ശുദ്ധജല ചിന്തകൾ

വെളളത്തിന്‌ പകരം വെക്കാൻ, പ്രകൃതിക്ക്‌ മറ്റൊന്നില്ല. വായുവിനെപ്പോലെ തന്നെ ജീവികൾക്ക്‌ ആവശ്യമായ അമൃത്‌. ഏതൊരു ജീവിയുടെയും ജന്മാവകാശമാണത്‌. 1977-ൽ ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നു. ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ അളവിൽ കുടിക്കാനുളള ശുദ്ധജലത്തിന്‌ അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിൽ ഒന്നെന്ന നിലക്ക്‌ അവകാശമുണ്ട്‌. അതുപോലെ തന്നെ അവരുടെ ജീവിത ചുറ്റുപാടിൽനിന്ന്‌ കക്കൂസ്‌, കുളിമുറി, മാലിന്യം, വ്യവസായ നിർഗമം എന്നിവയിൽ നിന്നുളള അഴുക്കുവെളളം നിർമ്മാർജനം ചെയ്‌ത്‌ ആരോഗ്യപരമായ ജീവിത സാഹചര്യം നല്‌കുക എന്നതും ഏതൊരു രാജ്യത്തിന്റെയും പൊതുജനാരോഗ്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്‌.

വർഷംപ്രതി അഞ്ച്‌ വയസ്സിന്‌ താഴെയുളള 4 കോടിയോളം കുട്ടികൾ ജലജന്യരോഗങ്ങളാൽ മരിക്കുന്നുണ്ട്‌. ലോകജനസംഖ്യയിൽ 260 കോടിയോളം പേർക്ക്‌ ആവശ്യമായ ശുദ്ധജലം ലഭിക്കുന്നില്ല. ലോകത്തിലെ നാലിലൊന്നു പേർ ഇപ്പോഴും ശുദ്ധമായ കുടിവെളളം കിട്ടാതെ വലയുന്നു. അന്താരാഷ്‌ട്രതലത്തിൽ ജലദുർലഭതയുടെ ഒരു ചിത്രമാണിത്‌. നമ്മുടെ നാട്ടിലും ഇതിൽനിന്നും ഒരുപാടൊന്നു മാറ്റമില്ലാത്ത സ്ഥിതിയാണ്‌. 44 നദികളും ഇടവപാതിയും തുലാവർഷവും നമുക്ക്‌ സ്വന്തമാണ്‌. കേരളത്തിന്റെ കോട്ടമതിലായ സഹ്യൻ നമ്മുടെ എല്ലാ അശ്ലീലമായ കൈയ്യേറ്റങ്ങൾക്കൊടുവിലും നമുക്കാവശ്യമായ വെളളം തന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും നമുക്ക്‌ ദാഹിക്കുന്നു. നമ്മുടെ ശുദ്ധജല സ്രോതസ്സുകളായ കിണറുകൾ വറ്റുകയോ ഇടയുകയോ ചെയ്യുന്നു.

ഇതിനെല്ലാം പുറമെയാണ്‌ നമ്മുടെ ധാരാളിത്തം. നമ്മെപ്പോലെ ശുദ്ധജലം യാതൊരു ലോഭവുമില്ലാതെ ചിലവുചെയ്യുന്ന ഒരു സമൂഹം വേറെയുണ്ടോ എന്നത്‌ സംശയമാണ്‌. ഒരു ഏക്കർ സ്ഥലത്ത്‌ 5 വീടുണ്ടെങ്കിൽ കിണറും കാണും 5 എണ്ണം. കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്നും അണു കുടുംബത്തിലേക്കെത്തിയപ്പോൾ ഷെയറിംഗ്‌ (പങ്കുവക്കൽ) എന്ന വാക്കുപോലും നമ്മുടെ ഇടയിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

യാതൊന്നിന്റെ ഉപയോഗത്തിനും മിതത്വം പാലിക്കാൻ പഠിപ്പിച്ചിരുന്ന ഒരു സംസ്‌കാരത്തിന്റെ അനന്തര തലമുറയാണ്‌ നമ്മളെന്നത്‌ മറന്നുകൊണ്ടാണ്‌ ഇന്നു നമ്മുടെ ലോഭമില്ലാത്ത വ്യയം. മുൻപ്‌ വീടുകളിൽ കാലുകഴുകാൻ കിണ്ടിയുണ്ടായിരുന്നു. അതിലും ചെറുതായിരുന്നു പൂജകൾക്കുപയോഗിച്ചിരുന്നത്‌. വിവിധതരം പൂജകൾക്ക്‌ വിവിധ വലിപ്പത്തിലുളള പാത്രമാണ്‌ ഉപയോഗിച്ചിരുന്നത്‌. അഭിഷേകത്തിന്‌ വലിയ പാത്രവും തീർഥം നൽകാൻ ചെറിയ കിണ്ടിയുമാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇത്രയും ശ്രദ്ധയോടെ വ്യയം ചെയ്യാൻ പഠിച്ച നാം മോട്ടോർ പമ്പുകളുടെ വരവോടെയാണോ ധാരാളികളായത്‌. കിണറുകളിൽനിന്നും മറ്റും വെളളം കോരിയെടുത്ത്‌ ഉപയോഗിച്ചിരുന്ന നാം മേട്ടോർ പമ്പും ടാങ്കും പൈപ്പും വന്നതോടുകൂടി ഒരു കിണ്ടിവെളളത്തിനു പകരം പത്തുകിണ്ടി വെളളം ഉപയോഗിക്കാൻ തുടങ്ങി.

പൈപ്പ്‌ തുറന്നിട്ട്‌ മാത്രം പല്ലുതേക്കാനുമ ഷേവ്‌ ചെയ്യാനും ശീലിക്കുന്ന മലയാളികളായ നമ്മൾ മാത്രമാവും ഒരുപക്ഷെ ബസും കാറുംപോലുളള വാഹനങ്ങളെ ശുദ്ധജലം കൊണ്ട്‌ കഴുകുന്ന ഒരേയൊരു സമൂഹം.

Generated from archived content: essay6_mar31_06.html Author: dr_pa_radhakrushnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English