വസന്തത്തിന്റെ ഇടിമുഴക്കംഃ വൈസ്‌ചാൻസിലർ കസേരയിൽ ഡോഃകെ.എസ്‌.രാധാകൃഷ്‌ണൻ

ദാരിദ്ര്യം പാരമ്പര്യമായിക്കിട്ടിയ, സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം ആരായുന്ന പരിവർത്തനവാദിയായ രാഷ്‌ട്രീയക്കാരൻ, ഗാന്ധിയൻ, ദാർശനികൻ, മതനിരപേക്ഷകൻ, അദ്വൈത വേദാന്തി, വാഗ്‌മി, കവി, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, മികച്ച പന്ത്രണ്ടിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്‌, ഇന്ത്യൻ ജേർണൽ ഓഫ്‌ സയൻസ്‌&റിലീജിയൻസിന്റെ എഡിറ്റർ, കണ്ണൂർ മഹാത്മാഗാന്ധി സർവകലാശാലകളുടെ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗം, സാഹിത്യഅക്കാഡമി, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ റിസർവ്വ്‌ ഗൈഡ്‌, നവമാനവികത സ്വപ്‌നം കാണുന്ന സ്വതന്ത്രചിന്തകൻ തുടങ്ങിയ ഒട്ടേറെ നിലകളിൽ പ്രസക്തനായ ഒരു പോരാളിയെ സംസ്‌കൃത സർവകലാശാലയുടെ വൈസ്‌ ചാൻസിലർ ആയി നിയമിച്ചതാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ എണ്ണിപ്പറയാവുന്ന നല്ല തീരുമാനങ്ങളിലൊന്ന്‌.

അമ്പലങ്ങളിലോ ബിംബങ്ങളിലോ വിശ്വാസമില്ലാത്ത, ഈശ്വരൻ കാരുണ്യമാണെന്ന്‌ തിരിച്ചറിയുന്ന, ദാരിദ്ര്യമെന്തന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുളളൂ എന്നറിയുന്ന വി.സി. മുന്തിയ പരിഗണന നൽകേണ്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌ ഒരിക്കൽ സ്ഥിരനിയമനം കിട്ടിയപ്പോൾ ഇനി പട്ടിയില്ലാതെ ജീവിതം ജീവിച്ച്‌ തീർക്കാമെന്ന്‌ വ്യാമോഹിച്ച സർവകലാശാലയുടെ തുടക്കം മുതൽ തോട്ടിപ്പണിയുൾപ്പെടെ ചെയ്യുന്ന ജീവനക്കാരെ രക്ഷിക്കുക എന്നതാണ്‌. മറ്റൊന്ന്‌ സർവകലാശാലയുടെ ശക്തികേന്ദ്രങ്ങളായിരുന്ന പൂട്ടിയതും നിലവിലുളളതുമായ പ്രാദേശിക കേന്ദ്രങ്ങൾക്ക്‌ പുത്തനുണർവ്‌ നൽകുക എന്നതുമാണ്‌.

ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന്‌ ഉദ്‌ഘോഷിച്ച സഹോദരൻ അയ്യപ്പന്റെ നാട്ടിൽ സുകൃതികളായ സുകുമാരന്റെയും ലക്ഷ്‌മിക്കുട്ടിയുടെയും മകനായി 1954 ഒക്‌ടോബർ 31ന്‌ ജനിച്ച, രാഷ്‌ട്രീയക്കാരനെങ്കിലും കലക്കവെളളത്തിൽ മീൻ പിടിച്ച്‌ ശീലമില്ലാത്ത മണ്ണിന്റെ, കടലിന്റെ, ഭൂമിയുടെ പുത്രനായ ഡോ.കെ.എസ്‌.രാധാകൃഷ്‌ണൻ സഹധർമ്മിണി സൻമനസ്‌ക്കയായ ശ്രീകുമാരിയോടും മക്കളായ പ്ലസ്‌വൺ വിദ്യാർത്ഥിനി അശ്വതിയോടും, 8-​‍ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി രേവതിയോടും ഒപ്പം എറണാകുളം ചിറ്റൂർ കല്ലുമഠത്തിലും അസുരമായ വർത്തമാനകാലത്തെ ഭാസുരമായ വർത്തമാനകാലമാക്കാനുളള ചിന്തകളുമായി മല്ലടിക്കുന്നുണ്ടാവണം.

ഏറ്റവും പ്രായം കുറഞ്ഞ, ജനകീയ വൈസ്‌ ചാൻസിലർ എന്ന ഖ്യാതി നേടാനിടയുളള വൈസ്‌ചാൻസിലറുടെ മാനുഷികമുഖമുളള തീരുമാനങ്ങളിൽ കക്ഷിരാഷ്‌ട്രീയ നിറം കല്പിക്കാതെ സർവകലാശാല സമൂഹം ഒന്നിച്ച്‌ നിന്നാൽ ഇപ്പോൾ യു.ജി.സി.യുടെ പൂർണ്ണ അംഗീകാരം നേടിയ സംസ്‌കൃത സർവകലാശാല സാംസ്‌കാരികവിദ്യാഭ്യാസരംഗത്ത്‌ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്‌ടിക്കാതിരിക്കില്ല.

Generated from archived content: essay4_jan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here