സേതുബന്ധനം

ആനന്ദാശ്രമത്തിലെ അനവധി തിരികളുളള വിളക്ക്‌ കൂടുതൽ പ്രകാശിച്ചുകൊണ്ടേയിരുന്നു. മേളയിൽ പങ്കെടുത്തവരെല്ലാം അതിൽ എണ്ണ പകർന്നു. അനിത്യവും അസുഖകരവുമാണീ ലോകമെങ്കിലും പരസ്‌പരാനന്ദത്തിന്റെ മാർഗ്ഗത്തിലൂടെ ശാന്തിയുടെ താഴ്‌വരയിലേക്കുളള ദർശനത്തിന്റെ ഈ യാത്ര തുടരേണ്ടതാണെന്ന്‌ യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ഈ വലിയ ലോകമോ അതിലെ തിന്മകളോ ഈ ചെറിയ സദസ്സിനെ ഭയപ്പെടുത്തിയില്ല. വ്യക്തമായ ജീവിതദർശനം ഉൾക്കൊളളുന്ന ഈ ആശയവുമായി നമുക്ക്‌ മുന്നോട്ടു പോകാം.

നിരന്തരമായ സാധന ഇതിനാവശ്യമാണ്‌. ഒരു ആത്മ പരിശോധന-ഈ ലോകത്തു നടക്കുന്ന അനിഷ്‌ടമായ സംഭവങ്ങൾ കണ്ട്‌ ദുഃഖിച്ച്‌ ഈ ലോകത്തെത്തന്നെ പഠിപ്പിക്കുവാൻ നാം വളർന്നിരിക്കുന്നു! എങ്കിലും നാം ശരിയായി ആചരിക്കേണ്ടിയിരിക്കുന്നു. ഈ അറിവെല്ലാം വെച്ചുകെട്ടിക്കൊണ്ട്‌ എത്രവലിയ കുരിശുമായാണ്‌ ഓരോരുത്തരും നടക്കുന്നത്‌! ടോൾസ്‌റ്റോയി പറഞ്ഞതുപോലെ യേശു ഒരു ദിവസം കുരിശുമായി നടന്നപ്പോൾ അനശ്വരനായി. എന്നാൽ ഇവിടെ പാവം മനുഷ്യർ ജനനം മുതൽ മരണം വരെ ഇതാ കുരിശുമായി നടക്കുന്നു. എന്നിട്ടും ദുഃഖം ഒഴിവാകുന്നില്ല. എന്തുകൊണ്ട്‌? യേശു കുരിശ്‌ ഏന്തിയത്‌ ഒരാദർശത്തിന്റെ പേരിലായിരുന്നു. ഇവിടെ ആദർശശുദ്ധി ഇല്ലാത്തതിനാൽ കുരിശും ചുമന്ന്‌ ദുഃഖിതരായി കഴിയുന്നു.

നമുക്കറിയാം, ‘മിതമായ ആഹാരം അമിതമായ ആനന്ദം നല്‌കും’. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും നാം നാക്കിനടിമപ്പെട്ട്‌ സ്വാദുനോക്കി ഗുണംനോക്കാതെ വേണ്ടതിലേറെ ഭക്ഷിച്ച്‌ രോഗം വരുത്തുന്നു. ഭക്ഷണം കഴിഞ്ഞാൽ നാക്കിന്റെ അടുത്തപണി അന്നം മുതൽ അന്നന്റെ വരെ വിഷയങ്ങളെക്കുറിച്ചുളള വിമർശനം. ആർക്കും മുറിവേല്‌ക്കും വിധം സംസാരിക്കരുത്‌. ക്ഷമിക്കുവാൻ വയ്യാത്ത ഒരു കാര്യവും ലോകത്തില്ല എന്നും നമുക്കറിയാം. എങ്കിലും സംസാരത്തിൽ പലപ്പോഴും നിയന്ത്രണം വിട്ട്‌ നമുക്കും മറ്റുളളവർക്കും ദുഃഖം ഉണ്ടാക്കുന്നു. എല്ലാം കഴിഞ്ഞപ്പോൾ തലവേദന. ഒരു ഗുളിക കൂടി കഴിച്ച്‌ നേരത്തെ തന്നെ അസ്വസ്ഥമാക്കിയിരുന്ന ആന്തരിക അവയവങ്ങളെ വീണ്ടും കുഴപ്പത്തിലാക്കുന്നു.

മൈത്രീഭാവനയും പരസ്‌പരാനന്ദജീവിതവും ഒക്കെ നമുക്ക്‌ അറിയാമെങ്കിലും അത്‌ അനുഭവത്തിൽ വരുന്നുവോ? ത്യാഗം കൊണ്ട്‌ ശാന്തി കിട്ടുമെന്ന്‌ അറിയാമെങ്കിലും ആ അറിവ്‌ മസ്‌തിഷ്‌കത്തിൽ നിന്ന്‌ കൈകളിൽ എത്തുന്നുണ്ടോ? നമ്മുടെ പൂർണ്ണവികാസത്തിനാവശ്യമായ സ്വധർമ്മാചരണം ഭംഗിയായി അനുഷ്‌ഠിക്കുവാൻ കഴിയുന്നുണ്ടോ? അറിവും നമ്മളും തമ്മിൽ ഇപ്പോൾ എന്തുദൂരം? ശരിയായി നാം നമ്മളെ ഒന്നുനോക്കി കാണുക. നമ്മുടെ സ്ഥാനം നമുക്ക്‌ നിർണ്ണയിക്കാമല്ലോ. ശ്രദ്ധയോടെ മറ്റുളളവരുടെ തെറ്റുകൾ കണ്ടുപിടിക്കാൻ നമുക്ക്‌ കഴിയുന്നു. മഹാത്മാക്കളെയോ മൺമറഞ്ഞവരെയോ നമ്മുടെ ബുദ്ധി വെറുതെ വിടുന്നില്ല. നാം ഒന്നും ചെയ്യുന്നില്ലെങ്കിലും സമൂഹത്തിന്‌ നന്മചെയ്യുന്നവരെ നാം സംശയദൃഷ്‌ടിയോടെ വീക്ഷിക്കുന്നു. നാം എങ്ങോട്ട്‌ പോകുന്നു? എന്ന്‌ നാം നന്നാകും?

അനുഷ്‌ഠാനമില്ലാത്ത പണ്‌ഡിതന്മാരെക്കുറിച്ച്‌ ജ്ഞാനേശ്വരൻ പറയുന്നു. ഇതെല്ലാം മയിൽപ്പീലിയിൽ കാണുന്ന മനോഹരമായ കണ്ണുകൾ പോലെയാണ്‌. ഇതിനൊന്നും കാഴ്‌ചശക്തിയില്ല- വിശക്കുന്നവരുടെ വയറിനുപുറത്ത്‌ ആഹാരം വെച്ചുകെട്ടുന്നതുപോലെയോ, ജീവനില്ലാത്ത ശരീരത്തിൽ ആടയാഭരണങ്ങൾ അണിയിക്കുന്നതുപോലെയോ ഈ അറിവ്‌ അർത്ഥ ശൂന്യമാണ്‌. ഇനി മണ്ണിൽ എഴുതിപ്പഠിക്കാം.

ഇവിടെ നമുക്ക്‌ ഒരു കല്ലിടാം. പ്രയോഗതലത്തിലേക്ക്‌ ഒരു സേതുബന്ധനം അസാദ്ധ്യമായതല്ല.

പണ്ട്‌ കുരങ്ങന്മാർ രാമേശ്വരത്തുവന്ന്‌ കടൽ കണ്ട്‌ ഭയപ്പെട്ടതാണ്‌. രാമന്റെ ഇച്ഛാനുസരണം കൂട്ടായി പരിശ്രമിച്ച്‌ അവർ സേതുബന്ധനം നടത്തി. നാമിപ്പോൾ കുരങ്ങന്മാരല്ലല്ലോ! മനുഷ്യരല്ലേ, സാധനവഴി കർമ്മത്തിലൂടെ നമുക്ക്‌ പ്രശ്‌നങ്ങൾ തരണം ചെയ്യാം. ശാന്തിയും സമാധാനവും നേടാം, നല്‌കാം. കുട്ടികളെപ്പോലെ ഉത്സാഹത്തോടെ പരിശ്രമിക്കാം.

അറിവ്‌, ആചരണത്തിൽ എത്തുന്നതിനുളള പ്രധാന തടസ്സം അറിവില്ലായ്‌മ തന്നെയാണ്‌. ത്യാഗം കൊണ്ട്‌ അമൃതത്വം നേടാമെന്ന്‌ നമുക്കറിയാമെങ്കിലും മർക്കടനെ പോലെ ഭൗതികസുഖങ്ങളുടെ പിടിവിടാൻ നാം തയ്യാറാവുന്നില്ല. കടയിൽ കയറിയ മർക്കടൻ കൂജയിൽ കൈയിട്ട്‌ അണ്ടിപ്പരിപ്പ്‌ എടുക്കുന്നു. പരിപ്പുമായി കൈ തിരികെ എടുക്കുവാന കഴിയുന്നില്ല. മർക്കടമുഷ്‌ടി. പാവം വ്യാപാരിയുടെ തല്ല്‌ കൊളേളണ്ടിവരുന്നു.

ശരിയായ തലത്തിലേക്ക്‌ ഉയരുക. ദൗർബല്യങ്ങൾ ദുർബലന്മാർക്കുളളതാണ്‌. അറിവിൽ നിന്ന്‌ ജീവിതത്തിലേക്കുളള ഈ സേതുബന്ധനത്തിന്റെ കല്ലിടുവാൻ മുഹൂർത്തം നോക്കേണ്ടതില്ല; തുടങ്ങുക.

ഉദ്ധരേദാത്മനാത്മനാം നാത്മാനമവ സാദയേത്‌

ഒരുവൻ സ്വയം കരയേറ്റപ്പെടണം തന്നത്താൻ താഴെപ്പതിക്കാൻ പാടില്ല.

Generated from archived content: essay11_july_05.html Author: dr_p_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English