പ്രിയ സുഹൃത്തേ,
അടുത്ത മുപ്പത് സെക്കന്റിനുളളിൽ ലോകത്തെവിടെയോ, ആരോ ഒരാൾ ആത്മഹത്യ ചെയ്യുന്നു. അന്നേരം പത്തുപേരെങ്കിലും ആത്മഹത്യയ്‌ക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പത്തിരട്ടിയോളം പേർ ആത്മഹത്യയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ എത്രയോ ഇരട്ടിയാളുകൾ അതിനെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നു! താങ്കളിതു വായിക്കാനെടുത്ത സമയത്തിനുളളിൽ എത്രപേർ സ്വയം ഹത്യ ചെയ്‌തിരിക്കുമെന്ന്, വെറുതെ….(വെറുതെയെങ്കിലും) ഒന്നു ചിന്തിക്കുക.
* ഇന്ത്യയിൽ ഒരുവർഷം ആത്മഹത്യ ചെയ്യുന്നവരുടെ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിൽ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്.
* തൃശൂർ, വയനാട്, ഇടുക്കി ജില്ലകളിലെ ആത്മഹത്യാനിരക്ക് വിദേശരാജ്യങ്ങളിലെ ആത്മഹത്യ നിരക്കിനൊപ്പമാണ്.
* ആത്മഹത്യയ്‌ക്ക് പ്രതിവിധി പ്രതിരോധം മാത്രം.
* കൃത്യസമയത്തുതന്നെ ശരിയായ ഇടപെടലുകൾകൊണ്ട് 85% ആത്മഹത്യകളെയും ഇല്ലായ്‌മ ചെയ്യാം.
* ആത്മഹത്യ ഒരൊറ്റ കാരണത്താൽ സംഭവിക്കുന്നില്ല.
* ആത്മഹത്യ ഒരു മാനസികരോഗമല്ല. വിഷാദരോഗികൾ മാത്രമല്ല ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യാനുളള തീരുമാനം നൈമിഷികമായി ഉണ്ടാവുന്നതല്ല.
നിങ്ങളെ, ചിന്തകൾ ആത്മഹത്യയിലേക്ക് നയിക്കുന്നുവെങ്കിൽ… ഞങ്ങളുടെ യഥോചിതമായ ഉപദേശം നിങ്ങളെ ആ കൃത്യത്തിൽ നിന്നും പിൻതിരിപ്പിക്കുമെങ്കിൽ ഞങ്ങൾ ധന്യരായി. നിങ്ങൾക്ക് ഞങ്ങളുടെ സേവനം ആവശ്യമുളളപ്പോൾ, തപാലിലൂടെയോ ടെലിഫോൺ മുഖേനയോ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
ഒരുപാടിഷ്‌ടത്തോടെ…….നിഷാർ.കെ.കോടത്തൂർ
മലപ്പുറം കോടത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തണൽ സാംസ്‌കാരികവേദിയുടെ ജീവാത്മാവായിരുന്ന, സാഹിത്യ-സാംസ്‌കാരിക-കലാ-സാമൂഹ്യ മേഖലകളിലെല്ലാം നിറഞ്ഞുനിന്ന നിഷാർ കെ.കോടത്തൂർ. പരിചയപ്പെട്ടവർക്കെല്ലാം ഒരുപാടിഷ്‌ടമായിരുന്നെങ്കിലും ആ വിളക്കിന്ന് നമ്മോടൊപ്പം ഇല്ല. ഈ കെട്ടലോകത്ത് ഗുണികൾ ഊഴിയിൽ നീണ്ടുവാഴാ എന്നാശ്വസിക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. കാരണം റോഡപകടങ്ങൾ, രക്തദാനം, എയ്‌ഡ്‌സ്, പുകവലി നിരോധനം, ക്യാൻസർ തുടങ്ങി ആത്മഹത്യവരെയുളള കാര്യങ്ങളുടെ ബോധവൽക്കരണത്തിനായി ജീവിതമർപ്പിച്ച നിഷാർ 1998 മുതൽ ‘ഞങ്ങൾപറയട്ടെ’യിലെ ഞങ്ങളിലൊരാളായിരുന്നു. – പത്രാധിപർ
Generated from archived content: essay3_nov.html