ആരോഗ്യത്തിനു പറ്റിയ ഗുണമുളള ഭക്ഷണമേത്? ഏറെ ആശയക്കുഴപ്പം നിലനിൽക്കുന്ന ഒരു വിഷയമാണിത്. അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയതായിരിക്കണം സമീകൃതാഹാരം എന്നു പൊതുവായി പറയാം. ശരിയായ ഭക്ഷണം ചയാപചയം മൂലമുണ്ടാകുന്ന രക്തത്തിലെ വിഷസങ്കലനം ഒഴിവാക്കുകയും ശരീരത്തെ രോഗസന്ധികളിൽ നിന്നു മാറ്റി നിർത്തുകയും ചെയ്യുന്നു. ജീവൻ ഭക്ഷണത്തിനു മാത്രമേ ശാരീരിക-മാനസികാരോഗ്യം നിലനിർത്തുവാൻ സാധിക്കുകയുളളൂ. ഭക്ഷണത്തിൽ നിന്നും ചൂടും പ്രവർത്തനശക്തിയും ലഭിക്കും എന്ന വാദത്തോടു പ്രകൃതി ചികിത്സകള പൂർണ്ണമായും യോജിക്കുന്നില്ല. കോശ തോയ്‌മാനത്തെ പരിഹരിക്കുന്നു എന്നതാണ് ഭക്ഷണം ചെയ്യുന്നത്. ജനവാസമില്ലാത്ത ഗുഹകളിലും ഹിമാലയ സാനുക്കളിലും കഴിഞ്ഞുപോന്ന ധ്യാനശീലരായ യോഗികൾ കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെതന്നെ ഉയർന്ന ചിന്താശക്തിയും പ്രവർത്തനക്ഷമതയും പ്രകടിപ്പിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ജീവൽ ഭക്ഷണമെല്ലാം പ്രകൃതിദത്തവും പൂർണ്ണവുമായിരിക്കും. അവയിൽ നാരുകൾ, ജലാംശം എന്നിവ കൂടുതൽ കാണാം. വേഗത്തിൽ ദഹിക്കുന്നതുമായിരിക്കും. ജീവൽ ഭക്ഷണം കഴിക്കുന്നവരിൽ വിസർജ്ജന പ്രക്രിയ ഊർജ്ജസ്വലമായിരിക്കും. പക്ഷേ ആധുനിക മനുഷ്യൻ മൃതഭക്ഷണം കഴിക്കുന്നു എന്നു മാത്രമല്ല, അമിതമായി കഴിക്കുകയും ചെയ്യുന്നു. ഇതു ദോഷങ്ങളെ ത്രിഗുണീഭവിക്കുന്നു.
ധാതുലവണങ്ങളും ജീവകങ്ങളും നാരുകളുമുളള ജീവൽ ഭക്ഷണം ഏതൊക്കെയാണ്? പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവയെല്ലാം തന്നെ ജീവൽഭക്ഷണങ്ങളാണ്. പക്ഷേ ഒന്നാം സ്ഥാനം പച്ചക്കറികൾക്കു നൽകണം. പഴങ്ങൾക്കു രണ്ടാം സ്ഥാനവും, തവിടു കളയാത്ത ധാന്യാഹാരത്തിനു മൂന്നാം സ്ഥാനവും മുളപ്പിച്ച പയർവർഗ്ഗങ്ങൾക്ക് നാലാം സ്ഥാനവും കൊടുക്കണം. എന്നാൽ പഴങ്ങളും പച്ചക്കറികളും ഇന്ന് ഏറെ വിഷപ്രയോഗം കഴിഞ്ഞാണ് വരുന്നത്. ദുഷിച്ച രാസവളങ്ങളും മാരകമായ കീടനാശിനിയും കൃത്രിമമായി സസ്യവളർച്ച ത്വരിതപ്പെടുത്തി അത്യുൽപാദനം സാധിക്കുന്നു. പ്രകൃതിസിദ്ധമായ രീതിയിൽ ഉണ്ടാക്കുന്ന പച്ചക്കറികളുടെ സ്വാദോ, ഗുണമോ കൃത്രിമമായി ഉണ്ടാക്കുന്നവയ്‌ക്കുണ്ടാവില്ല. വില്‌പനയ്‌ക്കു വയ്‌ക്കുമ്പോൾ കേടുവരാതിരിക്കാനും പ്രാണിശല്യം ഇല്ലാതെ നോക്കുവാനും ഉപയോഗിക്കുന്ന അനുനാശിനികൾ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു. ഉപ്പിട്ട ചൂടുവെളളത്തിൽ ഒന്നോ രണ്ടോ മണിക്കൂർ നേരം മുക്കിവെച്ചു കഴുകി എഴുക്കുക എന്നതു മാത്രമേ പ്രശ്‌നപരിഹാരമായുളളു. ജൈവകൃഷിക്കാരുടെ പ്രവർത്തനങ്ങളും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
അതേസമയം മൃതഭക്ഷണം ശരീരത്തിൽ വിഷാംശത്തിന്റെ ആധിക്യം സൃഷ്‌ടിക്കുന്നു. ശരീരത്തിൽ കെട്ടിക്കിടപ്പുളള അവിശുദ്ധ വസ്‌തുക്കളെ തളളിക്കളയാനുളള ശക്തിയും മൃതഭക്ഷണത്തിനില്ല. രോഗത്തിന്റെ വിത്തു പാകാൻ ഇതു കാരണമാകുന്നു. മത്സ്യമാംസാദികൾ, കൃത്രിമപാനീയങ്ങൾ, എണ്ണ അടങ്ങിയ ഭക്ഷണം, പഞ്ചസാര, മൈദ കൊണ്ടുണ്ടാക്കുന്ന ആഹാരപദാർതഥങ്ങൾ, സോഡാക്കാരം ചേർത്ത ഭക്ഷണം, പഴകിയ ഭക്ഷണസാധനങ്ങൾ, നിറംചേർത്ത ഭക്ഷ്യവസ്‌തുക്കൾ, ഫാസ്‌റ്റ് ഫുഡ് (ബെർഗർ, പിസ്സ, പോട്ട് ഡോഗ്‌സ് മുതലായവ) ഇവയെല്ലാംതന്നെ മൃതഭക്ഷണങ്ങളിൽപെടുന്നു. അമിതമായി ചേർക്കുന്ന ഉപ്പും എരിവും പുളിയും മസാലയും നല്ല ഭക്ഷണങ്ങളെപ്പോലും മൃതഭക്ഷണമാക്കുന്നു. നല്ല ഭക്ഷണം എപ്പോഴും കവിഞ്ഞ എരിവോ, പുളിയോ കലർന്നതായിരിക്കില്ല. സ്വാദ് വർദ്ധിപ്പിക്കാൻ ചേർക്കുന്ന എല്ലാത്തരം കൃത്രിമവസ്‌തുക്കളും രോഗസാധ്യത കൂട്ടുന്നു. തെറ്റായ ആസക്തി ഈ ഭക്ഷണവസ്‌തുക്കൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യവും ദീർഘായുസ്സും കാംക്ഷിക്കുന്നവർ സാത്വികാഹാരം തന്നെ വേണം തിരഞ്ഞെടുക്കാൻ. മിതമായ സ്വാദും കടുംരസങ്ങളുടെ അഭാവവുമാണ് ഇവയുടെ പ്രത്യേകത-രോഗാദിദോഷങ്ങളെ ചെറുക്കാൻ സാത്വികാഹാര രീതിക്കു സാധിക്കും. ഈവിധം ഭക്ഷിക്കുന്നവരുടെ ശരീരത്തിനു പ്രവർത്തനം കൊണ്ടുണ്ടാക്കുന്ന തേയ്‌മാനം കുറവായിരിക്കും. വളരെ കുറഞ്ഞ ആഹാരം കൊണ്ട് ഇത്തരക്കാർ ഉയർന്ന ആരോഗ്യ നിലവാരം പുലർത്തും. ഉന്നതാദർശവും അനിന്നനുഗുണമായി ഇവർക്കും കിട്ടാവുന്നതാണ്.
80% ക്ഷാരഗുണവും 20% അംലഗുണവും ഉളള ഭക്ഷ്യവസ്‌തുക്കൾ വേണം തിരഞ്ഞെടുക്കുന്നത്. ഈ തോത് നിലനിറുത്തിയില്ലെങ്കിൽ അതു രോഗകാരണമാകും.
കാലഭേദങ്ങളും ഭക്ഷണക്രമവും
കടുത്ത ചൂടുളള വേനൽക്കാലത്ത് കരിക്ക്, പഴവർഗ്ഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, പുളിക്കാത്ത മോര്, തേൻ, വെളളം എന്നീ ജലാംശം കൂടുതലുളള ഭക്ഷ്യപേയങ്ങൾ ധാരാളം ഉൾക്കൊളളിക്കണം. വിയർപ്പിലൂടെ ജലാംശവും ധാതുലവണങ്ങളും ധാരാളം നഷ്‌ടപ്പെടുവാൻ സാധ്യതയുണ്ട് എന്ന വസ്‌തുത ഓർക്കണം. ഉപ്പ് വളരെ കുറയ്‌ക്കുകയോ, ഒഴിവാക്കുകയോ ചെയ്യണം. കഠിനാദ്ധ്വാനം ഒഴിവാക്കുക വഴി ഒരു പരിധിവരെ ജലനഷ്‌ടം നികത്താം. മഴക്കാലത്ത് ഭക്ഷണത്തിന്റെ ശുചിത്വകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. അല്‌പം ചൂടോടുകൂടി ഭക്ഷണം കഴിക്കുക. പ്രകൃതി ചികിത്സകരുടെ ജാപ്പിയും ഇളംചൂടുളള ചെറുനാരങ്ങാനീരും ഇടയ്‌ക്കു കുടിക്കുന്നതിൽ തെറ്റില്ല. തണുപ്പു കാലത്തുണ്ടാകാൻ സാധ്യതയുളള ദഹനപ്രശ്‌നങ്ങളെ നേരിടാൻ ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു കഴിക്കുക. ഭക്ഷണത്തിനിടയിൽ വെളളം കുടിക്കുന്നതും അഭിലക്ഷണീയമല്ല. ദഹനനീരുകൾ നേർപ്പിക്കുക വഴി ഭക്ഷണം ജീർണ്ണിക്കുകയും വേണ്ട രീതിയിൽ ദഹനം നടക്കാതെ വരികയും ചെയ്യുന്നു.
Generated from archived content: essay6_july_05.html Author: kalyan_ulpalakshan
Click this button or press Ctrl+G to toggle between Malayalam and English