കലയും കവിതയും എഴുത്തും വായനയും പ്രസംഗവുമെല്ലാം ഐ.എ.എസ്സുകാർക്ക് ബാലികേറാമലയാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്കു തെറ്റി. സാഹിത്യകാരന്മാരായ ചുരുക്കം ചില ഐ.എ.എസ്സുകാരിൽ എന്തുകൊണ്ടും അഗ്ര്യപൂജ അർഹിക്കുന്ന ഒരു വിശിഷ്‌ടവ്യക്തി നമുക്കുണ്ട്. ചിരപരിചിതനാണ് അദ്ദേഹം. അതെ തുളസീവനമെന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.ആർ.രാമചന്ദ്രൻ നായർ കേരളീയർക്ക് തികച്ചും സുപരിചിതൻ തന്നെ.
ഉദാരമതി, ബഹുമുഖപ്രതിഭ, സാഹിത്യനിപുണൻ, പ്രഭാഷണചതുരൻ, സ്‌നേഹസമ്പന്നൻ-ഇങ്ങനെയൊക്കെയാണ് സംസ്‌കാര കേരളം രാമചന്ദ്രൻ നായരെ വിശേഷിപ്പിക്കുന്നത്. സഹൃദയനും സാഹിത്യകാരനുമായ ഒരു സർക്കാരുദ്യോഗസ്ഥൻ, ആട്ടക്കഥാകാരനും സാംസ്‌കാരിക നായകനുമായ ഗവൺമെന്റ് സെക്രട്ടറി, ഒരേസമയം സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുടെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും ചുമതലകൾ വളരെ സ്‌തുത്യർഹമായി നിർവ്വഹിച്ച ഭരണാധികാരി-ഇങ്ങനെ വൈവിധ്യവും വൈരുദ്ധ്യവുമാർന്ന ദ്വന്ദ്വഭാവങ്ങളുടെ ഒരാൾരൂപം. വലിയ ഭാരമൊന്നും തലയിൽ പേറുന്ന ഭാവമേയില്ല. എല്ലാം അനായാസം സമഭാവനയോടെ സഹാനുഭൂതിയോടെ.
ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത് 1967 ലാണ്. ശസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജ് തായ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടക്കുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ ജീവാത്മാവും പരമാത്മാവുമായ ശ്രീ മന്നത്ത് പദ്‌മനാഭൻ ശിലാസ്ഥാപനം നിർവ്വഹിച്ച് കഴിഞ്ഞു. തുടർന്ന് പൊതുയോഗമാണ്. ക്ഷേത്രത്തിൻ കിഴക്ക് വശത്താണ് വേദി. കുമ്പളത്ത് ശങ്കുപ്പിളളയുടെ അധ്യക്ഷപ്രസംഗം. ആശംസാ പ്രസംഗത്തിനായി മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ മൈക്കിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ‘കളക്‌ടർ’ ആരോ വിളിച്ച് പറഞ്ഞു. അതേ, അന്നദ്ദേഹം കൊല്ലം കളക്‌ടറായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലെ ശാസ്‌താംകോട്ടയും കുരങ്ങന്മാരും എന്ന ഐതിഹ്യത്തെ അനുസ്‌മരിച്ചുകൊണ്ടാണ് രാമചന്ദ്രൻനായർ പ്രസംഗിച്ചത്. പിന്നെയുമൊരു പത്തുകൊല്ലം കൂടി വേണ്ടി വന്നു എനിക്കദ്ദേഹത്തെ നേരിട്ടു പരിചയപ്പെടാൻ.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം സർക്കാർ കോളേജിൽ ലക്‌ചററായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പക്ഷേ സംസ്‌കൃതപക്ഷപാതം വിട്ടുമാറാതെ അദ്ദേഹത്തെ പിൻതുടർന്നു. അദ്ദേഹത്തിന്റെ ശ്ലോകങ്ങളിൽ മാത്രമല്ല ആട്ടക്കഥകളിലും കാണാം സംസ്‌കൃതവ്യുത്‌പത്തി. അങ്ങനെ നാല് ആട്ടക്കഥകളെഴുതി. തുളസീവനമെന്ന തൂലികാനാമം അന്വർഥമാക്കുന്നവയാണ് മുക്തകങ്ങൾ. തുളസിക്കതിരുകളാലൊരു വനമാല. അതാണ് ‘മുക്തമാല’ മുക്തകമെന്ന പ്രാക്തന രചനാസങ്കേതത്തെ മതിയാവോളം മനസ്സാവരിച്ചു. അതിൽ സ്വൈരമായി രമിച്ചു. ക്ലേശമെന്യേ വിജയിക്കുകയും ചെയ്‌തു.
സംസ്‌ക്കാരത്തിന് ഒരു വകുപ്പുണ്ടെന്നറിഞ്ഞത് അന്നാണ്. വകുപ്പിന് ജീവനുളള ഒരു നാവുണ്ടെന്നും നാമറിഞ്ഞു. നമ്മുടെ സംസ്‌കൃതിക്കും പൈതൃകത്തിനും ഒരത്താണിയായിരുന്നു ‘സംസ്‌കാരകേരളം’ പത്രാധിപരും പ്രൂഫ് വായനക്കാരനും എല്ലാം ഒരാൾ തന്നെ. ഉദ്യോഗസംബന്ധമായ തിരക്കിലും അതിനെല്ലാം സമയം കണ്ടെത്താൻ രാമചന്ദ്രൻനായർക്ക് പ്രയാസമുണ്ടായില്ല. മാതൃഭാഷയോടുപോലും പുച്ഛംകാട്ടുന്ന നാടൻധ്വരമാരുടെ ഇടയിലാണ് ഇങ്ങനെയും ഒരു മനുഷ്യൻ എന്നോർക്കുക. ഇതൊക്കെ സ്വാഭാവികമായും മിത്രങ്ങളെയെന്നപോലെ ധാരാളം ശത്രുക്കളേയും സൃഷ്‌ടിച്ചു.
വിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന അദ്ദേഹം സംസ്‌കൃത കോളേജിൽ വച്ച് ഒരു സംസ്‌കൃത സെമിനാർ സംഘടിപ്പിച്ചത് ഓർക്കുന്നു. പ്രഗല്‌ഭരായ ധാരാളം പണ്‌ഡിതന്മാർ അതിൽ പങ്കെടുക്കുകയുണ്ടായി. സംസ്‌കൃതത്തെ സ്‌നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്‌തതോടൊപ്പം അഭിവന്ദ്യരായ ആചാര്യന്മാരെ ആദരിക്കുകയും ചെയ്‌തു. ശാസ്‌താംകോട്ട കോളേജിൽ സംസ്‌കൃതം പി.ജി.കോഴ്‌സ് അനുവദിക്കുന്നതിൽ അദ്ദേഹം ചെയ്‌ത ഉപകാരം ഒരിക്കലും മറക്കാവതല്ല. സംസ്‌കൃതചിത്തനും സംസ്‌കൃതപ്രേമിയുമായ ഒരു നിസ്വാർത്ഥമതിക്കു മാത്രമേ അതിനു കഴിയൂ.
ഈ സംസ്‌കൃതാഭിമുഖ്യമാണ് അദ്ദേഹത്തെ സംസ്‌കൃതസർവ്വകലാശാലയുടെ പ്രഥമകുലപതിയാക്കിയതെന്നു ഞാൻ വിശ്വസിക്കുന്നു. സംസ്‌കൃതപ്രേമത്തോടൊപ്പം ഭരണപാടവവും അദ്ദേഹം തെളിയിച്ചു. ശങ്കരാചാര്യരുടെ ജന്മംകൊണ്ടു പരിപാവനമായ കാലടിഗ്രാമത്തിലെ വിശാലമായ വയലേലയുടെ നടുവിൽ കേരളീയ വാസ്‌തുശില്‌പശൈലിയിൽ മനോഹരമായ ഒരു സൗധം ആ ജഗദ്‌ഗുരുവിന്റെ യശോധാവള്യംപോലെ ഉയർന്നുവന്നു. അതാണ് സംസ്‌കൃത സർവ്വകലാശാലയുടെ ആസ്ഥാനം. ആ ഭരണകേന്ദ്രത്തിനു പുറമെ, പയ്യന്നൂർ മുതൽ തിരുവനന്തപുരംവരെ പതിനൊന്ന് ഉപകേന്ദ്രങ്ങൾ, ബിരുദ-ബിരുദാനന്തര-ഫീഡിങ്ങ് കോഴ്‌സുകൾ. സംഗീത-നൃത്ത-ഫൈനാർട്‌സ്-ചരിത്ര-ബി.എഡ്-എം.എസ്.ഡബ്ല്യു തുടങ്ങിയ എല്ലാ കോഴ്‌സുകൾക്കും സംസ്‌കൃതം നിർബന്ധമായി പഠിക്കണമെന്ന നിബന്ധന. എല്ലാ കേന്ദ്രങ്ങളിലും ധാരാളം കുട്ടികൾ. പൊതുവേ ഒരു ചലനം ദൃശ്യമായി. സംസ്‌കൃതപഠനത്തിനാകെ ഒരു നവോന്മേഷം, ഒരു ഉത്തേജനം. സംസ്‌കൃതം രക്ഷപ്പെടുകയാണോ?
രണ്ടുമൂന്നു കൊല്ലം വേലിയേറ്റം തുടർന്നു. പക്ഷേ ആളിക്കത്തൽ അവസാനത്തിന്റെ ആരംഭമാണെന്ന് ആരുമറിഞ്ഞില്ല. നന്മയുടെ പിൻപേ തിന്മയുമുണ്ട്, അതു ചരിത്രം. വെളളിക്കാശിന്റെ മുന്നിൽ ജൂഡാസുമാർ ചിരിക്കുന്നു, വേതാളങ്ങൾ ആടിത്തിമർക്കുന്നു, രക്തരക്ഷസ്സുകൾ രക്തംകുടിച്ച് തടിക്കുന്നു. ചലനം നിലയ്‌ക്കുന്നു. സ്‌തംഭനം! പിതാവേ ഇവരോട് ക്ഷമിക്കേണമേ എന്നാവാം ആ ത്യാഗമൂർത്തി അപ്പോളുരുവിട്ടത്. പ്രകാശഗോപുരത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന നിഴലുകളേ നിങ്ങൾക്കു നമോവാകം. നിങ്ങളറിയുന്നില്ല നിങ്ങളുടെ അല്‌പായുസ്സിനെപ്പറ്റി. സ്വത്വമില്ലാത്ത പരാന്നഭുക്കുകൾ! സ്വാർത്ഥത്തിനുവേണ്ടി രക്ഷകനെ ഒറ്റുകൊടുത്തവർ! നിങ്ങൾക്കു മാപ്പില്ല. വെളിച്ചം ദുഃഖമല്ല തമസ്സു സുഖപ്രദവുമല്ല. ചന്ദ്രനെ നോക്കി ശ്വാനന്മാർ കുരയ്‌ക്കുന്നു. സാർത്ഥവാഹകസംഘം യാത്ര തുടരുന്നു.
Generated from archived content: essay1_aug.html Author: dr_poovattur_ramakrishnapillai
Click this button or press Ctrl+G to toggle between Malayalam and English