ഗിന്നസ്‌ ബുക്കിൽ സ്ഥാനം പിടിക്കേണ്ട പ്രൊഫ. പി. മീരാക്കുട്ടി

കോതമംഗലം നഗരസഭയിലെ തങ്കളം വാർഡിൽ മാരോട്ടിക്കൽ പരീതുമ്മിയുടെയും കയ്യാമ്മയുടെയും പുത്രനായി 28-2-1930 ൽ മീരാക്കുട്ടി പിറന്നു. മലയാളം ഹയർ, ഇ.എസ്‌.എസ്‌.എൽ.സി എന്നീ പരീക്ഷകൾ പാസായതിനുശേഷം സ്വാദ്ധ്യയനത്തിലൂടെ സാഹിത്യ വിശാരദ്‌, ബി.എ., എം.എ. പരീക്ഷകൾ പാസായി. തലശ്ശേരി ഗവഃട്രെയിനിംഗ്‌ കോളേജിൽ നിന്നു ബി.എഡ്‌. ബിരുദവും നേടി. രാഷ്‌ട്രഭാഷാ വിശാരദ്‌ പരീക്ഷയും ജയിച്ചിട്ടുണ്ട്‌.

കോതമംഗലം നേതാജി വായനശാലയിലെ വയോജന വിദ്യാലയം, പെരുമ്പാവൂർ ആശ്രയാ ഹൈസ്‌കൂൾ, കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂൾ, കോതമംഗലം മാർബേസിൽ ഹൈസ്‌കൂൾ, കൊല്ലം ടി.കെ.എം.ആർട്‌സ്‌ കോളേജ്‌, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 44 വർഷത്തിൽപ്പരം അദ്ധ്യാപക സേവനം നിർവ്വഹിച്ചു; ഒപ്പം 15 വർഷം സ്വന്തം ട്യൂട്ടോറിയലിലെ സർവ്വീസും.

മലയാള സാഹിത്യത്തിൽ ശ്രദ്ധേയനായ നിരൂപകനാണ്‌ പ്രൊഫ.പി. മീരാക്കുട്ടി. വിലാസിനിയുടെ നോവലുകളെക്കുറിച്ചു രണ്ടു പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിലാസിനിയുടെ നോവലുകൾ, ആത്മകഥയുടെ പാഠഭേദങ്ങൾ എന്ന പഠനത്തിനാണ്‌ സഹോദരൻ അയ്യപ്പൻ സ്‌മാരക അവാർഡു ലഭിച്ചത്‌. ആശാൻ ജന്മശതാബ്‌ദി പുരസ്‌കാരം, എസ്‌.ബി.ഐ. അവാർഡ്‌, കേസരി അവാർഡ്‌, സി.എച്ച്‌. മുഹമ്മദ്‌കോയ സാഹിത്യ അവാർഡ്‌, സംവേദനം അവാർഡ്‌, ആത്മായനങ്ങളുടെ ഖസാക്ക്‌ അവാർഡ്‌ എന്നിവ മുമ്പു ലഭിച്ചിരുന്നു.

17 നിരൂപണ പഠനഗ്രന്ഥങ്ങളും അങ്കുരങ്ങൾ, ഇതളുകൾ, കലാപബോധത്തിന്റെ കനികൾ എന്നീ സാഹിത്യ ചരിത്രഗ്രന്ഥങ്ങളും, കേരളപാണിനീയം-ചില അനുബന്ധചിന്തകൾ എന്ന വ്യാകരണ കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടാതെ ശബരിമല ശ്രീ അയ്യപ്പനും കുഞ്ചനും എന്ന ചരിത്രപഠനവും എ. തങ്ങൾകുഞ്ഞു മുസലിയാരുടെ ജീവചരിത്രവും നോവൽപോലെ ഒരാത്മകഥയും വെളിച്ചം കണ്ടു കഴിഞ്ഞു. മുഖത്തലയുടെ ഖണ്‌ഡകാവ്യങ്ങളിലൂടെ എന്ന പഠനം നവകം മാസികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.

മലയാളത്തിൽ ഏറ്റവുമധികം സ്ഥിരം പംക്തികൾ കൈകാര്യം ചെയ്‌തിട്ടുളള റെക്കോർഡും പ്രൊഫഃ പി. മീരാക്കുട്ടിക്ക്‌ അവകാശപ്പെട്ടതാണ്‌. ജെ.പി. വേളമാനൂർ കൊല്ലത്തുനിന്നും 1986 മുതൽ നടത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌, രണവേദി, ഭൂമിക്കാരൻ മാസികകളിലും സ്ഥിരമായി എഴുതി വരുന്നു.

Generated from archived content: essay5_july_05.html Author: dr_shornoor_karthikeyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English