1. മറ്റുളളവരുമായി ഇടപെടുന്ന സമയമാകട്ടെ നമ്മുടെ മുഖ്യ ധ്യാനസമയം.
2. ഒരു പേരുകാരൻ വേറൊരു പേരുകാരനെ കൊന്നാൽ ആ സംഭവത്തെ വിഭാഗീയമായി
കരുതി കക്ഷി ചേരാമോ?
3. നൂലുനെയ്‌ത് വസ്‌ത്രം ഉണ്ടാക്കാൻ താമസം വരുമെന്നതുകൊണ്ട് നൂലുതന്നെയെടുത്ത് അരയിൽ ചുറ്റുന്നത് ബുദ്ധിയാണോ?
4. സഹായിക്കുന്ന ഹസ്‌തം പ്രാർത്ഥിക്കുന്ന അധരത്തേക്കാൾ പാവനമാണ്.
5. പിണങ്ങുമ്പോൾ പറയുന്നത് ഇണങ്ങുമ്പോൾ പൊറുക്കാവുന്നതായിരിക്കണം.
6. കൂടിയാലോചിച്ച് ഒന്നിച്ചദ്ധ്വാനിച്ച് പങ്കിട്ടനുഭവിച്ച് പരസ്‌പരനാനന്ദമായി ജീവിക്കുവാൻ നാട്ടുകാരെ ഒരുക്കുകയല്ലേ യഥാർത്ഥ സാമൂഹ്യസേവനം
7. ഓരോരുത്തരും എല്ലാവർക്കുംവേണ്ടിയും എല്ലാവരും ഓരോരുത്തർക്കുവേണ്ടിയുമെന്ന വീക്ഷണം ഓരോരുത്തരിലും വളർന്നുവരുവാൻ പരിശീലിപ്പിക്കുകയല്ലേ ശരിയായ വിദ്യാഭ്യാസം.
8. ചിന്തയുടെ വാതിൽ ഉളളിൽ നിന്നും പുറത്തേയ്‌ക്കാണ് തുറക്കേണ്ടത്.
9. ഭൂതകാല അഴുക്കുകൾ ശേഖരിച്ച് വർത്തമാനകാലത്തിന്റെ മുഖത്ത് തേച്ച് ഭാവിയെ നശിപ്പിക്കരുത്.
10. തുരുമ്പുപിടിച്ചു നശിക്കുന്നതിനേക്കാൾ തേഞ്ഞുതീരുന്നതല്ലേ നല്ലത്.
11. ആര് ഭരിക്കണമെന്നല്ല, ഭരണാധികാരമെന്നൊന്നു വേണമോ വേണ്ടയോ എന്നാണ് ചിന്തിക്കേണ്ടത്.
12. ഭൂമി നമ്മുടെ വീട്, സൗകര്യത്തിനുവേണ്ടി നാം വേറെ വേറെ താമസിക്കുന്നു. അന്യരായി ഇവിടെ ആരും ഇല്ല…എല്ലാവരും വേണ്ടപ്പെട്ടവർ തന്നെ.
13. വിളിക്കാൻ വേണ്ടിയല്ല പേര്, മതം നിശ്ചയിക്കാൻ അതു കൊളളാമോ?
14. എല്ലാവരെയും ഗുണദോഷങ്ങൾ നോക്കാതെ വേണ്ടപ്പെട്ടവരായി കരുതാൻ മനുഷ്യന് കഴിയുമോ? വ്യക്തികൾ തമ്മിൽ അന്തരം ഉളളതുകൊണ്ട് യോജിപ്പ് അസാദ്ധ്യമാകുമെന്നു കരുതാമോ?
15. പാണ്‌ഡിത്യം, ത്യാഗം, ധീരത, പ്രവാചകത്വം തുടങ്ങിയ മഹത്തായ കഴിവുകൾ സങ്കുചിത വലയങ്ങൾക്കുളളിലായാൽ ദോഷം ചെയ്യില്ലേ?
16. സമ്പന്നന്റെ ഏകാന്ത ജീവിതത്തേക്കാൾ ദരിദ്രരുടെ സമൂഹ ജീവിതമാണ് മെച്ചം.
17. അദ്ധ്വാനത്തിനു കൂലിയും ഉൽപ്പന്നങ്ങൾക്ക് വിലയും തുടരുകയാണോ, ഒഴിവാക്കുകയാണോ അഭികാമ്യം.
18. വ്യക്തികൾ തമ്മിലുളള കണ്ണിചേരലാണ് ഭൂമിയെ രക്ഷിക്കാനുളള ലളിതമാർഗ്ഗം.
19. നിങ്ങൾ ചെല്ലുന്നിടം നിങ്ങളെ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമാണെങ്കിൽ അതാണു നിങ്ങളുടെ വീട്.
20. നാണയത്തിന്റെ ഏറ്റവും വലിയ അപകടം അത് കൈവന്നാൽ എല്ലാം നേടാമെന്നാണ്.
21. വിദ്വേഷത്തിന്റെ വിത്തുവിതച്ചിട്ട് സ്‌നേഹത്തിന്റെ കതിർ കൊയ്യാനാവില്ല.
22. അയൽക്കാർ പെറുക്കിയെടുക്കുമെന്ന് പേടിയില്ലായിരുന്നുവെങ്കിൽ നമ്മൾ പലതും എറിഞ്ഞു കളഞ്ഞേനെ.
23. ആയുധങ്ങൾ താഴെവച്ച് ആശയങ്ങൾ കയ്യിലെടുക്കുന്ന ഒരു ആധുനിക ലോകമാകണം ലക്ഷ്യം.
24. സൗഹൃദത്തിനെറ ഭാഷയ്‌ക്ക് വാക്കില്ല, അർത്ഥമേയുളളൂ.
25. ഏറ്റവും കുറച്ച് വസ്‌തുക്കൾ കൊണ്ട് സംതൃപ്‌തനാകുന്നവനാണ് ഏറ്റവും വലിയ ധനവാൻ.
26. ഓരോരുത്തരും മറ്റുളളവരിലേയ്‌ക്ക് വളരുന്നതാണ് യഥാർത്ഥ വികാസം.
27. നാണയം ഇല്ലാതാക്കാൻ അതിനെ എതിർക്കേണ്ട. ബന്ധുത്വം വളർത്തി എടുത്താൽ മതി.
28. കരുണയുളള ഹൃദയം കിരീടമണിയുന്ന ശിരസ്സിനേക്കാൾ സുന്ദരമാണ്.
29. സകല നഷ്‌ടങ്ങളേക്കാലും വലുത് സ്വസ്ഥതയുടെ നഷ്‌ടമാണ്.
30. നാണയം ആവശ്യമുളള ഏതെങ്കിലും കാര്യം ആർക്കെങ്കിലും പറയാമോ?
Generated from archived content: essay2_mar.html