രാമായണത്തിന്‌ ഇരുൾ നശിക്കണമെന്ന്‌ അർത്ഥമില്ല

“രാമായണം” എന്ന വാക്കിന്‌ ‘രാ’ രാത്രിയാണെന്നും ‘മായണം’ നശിക്കണമെന്നും രണ്ടും ചേർന്ന്‌ ഇരുൾ നശിക്കണമെന്ന അർത്ഥം കുറിക്കുന്നെന്നും പറയപ്പെടുന്നു.

‘രാമായണം’ എന്ന വാക്ക്‌ മലയാളമല്ല. സംസ്‌കൃതമാണ്‌. സംസ്‌കൃതത്തിൽ ‘രാ’ എന്നതിന്‌ സ്വർണ്ണം എന്നല്ലാതെ രാത്രി എന്ന്‌ അർത്ഥമില്ല. ഏതാണ്ട്‌ ഇരുപത്തിയഞ്ച്‌ നൂറ്റാണ്ട്‌ പഴക്കമുളള വാല്‌മീകിയുടെ രചനയിൽ മലയാളത്തിൽ നിന്ന്‌ ഒരു പദം കടന്ന്‌ കൂടാൻ യാതൊരു വഴിയും കാണുന്നില്ല. ‘മായണം’ എന്നും സംസ്‌കൃതത്തിൽ വാക്കില്ല. മലയാളത്തിലെ മായണം എന്ന ക്രിയാ പദത്തോട്‌ കൂടി ‘മായുകവേണം’ എന്ന്‌ വിവക്ഷിച്ചു കിട്ടുന്നതാണ്‌ മായണം.

“രാമായണം” എന്ന വാക്കിന്‌ സംസ്‌കൃതത്തിൽ അർത്ഥം ഇപ്രകാരമാണ്‌.

യോഗികളുടെ മനസ്സ്‌ ആരിൽ രമിക്കുന്നുവോ അവൻ രാമൻ. യോഗികൾക്ക്‌ ആനന്ദം നൽകുന്നവനെന്ന്‌ താല്‌പര്യം. പ്രജകളെ രമിപ്പിക്കുന്നവൻ എന്ന യൗഗികാർത്ഥവും ചിലർ പറയാറുണ്ട്‌. അയനം, ഗതി, സഞ്ചാരം, മാർഗം എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കുന്നു.

ഇപ്രകാരം അവയാവർത്ഥം വച്ചുനോക്കുമ്പോൾ രാമന്റെ അയനം, അതായത്‌ സീതാന്വേഷണത്തിന്‌ രാമൻ നടത്തിയ യാത്ര എന്നർത്ഥമാണ്‌ രാമായണ ശബ്‌ദത്തിനുളളത്‌.

Generated from archived content: essay6_oct25_05.html Author: dr_k_vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here