അമ്മ ഉരുകി, പ്രിയ മകനെ അടക്കി,
അമ്മട്ടിൽ അലറി അറഞ്ഞു, കണ്ണീർപ്പുഴ
തന്നുളളിലും പുറത്തും ഇറ്റിച്ച യാതന
തിന്നും തീപ്പക്ഷിയായ് ചിണുങ്ങി, സഗദ്‌ഗദം.
പട്ടുപോയി മക്കളേ, ഈ ജന്മം നമ്മളെ
ഇട്ടുമൂടാൻ മാത്രം ദുരിതമേറുന്നുനാൾക്കുനാൾ.
വിട്ടുപോയ് നമ്മെ വായ്‌ക്കരി, കുടിവെളളം, പിച്ച
ച്ചട്ടി വയ്‌ക്കും കീറ്റു മണ്ണിലെ കിടപ്പാടം
തെണ്ടികളാക്കി, വികസനഗോഷ്‌ടികൊണ്ടൂറ്റി,
ഇണ്ടലൂട്ടി, ഏറെ ദശാബ്‌ദങ്ങൾ നമ്മെ
ചെണ്ടകൊട്ടിഭ്രമിപ്പിച്ചീനാടുകുളംതോണ്ടി,
ചണ്ടിയാക്കി, അഴുകുഴചവിട്ടിക്കുഴച്ചു!
പിണ്ഡച്ചോറാക്കി ഉരുട്ടിയാ ബഹുരാഷ്‌ട്ര
കുണ്ടന്മാർക്ക് വെളളിക്കിണ്ണത്തിൽ വച്ചുനീട്ടി,
തണ്ടെല്ലുവളച്ചു കണ്‌ഠകൗപീനമാക്കി,
മണ്ടൻമാർ പച്ചപരിഷ്‌കാരം നടിക്കുന്നു.
മുമ്പിൽകേറി ബഹുവിധ വേലകളൊപ്പി-
ച്ചമ്പൊടഞ്ചാംപത്തികളെപോറ്റി, രണ്ടു
കൊമ്പും നെഞ്ചിൽ ദുരയും കോലം കെട്ടിച്ചിമ്പം
കമ്പമാക്കും വിധം, വോട്ടു ചെയ്യിക്കാനെത്തും
കൊമ്പന്മാരെ ചെറുക്കുവാൻ, കുലുക്കം കുട
കുംഭതൻ താളത്തിലിരുൾ വെളിച്ചമാക്കി,
അമ്പരപ്പിച്ചുമയക്കുമാമയക്കത്തിൽ,
കമ്പത്തുമ്പത്തോ; സുഖനിദ്ര സഹോദരാ!
Generated from archived content: poem1_june22_06.html Author: dr_babyvarghese
Click this button or press Ctrl+G to toggle between Malayalam and English