ശാസ്‌ത്രം വളരുന്നു. വിപ്ലവാത്മകമായ മാറ്റങ്ങൾ ലോകത്തെമ്പാടും വന്നുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്‌തമേഖലകളിലുമ പുരോഗതി നേടി എന്ന് അഭിമാനിക്കുന്നു. എന്നാൽ പ്രശ്‌നങ്ങളുടെ എണ്ണം വർദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ആർക്കും ഒരു സമാധാനവും ഇല്ല. മനശാന്തിക്ക് അന്തർദാഹം കൊളളുകയാണ് ലോകം മുഴുവനും.
മനസ്സ്, വാക്ക്, പ്രവൃത്ത ഇതു മൂന്നുമാണല്ലോ സംസ്‌കരിക്കേണ്ടത്. മനോനിയന്ത്രണം കൊണ്ടുവേണം അവയുടെ ശുദ്ധീകരണം നടക്കേണ്ടത്. ത്രികരണ ശുദ്ധിയില്ലാതെ ആർക്കും ശാന്തി ലഭിക്കുകയില്ല.
എല്ലാം കലികാലദോഷം എന്നാണ് വിശ്വാസികൾ പരക്കെ പറയുന്നത്. കാലത്തിന് എന്ത് കലി? എന്തു ദോഷം? കാമക്രോധാദിദോഷങ്ങൾ കൊണ്ടാണല്ലോ എല്ലാവരും ദുഃഖിക്കുന്നത്.
നിങ്ങൾ എന്തു വിചാരിക്കുന്നുവോ അതായി തീരും എന്നു മനഃശാസ്‌ത്രജ്ഞന്മാർ പറയുന്നു. യൽഭാവയതി തൽഭവിഷ്യതി എന്ന് പണ്ടേ പറഞ്ഞുവരുന്നു. ഈശ്വരൻ, സ്വർഗ്ഗം, പിശാച്, നരകം എന്നിവയെല്ലാം വെറും സങ്കല്പങ്ങൾ മാത്രമല്ലെ? മനോദോഷങ്ങളെ ദുരീകരിച്ച് ശാന്തിയും സമാധാനവും നമ്മൾ തന്നെ മനസ്സിൽ വിളയിച്ചെടുക്കണം. അതിനുളള എളുപ്പമാർഗ്ഗമാണ് ധ്യാനം.
പ്രാർത്ഥനയും രൂപധ്യാനവും മന്ത്രജപവും വിഗ്രഹാരാധനയുമൊന്നുമല്ല ധ്യാനം. വാക്കിനെ അടക്കുന്നത് മൗനം. മനസ്സിനെ അടക്കുന്നത് ധ്യാനം. എന്നു ലളിതമായി പറയാം. അതെല്ലാവർക്കും മനസ്സിലാകും. വേണ്ടാത്ത വിഷയങ്ങളിൽ സദാ ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ അതിൽനിന്ന് മടക്കി എടുത്ത് തന്നിൽതന്നെ സ്വസ്ഥമാക്കുക. അപ്പോൾ മനസ്സിന് ശുദ്ധിയും ശാന്തിയും ലഭിക്കും. മനസ്സ് പ്രസന്നമാകും. മനസ്സ് പ്രസന്നമായാൽ എല്ലാ ദുഃഖവും ശമിച്ച് മനഃസമാധാനം ലഭിക്കും. പ്രസാദേ സർവ്വദുഃഖാനാം ഹാനി എന്നു ഗീതയും പറയുന്നു.
Generated from archived content: essay1_may7.html Author: nirmalananda_yogi