ഇനി നമുക്ക്‌ രക്ഷയില്ലെന്നുവരുമോ…?

അടുക്കള മുതൽ മന്ത്രിസഭകൾ വരെ രാവും പകലും അഗ്നി പടർന്നു വ്യാപിക്കുകയാണ്‌. വീടെന്നോ ഗർഭിണിയെന്നോ വിവാഹസ്ഥലമെന്നോ പുണ്യദിനമെന്നോ യാതൊരു പരിഗണനയും കൊടുക്കാതെ പ്രളയാഗ്നി അതിവേഗം സർവ്വതിനേയും വിഴുങ്ങികൊണ്ടിരിക്കുന്നു.

ഇത്ര എവിടെ നിന്നുവന്നു? ഭൂമിയിൽ ഇന്നുളള മനുഷ്യസ്‌നേഹികൾക്കാർക്കും തടഞ്ഞു നിർത്താൻ കഴിയാത്തവണ്ണം ഇളകിയ കടലിനേക്കാൾ ശക്തിയായി അഗ്നി അടിച്ചുകയറുകയാണ്‌. ഇത്‌ കലികാലമാണെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും വേദപുസ്‌തകങ്ങളിൽ ഉണ്ടെന്നും ശരിക്കുളളത്‌ വരാനിരിക്കുന്നതെയുളളുവെന്നും പറഞ്ഞ്‌ പലരും നമ്മെ സമാധാനിപ്പിക്കുന്നു. സ്വയം സമാധാനിക്കുകയും ചെയ്യുന്നു. നാം ഓരോരുത്തരും മരിക്കുന്നതിന്‌ എത്രയോ മുമ്പ്‌ നമ്മുടെ പൗരുഷം മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിനു തെളിവാണ്‌ ഈ സമാധാനം. അതുകൊണ്ടാണ്‌ ഇപ്പോഴും ഇത്ര വലിയ കല്യാണാഘോഷങ്ങളും പെരുന്നാളുകളും നടത്തി നമുക്ക്‌ സന്തോഷിക്കുവാൻ കഴിയുന്നത്‌.

മനുഷ്യൻ ഇത്രമാത്രം അധഃപതിച്ചു പോയതെന്തുകൊണ്ട്‌ എന്ന അന്വേഷണം മനുഷ്യനോളം തന്നെ പഴക്കമുളളതാണ്‌. പല കണ്ടെത്തലുകളും പരിഹാരക്രിയകളും നടന്നിട്ടുണ്ട്‌. നടന്നുകൊണ്ടിരിക്കുന്നുമുണ്ട്‌. എന്നിട്ടും അഗ്നി പടരുന്നതെന്തുകൊണ്ട്‌? ഒരു പോംവഴി ഇല്ലെന്നു വരുമോ? ഈ ചോദ്യത്തിന്റെ മുമ്പിലാണ്‌ ദർശനവും ചെന്ന്‌ നിൽക്കുന്നത്‌. വായനക്കാർ ഓരോരുത്തരും ഇത്‌ ചിന്താവിഷയമാക്കണം. ഒരാളോടുളള വൈരാഗ്യം തീർക്കാൻ ഒരു രാഷ്‌ട്രം മുഴുവൻ നശിപ്പിക്കത്തക്കവണ്ണം വൈരാഗ്നി കൊണ്ടു നടക്കാൻ ഒരു മനുഷ്യന്‌ കഴിയും. അതു തലമുറ തലമുറയായി നിലനിർത്താനും കഴിയും. ഭൂമിയിലെ മറ്റൊരു ജന്തുവിനും ഈ കഴിവില്ല. ഈ വഴി ചിന്തിക്കുമ്പോൾ നാം ആദ്യം മനസ്സിലാക്കേണ്ടത്‌ -ആദ്യം ഉറപ്പിക്കേണ്ടത്‌-മനുഷ്യവർഗ്ഗമാണ്‌ ഭൂമിയുടെ ഇന്നത്തെ ശാപം എന്നാണ്‌. ഭൂമിയുടെ മഹാനുഗ്രഹമായി ഉയരാൻ കഴിയുന്ന മനുഷ്യൻ എന്തുകൊണ്ട്‌ ഇത്രമാത്രം താണുപോയി? ഈ ചോദ്യം മുൻപിൽ വരുമ്പോൾ മനുഷ്യമനസ്സിലേക്ക്‌ കടന്നു ചെല്ലേണ്ടിവരും. മനുഷ്യനെന്നാൽ മുഖ്യമായും മനസ്സാണ്‌. ഓരോ മനുഷ്യനിലും മനസ്സു രൂപപ്പെട്ടു വരുന്നതെങ്ങനെ. സ്വന്തം അനുഭവങ്ങൾക്കും ജീവിക്കുന്ന സാഹചര്യത്തിനും മനസ്സിന്റെ രൂപീകരണത്തിൽ പങ്കുണ്ട്‌ എന്നു കണ്ടെത്താം. മുലപ്പാല്‌ നുണഞ്ഞ്‌ കുടിക്കുമ്പോൾ അവൻ വീട്ടിലേതായി. ഒരു വയസ്സാകുമ്പോൾതന്നെ പലകുട്ടികളും മറ്റുളളവരെ കണ്ട്‌ ഭയപ്പെടുന്നു. അവരെടുത്താലും കരയുന്നു. ഇവൻ എന്റേതല്ല എന്ന ബോധം മനസ്സിൽ ഉറച്ചുവരുന്നതിന്റെ ലക്ഷണമാണിത്‌. സാവധാനം തന്റേതായ ആൾക്കാരുടെ ഒരു ലോകം അവൻ സൃഷ്‌ടിച്ചെടുക്കുന്നു. മരണംവരെ ഈ ലോകത്താണ്‌ ജീവിക്കുന്നത്‌. അതിൽനിന്നു പലരും പുറത്തുപോയെന്നും പലരും അകത്തുവന്നെന്നും വരാം എന്നാൽ ഇന്നത്തെ സാഹചര്യം ഓരോരുത്തർക്കും ഓരോ ലോകം മെനഞ്ഞുകൊടുക്കുന്നതാണ്‌. ഒരു കുട്ടിയുടെ വീട്‌, വസ്‌ത്രധാരണരീതി, അവന്റെ ഭാഷ, വിദ്യാഭ്യാസം, ആർജ്ജനത്വര, ത്യജനം, സഞ്ചാരം തുടങ്ങിയ എല്ലാം മറ്റൊരാളിന്റെ ലോകത്തിൽനിന്നും വ്യത്യസ്‌തമാണ്‌ തന്റെ ലോകം എന്നുറപ്പിക്കുന്നതാണ്‌. കല്യാണസ്ഥലത്തോ ഉത്സവാഘോഷങ്ങളിലോ ഒരുവൻ ചെന്നാൽ അവരുടെ ലോകത്തുനിന്ന്‌ വന്നിട്ടുളളവരെ ചെന്നുകണ്ട്‌ അവരുമായി ഒന്നിച്ച്‌ കഴിയാനാണ്‌ ശ്രമിക്കുക. പുതിയ പരിചയങ്ങൾ പലർക്കും വേണ്ട. പുതിയ പരിചയങ്ങളെ ആവശ്യപ്പെടത്തക്കവണ്ണം അവന്റെ ലോകത്തെ വിശാലമാക്കാൻ അനുഭവങ്ങളും സാഹചര്യങ്ങളും അനുവദിക്കുന്നില്ല.

ലോകത്ത്‌ ഇന്നു കാണുന്ന നാനാതരം ഗ്രൂപ്പുകളുടെ അടിസ്ഥാനം പരസ്‌പരം ബന്ധപ്പെട്ടു ജീവിക്കാനുളള ഈ മടിയാണ്‌. ലോകമാസകലം മനുഷ്യവർഗ്ഗം ഒരു മഹാ നാടകത്തിലെ നടന്മാരാണെന്ന സത്യം ബാല്യകാലത്തിൽതന്നെ ഉറപ്പാക്കാൻ ശ്രദ്ധിക്കാതെ വന്നതാണ്‌ സർവ്വത്ര മുറിഞ്ഞുപോകാൻ ഇടയാക്കിയത്‌. ഓരോ കുട്ടിയും ജനിക്കുന്നതും വളരുന്നതും വിശ്വമഹാ കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയ്‌ക്കായിരിക്കേണ്ടതാണ്‌. അതാണ്‌ സത്യം. ഒരുവിധ വൈവിധ്യവും അകലാൻ കാരണമായിക്കൂടാ. വില്ലനും ബഫൂണും മാതൃകാ കഥാപാത്രവും ഒക്കെ ഈ നാടകത്തിന്‌ ആവശ്യമാണ്‌. അതുകൊണ്ടാണ്‌ അതെല്ലാം ഉണ്ടായിരിക്കുന്നത്‌. ഹൃദ്യമായ ഈ സത്യം അനുദിനജീവിതത്തിൽ സാക്ഷാത്‌കരിക്കാൻ ശ്രമിക്കാതിരുന്നതിന്റെ ഫലമായി നാം തുണ്ടുതുണ്ടുകളായി മുറിക്കപ്പെട്ടുപോയി.

Generated from archived content: essay3_june.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here