ഭാരതം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു, ശാസ്‌ത്രത്തിലും കച്ചവടത്തിലും കൃഷിയിലും വിദ്യാഭ്യാസത്തിലും ഒപ്പം വഞ്ചനയിലും ചൂതാട്ടത്തിലും മാംസദാഹത്തിലും കൃത്രിമത്വത്തിലും ചൂഷണത്തിലും മറ്റും മറ്റും. ഇതിനെ നിയന്ത്രിക്കുവാൻ അന്വേഷണസമിതികളും പോലീസ് തലപ്പത്ത് അഴിച്ചു പണികളും അധികാര കസേരകളിൽ മത്സരവും എല്ലാം കൊണ്ടുപിടിച്ചു നടത്തുന്നു. പക്ഷേ ഇതിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുവാൻ ആരും മിനക്കെടാറില്ല എന്നതാണ് സത്യം. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലത്തോളം ഇതിനൊരിക്കലും പരിഹാരം ഉണ്ടാകില്ല. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെങ്കിൽ അവന്റെ മനസ്സ് വികസിക്കണം. സാരഗ്രാഹ്യ വിപ്ലവത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. ഇവിടെയാണ് ലോകോപകാരത്തിനും സാംസ്‌കാരികാഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്ന സിദ്ധാശ്രമത്തിന്റെ അദ്ധ്യക്ഷൻ നിർമ്മലാനന്ദയോഗിവര്യന്റെ പ്രസക്തി.
വരണ്ടുണങ്ങി വിണ്ടപാടങ്ങളിലേക്ക് ഒലിച്ചിറങ്ങുന്ന നീർച്ചാലുകളുടെ ഉത്ഭവസ്ഥാനമാണ് സിദ്ധാശ്രമത്തിലെ നിർമ്മലാനന്ദയോഗിവര്യൻ. അഭിലാഷങ്ങളുടെ ഭാണ്‌ഡക്കെട്ടുകളുമായി സുഖനിർവൃതിയുടെ സോപാനങ്ങൾ തേടി അലയുകയാണ് മനുഷ്യൻ. സ്ഥായിയായ സുഖമന്വേഷിക്കുന്നവർ വെണ്ണ കയ്യിൽവച്ചുകൊണ്ട് നെയ് അന്വേഷിക്കുന്നവരാണ്. അവരവരുടെ മനസ്സ് തന്നെയാണ് സുഖത്തിന്റെ ഉത്ഭവസ്ഥാനം. മനസ്സ് ഏകാഗ്രതയിലൂടെ സ്വസ്ഥത പ്രാപിച്ചാൽ മാത്രമേ യഥാർത്ഥ സുഖം അനുഭവിക്കാൻ കഴിയൂയെന്ന് നിർമ്മലാനന്ദയോഗിവര്യൻ നമ്മെ പഠിപ്പിക്കുന്നു. “സന്തുഷ്‌ട ജീവിത”ത്തിലൂടെ നിർമ്മലാനന്ദയോഗിവര്യൻ ഹിംസയും ചൂഷണവും തട്ടിത്തെറിപ്പിച്ച് സദ്ധർമ്മ കർമ്മനിരതരായി മുന്നോട്ട് പോകുവാൻ ആഹ്വാനം ചെയ്യുന്നു. “ഒരു ഏകലോക സാഹോദര്യം ആണ് നാം സാധിക്കേണ്ടത്. ഒന്നാകൂ ഒന്നായാലേ നന്നാകൂ” എന്ന സന്ദേശം ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ കാഹളമാണെന്നോർക്കുക.
ഉടുമുണ്ട് മുറുക്കിക്കെട്ടി ആചാരങ്ങൾക്കും അനാചാരങ്ങൾക്കും മുറതെറ്റാതിരിക്കാൻ എരിപിരികൊളളുന്ന പട്ടിണിക്കോലങ്ങളുടെ നാടാണ് ഭാരതം. ഇത്തരം അന്ധവിശ്വാസങ്ങളുടെ ചിലന്തിവലകളിൽ കുരുങ്ങി സ്വന്തം രക്തം അന്യർക്ക് ഊറ്റിക്കുടിക്കുവാൻ അവസരങ്ങൾ നല്‌കാതെ ആ വലകളെ തച്ചുടയ്‌ക്കുവാൻ നമ്മെ പഠിപ്പിക്കുന്ന ഗുരുകുലമാണ് സിദ്ധാശ്രമം. “മനുഷ്യന്റെ ശക്തി മറ്റെല്ലാ മേഖലകളിലും വളർന്നിട്ടുണ്ട് മനസ്സിന്റെ മേൽ മാത്രം ഇല്ല” നിർമ്മലാനന്ദയോഗി നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. അവരവരുടെ കഴിവുകൾ വളർത്താൻ അവരവർതന്നെ പരിശ്രമിക്കണം. അതിന് മനോനിയന്ത്രണം അത്യാവശ്യമാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ശരവേഗത്തിൽ പായുകയാണ് മനുഷ്യന്റെ മനസ്സ്. ഇതിനെ നിയന്ത്രിക്കുവാൻ തത്വശാസ്‌ത്രങ്ങളും പുസ്‌തകങ്ങളും വായിച്ചതുകൊണ്ടോ മതവിശ്വാസിയായി ജീവിച്ചതുകൊണ്ടോ കഴിയില്ല. യോഗോയുക്തമായ ജീവിതം കൊണ്ട് മാത്രമേ മനസ്സിനേയും മസ്‌തിഷ്‌കത്തേയും പെരുമാറ്റത്തേയും അതുവഴി ജീവിതത്തേയും നിയന്ത്രിക്കുവാൻ സാധിക്കുകയുളളൂ. മനസ്സ് ഏകാഗ്രതയിലൂടെ സ്വസ്ഥതപ്രാപിച്ചാൽ മാത്രമേ യഥാർത്ഥ സുഖം കണ്ടെത്താനാകൂ. മനോജയമാണ് ജീവിതവിജയത്തിനാവശ്യം. ഈ സന്ദേശങ്ങളിലൂടെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാനും മാതൃരാജ്യത്തോടുളള സ്‌നേഹവും ബഹുമാനവും പൗരധർമ്മവും വളർത്താനും അതിലൂടെ ലോകോദര സാഹോദര്യം സാധിക്കാനും കഴിയും. “മോക്ഷപ്രദീപ”വും “സന്തുഷ്‌ടജീവിത”വും “സാരഗ്രാഹി”യും ഏതൊരാൾക്കും മനസ്സ് നന്നാക്കാനും അതുവഴി സ്വയം നന്നാവാനും സഹായിക്കും.
Generated from archived content: essay9_july_05.html Author: kallambalam_vijayan
Click this button or press Ctrl+G to toggle between Malayalam and English