1. മതജാതിമത്സരങ്ങൾ കൂടാതെ ഐക്യമത്യ സഹോദരസ്‌നേഹങ്ങളോടെ എല്ലാവരോടും പ്രിയമായി പെരുമാറുക.
2. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാവശ്യച്ചിലവുകളും ത്യജിക്കുക.
3. മത്സ്യമാംസങ്ങളും ലഹരി വസ്‌തുക്കളും വർജ്ജിക്കുക.
4. മനസ്സാക്ഷിക്കെതിരായി യാതൊന്നും പ്രവർത്തിക്കാതിരിക്കുക.
5. രാഗദ്വേഷകാമക്രോധാദികളാൽ മനസ്സിനെ മലിനമാക്കി ദുർമാർഗ്ഗങ്ങളിൽ ചാടി തനിക്കും അന്യനും ഉപദ്രവത്തെ ഉണ്ടാക്കാതിരിക്കുക.
6. സത്യം, ധർമ്മം, ക്ഷമ, ദയ മുതലായ സദ്‌ഗുണങ്ങളോടുകൂടി വർത്തിക്കുക.
7. സാരഗ്രാഹികളുടെ പരിഹാസത്തിന് ഇടവരുത്താതിരിക്കുക.
8. ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും വരുമ്പോൾ അധൈര്യപ്പെടാതെ, മനസ്സുമടുത്ത് നിരാശരായി ആത്മഹത്യക്കൊരുമ്പെടാതെ ആത്മവിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും ആലോചനാ ജ്ഞാന പൗരുഷങ്ങളോടുംകൂടി പ്രവർത്തിച്ച് വിജയം വരിക്കുക.
9. അന്യായമാർഗ്ഗങ്ങളിൽ ചാടിക്കൊണ്ടിരിക്കുന്ന മനസ്സിനെ നിയന്ത്രിച്ച് ശുദ്ധവും സ്വസ്ഥവുമാക്കി ആനന്ദിക്കുക.
10. അവശന്മാരിലും, അനാഥപ്രാണികളിലും എപ്പോഴും കരുണയുളളവരായിരിക്കുക.
11. സജ്ജനങ്ങളുമായി സംസർഗ്ഗം ചെയ്യുക. സൽഗ്രന്ഥങ്ങൾ മാത്രം പാരായണം ചെയ്യുക.
12. സൽച്ചിന്തയോടുകൂടി സദാ സന്തുഷ്‌ടരായിരിക്കുക.
13. വിവാഹശവസംസ്‌കാരാദികൾ ചുരുങ്ങിയ ചിലവിൽ നടത്തുക.
14. അജ്ഞാനത്തേയും ഹിംസയേയും വർദ്ധിപ്പിക്കുന്ന ആചാരങ്ങളിൽപ്പെടാതെ ക്രമേണ ജ്ഞാനത്തെ വർദ്ധിപ്പിക്കുക.
15. നല്ലത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. വാക്കും മനസ്സും നടപടിയും നന്നാക്കി ലോകത്തിന് മാതൃകയായി നല്ലവരായി ജീവിക്കുക.
Generated from archived content: essay2_mar21.html