ജാതകം എന്ന കൊലക്കയർ

കേരളം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുമ്പോൾ കേരള ജനത പൗരാണികത്തിന്റെ കുഴിമാടം തോണ്ടുകയാണ്‌. പരിഷ്‌ക്കാരവും സൗകര്യവും ആധുനികതയിൽ അനുഭവിക്കുമ്പോഴും അജ്ഞതയാൽ തുടർന്നുവന്ന അനാചാരത്തിന്റെ ചീഞ്ഞളിഞ്ഞ ഭാഗം ആഴത്തിൽ തപ്പുകയാണവർ. വിദ്യാഭ്യാസത്തിന്റെ പരിശുദ്ധിക്ക്‌ മൂല്യച്യുതി വരുത്തുന്ന പാശ്ചാത്യവൽക്കരണവും ഗുരുശിഷ്യബന്ധത്തിന്റെ പൊരുളറിയാതെ വാണിജ്യവൽക്കരണവും സമ്പന്നന്റെ പോക്കറ്റിൽ നിലകൊളളുന്ന അധികാരവികേന്ദ്രീകരണവും, സമർത്ഥൻമാർ എളുപ്പവഴിയിൽക്കൂടി അജ്ഞാനം വിലയ്‌ക്കെടുത്ത്‌ പ്രചരിപ്പിക്കാൻ പുതിയ മേച്ചിൽപ്പുറം കണ്ടുപിടിക്കുന്നു. അതാണ്‌ കൂണുപോലെ മുളച്ചുപൊങ്ങുന്ന ഈ ജ്യോതിഷാലയം.

കേരളത്തിൽ പാവപ്പെട്ട കുടുംബത്തിൽ പെൺകുട്ടി പിറന്നാൽ മാതാപിതാക്കൾക്ക്‌ ഇന്നു ദുഃഖമായി. കാരണം ഏതു ഗ്രഹമാണ്‌ പിടികൂടുന്നതെന്നറിയാനുളള നെട്ടോട്ടമായി. ഈ ഗ്രഹങ്ങൾ ഹിന്ദു സ്‌ത്രീകളെ മാത്രം തിരഞ്ഞുപിടിക്കാൻ വല്ല കാരണവുമുണ്ടോ എന്ന്‌ അന്വേഷിക്കുന്നുമില്ല. മറ്റു മതക്കാരെ ഇന്നുവരെ ചൊവ്വാഗ്രഹമോ, ശുദ്ധജാതകമോ തീണ്ടിയിട്ടില്ല.

സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കുമുണ്ടോ ജാതിമത സംഘടനകൾ? ഇതിനെല്ലാം ഉത്തരവാദി പ്രശ്‌നക്കാരാണ്‌. പ്രശ്‌നരീതി എന്ന പുസ്‌തകത്തിൽ പറയുന്നു. “ദിനകരസുതനേറ്റം ശത്രുവിൽ ദൃഷ്‌ടിയോടും-മദനഗൃഹമതിങ്കൽ നിന്നിടിൽ നിന്ദ്യമത്രേ-പനിമതിമുഖിയെന്നും കന്യയായിട്ടുതന്നെ-പതിസുഖമറിയാതെ നാളുപോക്കും വിശങ്കം”. ഇത്തരം കെട്ടുകഥകൾ പറഞ്ഞു ഫലിപ്പിക്കാൻ കുറെ ശ്ലോകങ്ങൾ ആർക്കും എഴുതാം. പക്ഷെ ചെന്നെത്തുന്നത്‌ പാവപ്പെട്ടവന്റെ പെൺമക്കളുടെ തലയിലാണ്‌.

ഇന്നുവരെ ജാതകദോഷം കൊണ്ട്‌ ഒരു പുരുഷനും വിവാഹം മുടങ്ങിയിട്ടില്ല. ചൊവ്വ ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലും കയറിക്കൂടിയെന്നു പറഞ്ഞ്‌ മൂത്തുനരച്ച്‌ ജീവിതം മുരടിച്ച്‌ മറ്റുളളവരുടെ അവഗണനയ്‌ക്ക്‌ പാത്രമായി എരിഞ്ഞടങ്ങുന്ന തീനാളമായി കഴിയുന്ന സ്‌ത്രീകൾ കുറച്ചൊന്നുമല്ല. ഇത്രയും ക്രൂരമായി ഹിന്ദു യുവതികളെ ജാതകത്തിൽക്കൂടി അധഃപതിപ്പിക്കാൻ പ്രശ്‌നക്കാർക്ക്‌ വല്ല വ്രതവുമുണ്ടോ? പണ്ടത്തെ രാജാക്കൻമാർ പെൺമക്കൾക്ക്‌ സ്വയംവരമാണ്‌ നടത്തിയിട്ടുളളത്‌.

ചൊവ്വാഗ്രഹത്തിന്‌ രാജസദസ്സിൽ കയറാൻ ഭയമായിരിക്കുമോ? അല്ല. അന്നൊന്നും ഇത്രയും ദുഷ്‌ടൻമാരായ പ്രശ്‌നക്കാരില്ലെന്നാണോ? സൗരയൂഥത്തിൽ കാണുന്ന ഗ്രഹമൊന്നും ഇന്നുണ്ടായതല്ല. ഇന്നു കണ്ടുപിടിച്ച ഗ്രഹമൊന്നും ഇവരുടെ പുസ്‌തകത്തിൽ ഇല്ലതാനും. സ്വന്തം നില മെച്ചപ്പെടുത്താൻ അധികം മുതൽമുടക്കില്ലാതെ നേടുന്ന ഈ പെൺശാപത്തിന്റെ പ്രതിഫലം ഒരു തറവാട്ട്‌ ദൈവത്തിനും മായ്‌ക്കാൻ കഴിയാത്തതാണ്‌. ഗ്രഹങ്ങളുടെ കൂട്ടത്തിൽ സൂര്യൻ, രാഹു, കേതു, ഗുളികൻ എന്നതെല്ലാം പ്രശ്‌നക്കാരന്റെ സൃഷ്‌ടിയാണ്‌.

വരാഹമിഹിരൻ കവച്ചുവെയ്‌ക്കുന്ന പണ്‌ഡിതൻമാരായിരുന്നു വേദവ്യാസനും കാളിദാസനും. അവരുടെ പ്രശ്‌നരീതി ഇന്നത്തെ കമ്പോളത്തിൽ മാർക്കറ്റിടിഞ്ഞു കാണും. കോടീശ്വരനാകാൻ സ്‌ത്രീജൻമം തുലയ്‌ക്കുന്ന അജ്ഞാതപ്രശ്‌നക്കാരാ ഈ ശാപച്ചുമടിറക്കി വെയ്‌ക്കൂ. പെണ്ണിന്റെ കണ്ണീരിൽ പ്രശ്‌നക്കാരന്റെ മാർബിളിൻ കൊട്ടാരം മുങ്ങിത്താഴും. ഒരു ജൻമം മുഴുവൻ ചൊവ്വാദോഷത്താൽ എരിഞ്ഞടങ്ങുന്ന പെണ്ണെന്തു പിഴച്ചു. ജാതകം കൊലക്കയറാക്കരുതേ.

Generated from archived content: essay_feb28_06.html Author: ep_janakiamma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English