമ്മുടെയൊക്കെ ജീവിതത്തിൽ നല്ലൊരു പങ്ക് സർക്കാരാഫീസുകളുടെ തിണ്ണനിരങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു. പഞ്ചായത്താഫീസിൽ നിന്ന് ഒരു ജനന മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനും ചെറുകിട തൊഴിൽശാലക്കുവേണ്ടിയുളള രജിസ്‌ട്രേഷനു കിമ്പളവും പിന്നെ ‘കഴുതക്കാലും’ പിടിക്കാൻ നിർബന്ധിതരാവുന്നു പാവം പൊതുജനം. എൺപത്തഞ്ചു ശതമാനം വരുന്ന അസംഘിടതരായ ഈ മഹാഭൂരിപക്ഷം നൽകുന്ന നികുതി വരുമാനം കൊണ്ടാണ് വെറും 5% വരുന്ന ഈ ഉദ്യോഗസ്ഥവൃന്ദത്തെ തീറ്റിപോറ്റുന്നതെന്ന സത്യം ഇവർ മറന്നുപോകുന്നു. എല്ലാവരും അഴിമതിക്കാരും ദുർമാർഗ്ഗികളും എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ഭൂരിപക്ഷം വരുന്ന അഴിമതിക്കാരുടെ ഇടയിൽ ഇവരുടെ സാന്നിദ്ധ്യം അറിയാതെ പോകുന്നു. അതുകൊണ്ടാവാം ആന്റണി സർക്കാരിന്റെ കാലത്ത് ‘ശമ്പള നിഷേധത്തി’നെതിരെ ഉദ്യോഗസ്ഥ സംഘടനകൾ നടത്തിയ സമരം ബഹുജന പിന്തുണ നേടാതെ പോയത്. ഒരു ‘സീപ്പർ’ ഉദ്യോഗത്തിനുവേണ്ടിയെങ്കിലും ബിരുദധാരികൾ ക്യൂ നിൽക്കുന്ന അതിദയനീയ കാഴ്‌ചയും അന്നു നാം കണ്ടു. ബഹുഭൂരിപക്ഷം വരുന്ന കർഷകരും തൊഴിലാളികളും വറുതിയുടെ ‘നെല്ലിപലക’ കാണുമ്പോഴും സമൂഹത്തോട് യാതൊരു ബാദ്ധ്യതയുമില്ലാതെ പെരുമാറുന്ന യു.ജി.സികളുടെ ധാർഷ്‌ട്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം അഴിമതിയും വർഗ്ഗീയതയുമാണ്. ഏത് മേഖലയിലേയും വിഭവശേഷിയാൽ സമ്പന്നമായ ഭാരതത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് അഴിമതിനിർമ്മാർജ്ജനം അനിവാര്യമാണ്. എൺപത് ശതമാനത്തോളം ഗ്രാമങ്ങളുളള ഇന്ത്യയെക്കുറിച്ച്, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ പ്രഖ്യാപനം എത്ര വാസ്‌തവമാണ്. കർഷകരും കൈത്തറി തൊഴിലാളികളുമടങ്ങുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാതെ മെച്ചപ്പെട്ട ഇന്ത്യ സാദ്ധ്യമല്ല തന്നെ. രണ്ടായിരത്തി ഇരുപതിൽ ലോകത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന രണ്ട് വൻശക്തികളാവും ഇന്ത്യയും ചൈനയുമെന്ന ലോകമെങ്ങുമുളള സാമ്പത്തിക വിദഗ്‌ദ്ധരുടെയും രാഷ്‌ട്രതന്ത്രജ്ഞൻമാരുടെയും പ്രവചനം യാഥാർത്ഥ്യമാകണമെങ്കിൽ 80% ലേറെ വരുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ ഉന്നമനം സാധ്യമാകണം. ഒരു പ്രഭാഷണത്തിൽ ആദരണീയനായ നമ്മുടെ രാഷ്‌ട്രപതി അഴിമതിയും വർഗ്ഗീയതയും അവസാനിപ്പിക്കാൻ ഒരു ത്രിതല പദ്ധതിക്കു കഴിയുമെന്നും അതിനല്ലാതെ ഭരണകൂടത്തിനോ നിയമപാലകർക്കോ അതിനു കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. അച്‌ഛൻ, അമ്മ, അദ്ധ്യാപകർ എന്നിവരാണ് മേൽപറയപ്പെട്ട ത്രിതല സംവിധാനം. തീർച്ചയായും ഉന്നതമൂല്യങ്ങളുളള വ്യക്തിത്വങ്ങൾ രൂപം കൊളളുന്നത് നമ്മുടെ കുടുംബങ്ങളിലാണ്. പിന്നെ നമ്മെ സ്വാധീനിക്കാൻ കഴിയുന്നത് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന അദ്ധ്യാപകനും. മെച്ചപ്പെട്ടൊരു സമൂഹം കെട്ടിപടുക്കാൻ ഇവർക്കേ കഴിയൂ. അതിനു നാം ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
Generated from archived content: essay2_june_05.html Author: nishad_nettayam