എൻജിനിയറിംഗ് മെരിറ്റ്‌സീറ്റിൽ അവസാന റാങ്ക്‌കാരന് ശേഷവും ഒഴിവുകളേറെ എന്ന് പത്രവാർത്ത. വൈദ്യശാസ്‌ത്രരംഗത്തും ഇത്തരം വാർത്ത. ഗ്രാമങ്ങളിൽ ആഴ്‌ചയിൽ ഒരുദിവസം എങ്കിലും അമ്മികൊത്താനുണ്ടോ? ഈയം പൂശാനുണ്ടോ? തുടങ്ങി ഏതെങ്കിലും ജീവിതഗന്ധിയായ ശബ്‌ദം കേൾക്കാതിരിക്കാനാവില്ല. ദിശാബോധമില്ലാത്ത പ്രൊഫസണൽ വിദ്യാഭ്യാസരംഗം ഇങ്ങനെ പോയാൽ നമ്മുടെ പ്രൊഫഷണിസ്‌റ്റുകൾ ഉപഭോക്താക്കളെ തേടിവരുന്നകാലം വിദൂരമല്ല. വീടുവയ്‌ക്കാനുണ്ടോ? കമ്പി മുറിക്കാനുണ്ടോ? കോൺക്രീറ്റ് കുഴയ്‌ക്കാനുണ്ടോ? ടിവി നന്നാക്കാനുണ്ടോ? തുടങ്ങിയ ദയനീയരോദനങ്ങളുമായാണ് എൻജിനിയറിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നതെങ്കിൽ പല്ലുപറിക്കാനുണ്ടോ? ത്വക്ക് രോഗങ്ങളുണ്ടോ? ഗർഭിണികളുണ്ടോ? കുരുടന്മാരുണ്ടോ? ഇത്യാദി രോദനങ്ങളുമായിട്ടായിരിക്കും മെഡിക്കൽരംഗത്തെ വിദഗ്‌ദ്ധർ സമീപിക്കുക. കുത്തിവയ്‌ക്കാനുണ്ടോ? മലം പരിശോധിക്കാനുണ്ടോ? മൂത്രം പരിശോധിക്കാനുണ്ടോ? തുടങ്ങിയ രോദനങ്ങളുമായിട്ടായിരിക്കും മറ്റൊരു വിഭാഗം സമീപിക്കുക. നമ്മുടെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗം ഇത്രയ്‌ക്ക് അധഃപതിക്കണോ? ഇനിയും നമ്മുടെ ഉച്ചിയിൽ വെളിച്ചമുദിക്കാൻ സമയമായില്ലേ?
Generated from archived content: essay1_nov.html Author: mullur_surendran