പതിനാല് ജില്ലകൾ; ഐ.എ.എസുകാർ 97
പതിനാല് ജില്ലകൾ മാത്രമുളള കേരളം ഭരിക്കാൻ തൊണ്ണൂറ്റേഴ് ഐ.എ.എസുകാർ! ഐ.പി.എസുകാരുടെ എണ്ണവും കുറവല്ല. 76 ഐ.പി.എസുകാരാണ് നമ്മുടെ കൊച്ചു കേരളത്തിലുളളത്. വനത്തിന്റെ വിസ്‌തൃതി നാൾക്കുനാൾ കുറയുകയാണെങ്കിലും ഐ.എഫ്.എസു.കാരുടെ എണ്ണത്തിൽ കുറവില്ല. 58 പേർ ഈ പദിവിയിൽ കേരളത്തിലുണ്ട്. കേരളത്തിൽ അനുവദിക്കപ്പെട്ടിട്ടുളള ഐ.എ.എസുകാരുടെ എണ്ണം 97 ആണെങ്കിലും ഇപ്പോൾ പതിനൊന്നു തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തുതന്നെ ഇതു നികത്തപ്പെടുമെന്നാണ് സൂചന. ഐ.പി.എസുകാരുടെ എട്ടു ഒഴിവുകളും ഐ.എഫ്.എസുകാരുടെ 17 ഒഴിവുകളും ഇപ്പോൾ സംസ്ഥാനത്തുണ്ട്. ഇവ എത്രയും വേഗം നികത്താനുളള ശ്രമത്തിലാണ് തത്‌പരകക്ഷികൾ. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്,എസ് കേഡറിലുളള ഒരു ഉദ്യോഗസ്ഥന്റെ പ്രതിമാസശമ്പളം തന്നെ ശരാശരി 30,000രൂപയാണ്. ഇവരുടെ ശരാശരി ചെലവ് പ്രതിമാസം ഒന്നരലക്ഷത്തോളം രൂപയാണെന്നാണ് കണക്കാക്കിയിട്ടുളളത്.
നെഗറ്റീവ് വോട്ടുവേണം – തെരഞ്ഞെടുപ്പു കമ്മീഷൻ
വോട്ടർമാർക്ക് ഇന്നത്തെ സാഹചര്യത്തിൽ നെഗറ്റീവ് വോട്ട് ചെയ്യാനുളള അവസരം ഉണ്ടാക്കേണ്ടതാണെന്നും അത് ജനാധിപത്യത്തിന് പ്രയോജനകരമാണെന്നും പുതിയ തെരഞ്ഞെടുപ്പു കമ്മീഷൻ എൻ.ഗോപാലസ്വാമി പ്രസ്‌താവിച്ചു.
ബാലറ്റുപേപ്പറിലുളള ആരും തനിക്കു പറ്റിയ സ്ഥാനാർത്ഥികളല്ലെന്ന് അഭിപ്രായമുളള വോട്ടർമാർക്കു അതു രേഖപ്പെടുത്തുന്നതിനുളള കോളം ബാലറ്റു പേപ്പറിൽ ചേർക്കണം. പല രാഷ്‌ട്രീയ പാർട്ടികളും സ്ഥാനാർത്ഥിത്വം വിലയ്‌ക്കു വിൽക്കുകയും, ക്രിമിനലുകളെയും പെൺവാണിഭക്കേസിലെ പ്രതികളെയുമൊക്കെ സ്ഥാനാർത്ഥികളാക്കി നിർത്തുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. ആ പാർട്ടിയിൽപെട്ട വോട്ടർമാർക്ക് ഇന്നത്തെ നിലയ്‌ക്ക്, ആ സ്ഥാനാർത്ഥിയ്‌ക്ക് വോട്ടു ചെയ്യുകയോ, വോട്ടു ചെയ്യാൻ പോകാതിരിക്കുകയോ ചെയ്യാനേ കഴിയുകയുളളൂ. നെഗറ്റീവ് വോട്ട് അനുവദിച്ചു കിട്ടിയാൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്താൻ പൗരൻമാർക്ക് അവസരം കിട്ടും.
വോട്ടുചെയ്യാൻ പോകാതിരിക്കുന്നവരുടെ എണ്ണം കുറയാനും ഇതു കാരണമാകും. പാർട്ടികളുടെ ചെയ്‌തികളിൽ ഉളള എതിർപ്പുകാരണമാണ് മിക്കവരും രാഷ്‌ട്രീയത്തോടുതന്നെ അകന്നുപോകുകയും അരാഷ്‌ട്രീയർ എന്ന ദുഷ്‌പേരു കേൾക്കുകയും ചെയ്യുന്നത്. വോട്ടർമാർക്ക് എതിർപ്പു രേഖപ്പെടുത്താൻ അവസരം കിട്ടിയാൽ പാർട്ടികളുടെ കള്ളിവെളിച്ചത്താകും.
മുൻപത്തെ തെരഞ്ഞെടുപ്പു കമ്മീഷൻ ഈ നിർദ്ദേശം കൊണ്ടുവന്നിരുന്നു. എന്നാൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ ചേർന്ന് അണികളുടെ അഭിപ്രായം ചോദിക്കാതെതന്നെ കമ്മീഷനെ കൊണ്ട് നെഗറ്റീവ് വോട്ട് സംവിധാനം ഒഴിവാക്കിച്ചു. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ചാർജെടുത്തയുടനെയാണ് വീണ്ടും ഈ നിർദ്ദേശം വച്ചത്. ഇതുവരെ പൊതുജനങ്ങളൊ സാംസ്‌കാരിക പ്രവർത്തകരോ താൽപര്യം പ്രകടിപ്പിച്ചു കണ്ടില്ല. എന്തൊരു രാഷ്‌ട്രീയ നിരക്ഷരത.
പരാതി കിട്ടിയാൽ എഫ്‌ഐ.ആർ. രജിസ്‌റ്റർ ചെയ്‌തിരിക്കണം ഃ സുപ്രീംകോടതി
കുറ്റകൃത്യം നടന്നെന്നുളള പരാതി കിട്ടിയാൽ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനു മുൻപു തന്നെ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) തയ്യാറാക്കാൻ പോലീസ് ബാധ്യസ്ഥമാണ്. കേസെടുത്തശേഷമാണ് സത്യമാണോ എന്ന അന്വേഷണം നടത്തേണ്ടത്. പരാതിയിൽ പറയുന്നതു ശരിയാണെന്നു തോന്നുന്നില്ലെന്നു പറഞ്ഞ് കേസെടുക്കാതിരിക്കുന്നത് പോലീസിന്റെ ഭാഗത്തു നിന്നുളള കുറ്റമാണ്.
അഴിമതിക്കേസിൽ പെടുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്ന വകുപ്പ് നീക്കം ചെയ്യണം
ഇൻഡ്യയിലല്ലാത്ത ലോകത്തൊരു രാജ്യത്തും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നിയമമില്ലെന്ന് ഭരണ നവീകരണ കമ്മീഷൻ അധ്യക്ഷൻ വീരപ്പമൊയ്‌ലി പറഞ്ഞു. ഭരണഘടനയുടെ 11-ാം വകുപ്പാണ് കേസിൽ പെടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിയമനിപടികളിൽ നിന്നു സംരക്ഷണം നൽകുന്നത്. അഴിമതിയെക്കുറിച്ച് പഠനം നടത്തിയ സന്താനമ കമ്മിറ്റിയും ഭരണഘടനാ പ്രവർത്തനം അവലോകനം ചെയ്ത ജസ്‌റ്റീസ് എം.വെങ്കിട ചെല്ലയ്യ കമ്മീഷനും ഈ വകുപ്പ് നീക്കം ചെയ്യണമെന്ന് നേരത്തെതന്നെ നിർദേശം സമർപ്പിച്ചിരുന്നു.
പരസ്‌പരാനന്ദ ജീവിതം – നാടാകെ പരിശ്രമിക്കുക
* എല്ലാവരോടും സ്‌നേഹമായിരിക്കുക
* ആരോടും പിണങ്ങാതിരിക്കുക
* പിണക്കങ്ങൾ ‘സുല്ലിട്ട്’ അവസാനിപ്പിക്കുക
* എല്ലാവരേയും വേണ്ടപ്പെട്ടവരായി കരുതുക
* ആരും അന്യരല്ലെന്ന് ഉറപ്പാക്കുക
* ആരെ കാണുമ്പോഴും സ്വന്തമെന്ന് കരുതി ശീലിക്കുക
* മനസിൽ വിഭാഗീയ വിചാരം പുലർത്താതെ മൈത്രീവിചാരം സദാ നിലനിർത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക
* ചെറുസമൂഹങ്ങളായി കൂടി ആലോചിച്ചു ജീവിച്ചു ഭരണകൂടങ്ങളേയും നാണയത്തേയും ഒഴിവാക്കുവാൻ നമുക്ക് ശ്രമമാരംഭിക്കാം.
* അധ്വാനത്തിനു കൂലിയും ഉൽപന്നങ്ങൾക്ക് വിലയും വീട്ടിലേപ്പോലെ നാട്ടിലും വേണ്ടെന്ന് വരണം.
* ഈശ്വരവിശ്വാസം മതത്തിലോ അവരവരിലോ ആയി ചുരുക്കാതെ, അതിരില്ലാത്ത സ്നേഹമായി വികസിപ്പിച്ചുകൊണ്ടേയിരിക്കണം.
Generated from archived content: essay1_jan17_07.html