ഊഷര ഭൂമിയിൽ

പഴയ പരിസരം

ഇരുളുന്നു പിന്നെയും

പകലന്തികൾ ഭേദമില്ലാതെ

നടന്നുതീർത്ത വഴികൾ,

കൊങ്ങിണിക്കാടുകൾ കാവൽ നിൽക്കും

മുൾവേലികൾ, പരിചിതഭാവം നടിച്ച്‌

പറന്നു പൊങ്ങും ശലഭങ്ങൾ,

ഇളംകാറ്റിന്റെ മൃദു സ്‌പർശത്തിൽ

കുളിർ ചൂടും സുമങ്ങൾ…

എല്ലാം നോക്കിക്കണ്ടും കൊണ്ടും

നടന്ന മാർഗ്ഗങ്ങളിൽ ഇരുൾ പരക്കുന്നു.

പ്രകാശം അകലെയാണെന്നും

പ്രസന്നഭാവം പൂണ്ട്‌

പുലർകാലം വരുമെന്നും കരുതി

പ്രതീക്ഷാപൂർവ്വം കാത്തിരുന്ന ഋതുക്കൾ

ഓരോന്നോരോന്നായി പൊഴിഞ്ഞു

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന

സ്നേഹതീരങ്ങൾ ഇരുണ്ടു.

അന്യോന്യം ഉരുമ്മിച്ചേർന്ന്‌ കഴിഞ്ഞ്‌

അയൽപക്കം അന്യരെപ്പോലെ അകന്നു.

കുടിലുകൾ കത്തിയമരുന്നത്‌

നിർവ്വികാരതയോടെ നോക്കി നിന്നു;

എല്ലാം ഒരു പ്രഹേളികപോലെ

എവിടെയോ എന്തൊക്കെയോ

ചീഞ്ഞുനാറുന്നു

നാസാരന്ധ്രങ്ങൾ പൊത്തിപ്പിടിച്ച്‌

നഷ്‌ടസ്വപ്‌നങ്ങൾ അയവിറക്കിക്കൊണ്ട്‌

താൻ എല്ലാം നേരെയാവുമെന്ന വിശ്വാസം

ഇനിയും അവശേഷിപ്പിച്ചുകൊണ്ട്‌

അന്തിവെളിച്ചം മങ്ങി

ഇരുൾ പരക്കുമ്പോഴും

ശുഭാപ്‌തി വിശ്വാസം കൈവിടാതെ

താനിവിടെ ഒറ്റയ്‌ക്ക്‌

Generated from archived content: poem5_july_05.html Author: dheerapalan_chalippat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here