നിൽക്കൂ, ശ്രദ്ധിക്കൂ! മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ഇവിടേക്ക് കടക്കരുത്! പുകവലിക്കയുമരുത്! ലോകം ഒരു തറവാടാകണം. ജാതികളും മതങ്ങളും ദൈവങ്ങളും സംഘടനകളും തറവാടിന് തടസങ്ങളാണ്. പ്രകൃതിയെ അറിയുക, സത്യം കണ്ടെത്തുക സസ്യാഹാരം ശീലമാക്കുക. മണ്ണിൽ പണി എടുത്ത് ആരോഗ്യം നിലനിർത്തുക. ഇത്തിൾ കണ്ണികൾ ആകാതിരിക്കുക. ജോത്സ്യം സത്യമല്ല. ശാസ്ര്തമല്ല. വൈദ്യപരിശോധന നടത്തി വിവാഹപ്പൊരുത്തം നിശ്ചയിക്കുക. ശാസ്ര്തീയ സത്യം അംഗീകരിക്കുക. വ്യഭിചാരം അനാരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കും. സ്ര്തീകളേക്കാൾ പുരുഷന്മാരിലാണ് വ്യഭിചാരിക്കുവാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നത്. വ്യഭിചാരി എന്ന പദം സ്ര്തീകൾക്ക് മാത്രമായി ഭൂഷണമാക്കിയത് പുരുഷമേധാവിത്തമാണ്. സത്യം പറയണം, സത്യം അറിയാനുള്ള മനസാണ് എല്ലാവർക്കുമുള്ളത്. ശാസ്ര്തം സത്യമാണ് ദുരാചാരങ്ങളെ തുടച്ചുമാറ്റുക. ജാതിയും മതവും ദൈവവും മനുഷ്യന്റെ സൃഷ്ടികളാണ്. മദ്യം മിഥ്യാബോധം ഉണ്ടാക്കും, മദ്യം ആരോഗ്യം നശിപ്പിക്കും. പുകവലി നിങ്ങൾക്കും നിങ്ങളുടെ സഹജീവികൾക്കും മാരകമായ രോഗങ്ങൾ ഉണ്ടാക്കും. മെൽസത്തെ (MELSM) (മാക്സ്, ഏങ്കൽസ്, ലെനിൻ, സ്‌റ്റാലിൻ, മാവോ) സാംസ്‌കാരിക സംഘത്തെ അറിയാൻ മേൽപ്പറഞ്ഞ വാക്കുകൾ സഹായിക്കും. 65 വയസ്സ് കഴിഞ്ഞ ആരോഗ്യദൃഡഗാത്രനായ മെൽസം ചന്ദ്രേട്ടനെ അറിയാനും ഇവ ചൂണ്ടുപലകകളാണ്. പോരാത്തവർക്ക് എല്ലാ മാസത്തിലും രണ്ടാം ഞായറാഴ്‌ച നടക്കുന്ന സ്വയംവരസംഗമത്തിലോ എല്ലാ മാസവും നാലാം ഞായറാഴ്‌ച നടക്കുന്ന ആരോഗ്യസംഗമത്തിലോ പങ്കെടുത്തോ, മെൽസത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് ലക്ഷങ്ങൾ നേടാൻ ആത്മാവോ ദൈവമോ ജ്യോത്സ്യമോ സത്യമാണെന്ന തെളിവുമായോ മെൽസത്തിലേക്ക് ആർക്കും കടന്ന് ചെല്ലാം, ചന്ദ്രേട്ടനെ കണ്ടറിയാം.
Generated from archived content: essay1_jun15_07.html Author: jayasreekala_jp