ഇനിയുമൊരു ജന്മമുണ്ടെങ്കിൽ

ബസുടമകളുടെ ഇപ്രാവശ്യത്തെ സമരം പണ്ട്‌ രാമൻമാഷ്‌ ചെക്കാമുഹാജിക്ക്‌ രാജി കൊടുത്തപോലെയായി. പലതവണ സൂചിപ്പിച്ചിട്ടും ശമ്പളം കൂട്ടിക്കൊടുക്കാത്തതിനാൽ പലരും ഉപദേശിച്ച പ്രകാരം മാഷ്‌ ആവശ്യങ്ങളും പ്രാരാബ്‌ധങ്ങളുമെല്ലാം കുത്തിനിറച്ച്‌ രാജി നൽകിയപ്പോൾ കത്തിനടിയിൽ ഒരു എൻ.ബി കൂടി ചേർത്തുവത്രെ. ‘അഥവാ, ശമ്പളവർദ്ധന തരാനുദ്ദേശ്യമില്ലെങ്കിൽ, ഇപ്പോഴത്തെ ശമ്പളത്തിന്‌ തന്നെ ജോലിചെയ്യാൻ തയ്യാറാണ്‌.’

ബസ്‌ചാർജ്‌ വർദ്ധിപ്പിച്ചില്ലെങ്കിലും ഒരു നല്ലകാര്യം സർക്കാർ വേറെ ചെയ്‌തല്ലോ. പാവം എം.എൽ.എമാരുടെ പെൻഷൻ കേവലം 50 സെക്കന്റ്‌ കൊണ്ടല്ലേ 12,500ൽ നിന്നും 17,500 രൂപ ആക്കാൻ ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ തീരുമാനിച്ചത്‌. ദീർഘകാലമായി കഷ്‌ടപ്പാടനുഭവിക്കുന്ന ദരിദ്ര വിഭാഗമാണ്‌ ജനപ്രതിനിധികളുടേത്‌. മറ്റാരും തിരിഞ്ഞുനോക്കാൻ ഇല്ലാത്തതുകൊണ്ട്‌ സ്വയംതന്നെ ഇത്‌ ചെയ്യുകയല്ലാതെ അവർക്ക്‌ നിവൃത്തിയില്ലല്ലോ. ഓരോ ജനപ്രതിനിധിയും നാടിന്‌ ചെയ്യുന്ന സേവനങ്ങളും അതിന്റെ പേരിൽ എ.സി.കാറിൽ തലങ്ങും വിലങ്ങും ഓടിയും സ്‌റ്റാർ ഹോട്ടലുകളിൽ അന്തിയുറങ്ങിയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താൽ, ഇപ്പോഴത്തെ വർധന തീരെ അപര്യാപ്‌തമാണെന്ന്‌ ഏത്‌ നിഷ്‌പക്ഷമതിക്കും അഭിപ്രായമില്ലാതിരിക്കില്ല. സ്വദേശത്തിന്‌ എങ്ങനെ അഭിവൃദ്ധി വരുത്താമെന്ന്‌ പഠിക്കാൻ ഇടയ്‌ക്കിടെ പല വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ആയുസ്സിന്റെ സിംഹഭാഗവും വിനിയോഗിക്കേണ്ടിവരുന്നവർ ജീവിതം ആസ്വദിക്കുകയാണെന്ന്‌ കുബുദ്ധികൾക്കേ തോന്നൂ. യഥാർത്ഥത്തിൽ, രാജ്യത്തിനും ജനങ്ങൾക്കുംവേണ്ടി ജീവിതം ഹോമിക്കുന്ന ഈ നേതാക്കൾക്ക്‌, മക്കളെ ഇതേ തൊഴിലൊന്ന്‌ പരിശീലിപ്പിച്ച്‌ ഒരു സ്ഥാനത്തെത്തിക്കുമ്പോഴേക്കും വിശ്രമിക്കാൻപോലും നേരം കിട്ടാറില്ല.

മൂന്ന്‌ ദശകത്തിലേറെ സർക്കാരിനെ സേവിച്ചവർക്ക്‌ ലഭിക്കാത്തത്ര തുക, ആയുസ്സിലൊരിക്കൽ അര ടേമോ മുക്കാൽ ടേമോ സേവിച്ച ജനപ്രതിനിധികൾക്ക്‌ നൽകുന്നത്‌ ശരിയല്ല എന്ന്‌ ഉദ്യോഗസ്ഥ വിഭാഗം പറയുന്നത്‌ അസൂയ കൊണ്ടാണ്‌. കുഴിയിലേക്ക്‌ കാല്‌ നീട്ടിയശേഷവും രാഷ്‌ട്രത്തിനെറ കാര്യം വിചാരിച്ച്‌ സ്ഥാനത്ത്‌ തുടരുകയും വിദേശത്ത്‌ കുടുംബസമേതം പോയി ചികിത്സ നടത്തിയിട്ടും സേവനം പൂർത്തിയാക്കാൻ കഴിയാത്ത ദുഃഖഭാരത്തോടെ മരണപ്പെടുകയും ചെയ്യുന്നവരാണ്‌ നമ്മുടെ ഒട്ടുമിക്ക നേതാക്കളുമെന്നാർക്കാണറിയാത്തത്‌? അതുകൊണ്ടല്ലേ, ഇപ്പോൾ മരണപ്പെട്ട ജനപ്രതിനിധികളുടെ മക്കൾക്കും പെൻഷൻ തുക ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്‌തത്‌. വാസ്‌തവത്തിൽ, ഇതുമാത്രം പോരെന്നും ചുരുങ്ങിയത്‌ ഒരു പത്ത്‌ ഏക്കർ വീതം റബർതോട്ടവും ഒരു രണ്ടായിരം സ്‌ക്വയർ ഫീറ്റിൽ ഓരോ ഫ്‌ളാറ്റും കൂടി ആശ്രിതർക്ക്‌ നൽകാൻ വ്യവസ്ഥ ചെയ്യേണ്ടതായിരുന്നുവെന്നാണ്‌ ഈ വിനീതന്റെ അഭിപ്രായം.

ഇനി ഒരു ജന്മമുണ്ടെങ്കിൽ, എൽ.എൽ.എയോ എം.പിയോ ഒന്നുമായില്ലെങ്കിൽ, അവരിലൊരുവന്റെ സന്തതിയായി ജനിക്കാനെങ്കിലും വിധിയാക്കണേ പടച്ചവനേ!

Generated from archived content: essay2_oct25_05.html Author: m_khalid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English