ഞാൻ എന്നോട്‌ തുറന്നു സംസാരിച്ചു നോക്കട്ടെ

ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ ഉളള്‌ ഇതുവരെ ഉണർന്നിട്ടില്ല. എന്റെ വിചാരവും ഞാനും തമ്മിൽ വളരെ അകലമുണ്ടെന്ന്‌ ശ്രദ്ധിക്കുമ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്‌. എന്താ നിവൃത്തി? സാമൂഹ്യരംഗത്ത്‌ പുതുതായി തുടങ്ങേണ്ട പ്രവർത്തനം പലരോടും വിവരിച്ച്‌ വെളിപ്പെടുത്താറുണ്ട്‌. എന്നാൽ ഞാൻ ഇപ്പോഴും മറ്റുളളവരേക്കാൾ കഷ്‌ടത്തിലാണ്‌. അറിയുന്നു, വിചാരിക്കുന്നു, എഴുതുന്നു, പറയുന്നു, എന്നാലും ആയിത്തീരുന്നില്ല. ഇതെന്തൊരു തമാശ.

മറ്റുളളവരെ ഒരേ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ സ്വന്തമായി കാണണമെന്ന്‌ എനിക്കറിയാം. സാമൂഹ്യപ്രവർത്തകർ പ്രത്യേകിച്ചും ഓരോ മനുഷ്യനും മറ്റ്‌ ഏതൊരു മനുഷ്യനേയും ഹൃദ്യതയോടെ കാണണം. അന്യോന്യതയിൽ നിന്നാണ്‌ ആനന്ദം ഉറവാകുന്നത്‌. ഈ ബോധ്യം എനിക്കുണ്ട്‌. അനുഭവം പറയട്ടെ. മറ്റു മതസ്ഥരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നറിയുമ്പോൾ, മറ്റു മതസ്ഥർക്ക്‌ സമ്പത്ത്‌ വർദ്ധിക്കുന്നതു കാണുമ്പോൾ എനിക്ക്‌ നഷ്‌ടബോധം ഉണ്ടാകുന്നു. ഞാൻ പിൻതളളപ്പെട്ടുപോകുന്നുവെന്നു തോന്നുന്നു. മറ്റു മതസ്ഥരിൽ കുറ്റവാളികൾ വർദ്ധിക്കുന്നു, അവർ പോരാട്ടത്തിൽ പരാജയപ്പെടുന്നു. അവരിൽ രോഗികൾ കൂടുതലായി വരുന്നു, ദാരിദ്ര്യം അവരിൽ വർദ്ധിക്കുന്നു. അവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാകുന്നു എന്നറിയുമ്പോൾ എനിക്ക്‌ ‘അവന്റെ കൊമ്പ്‌ ഒടിഞ്ഞല്ലോ’ എന്നൊരാശ്വാസം അനുഭവമാകുന്നു. എല്ലാ പ്രാണികളെയും മിത്രങ്ങളായും എല്ലാവരും പരസ്‌പരം മിത്രങ്ങളായും കാണണമെന്ന്‌ ഞാൻ പരിശുദ്ധ ഖുറാനിലും ബൈബിളിലും ഭാഗവതത്തിലും കണ്ട്‌ സാദരം അംഗീകരിച്ചിട്ടുണ്ട്‌. എന്തുഫലം? ഉളളിൽ അന്യരോട്‌ ശത്രുത പുലർത്തുവാൻ എനിക്കുളള കഴിവ്‌ അത്ഭുതം തന്നെ. ഈ കഴിവ്‌ എനിക്കെങ്ങിനെ കിട്ടി? പരമ്പരാഗത സമ്പാദ്യം ആയിരിക്കാം. സാഹചര്യത്തിൽ നിന്നുകിട്ടിയതുമായിരിക്കാം.

എനിക്ക്‌ എല്ലാവരേയും ഉൾക്കൊളളാൻ ആഗ്രഹമുണ്ട്‌. സാധിക്കുന്നില്ല. എന്റെ രാഷ്‌ട്രം ഒഴിച്ച്‌ മറ്റെല്ലാ രാഷ്‌ട്രങ്ങളും എനിക്കന്യമാണ്‌. ദർശനം നിർദ്ദേശിക്കാറുളളതുപോലെ ഭൂമിക്കാരൻ എന്നു വിചാരിക്കാൻ ഞാൻ എന്നെ ഉപദേശിക്കുന്നുണ്ട്‌. അതാണ്‌ ശരിയെന്ന്‌ എനിക്ക്‌ അറിയുകയും ചെയ്യാം. എന്നിട്ടും അന്യരാഷ്‌ട്രം, അന്യമതം, അന്യജാതി, അന്യപാർട്ടി, അന്യവീട്‌ ഈ തോന്നലാണ്‌ എന്റെ മനസ്സിനിഷ്‌ടം. എന്തിന്‌ എന്റെ ബന്ധുവീടിന്റെ ഉയർച്ച എനിക്കസഹ്യമായിത്തീരുന്നു. എന്റെ കൂടെ എനിക്കുവേണ്ടി പ്രവർത്തിക്കുന്ന ആൾ എന്നെക്കാൾ അഭിമതനായിത്തീരുന്നതു കാണുമ്പോൾ എനിക്ക്‌ അസഹ്യത തോന്നുന്നു. ഏതു മരുന്നുസേവിച്ചാലാണ്‌ ഈ രോഗത്തിൽനിന്നു രക്ഷനേടുക. എനിക്കറിഞ്ഞുകൂടാ. ഒരുകാര്യം വ്യക്തമായി എനിക്കറിയാം. അറിവുവേണം; അറിവുപോരാ, വിചാരം വേണം; വിചാരം പോരാ, ഭാവന വേണം; ഭാവന പോരാ.

സംസർഗ്ഗം ഇതിലൊക്കെ ഫലപ്രദമായേക്കുമെന്ന്‌ എനിക്കു തോന്നാറുണ്ട്‌. അന്യരുമായുളള ബോധപൂർവ്വവും ഹൃദ്യവുമായ സംസർഗ്ഗം, അന്യോന്യം വീടുകളിൽ പോകുക, കൊടുക്കുകയും വാങ്ങുകയും ചെയ്യുക, സന്തോഷമായി ഇടപെടുക, ഒന്നിച്ചു നടക്കുക, ഒന്നിച്ച്‌ ജോലി ചെയ്യുക, സംസാരിക്കുക, ആശ്ലേഷിക്കുക, അതൊക്കെ പ്രയോജനം ചെയ്യുമെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. അതുപോലെ പ്രധാനമാണ്‌ മറ്റുളളവർക്ക്‌ ഞാൻ മുഖേന അസഹ്യത ഉണ്ടാവാതിരിക്കണം എന്ന്‌ കരുതുന്നതും.

മറ്റൊരു കാര്യം എനിക്ക്‌ തോന്നീട്ടുളളതു പറയട്ടെ. ഞാൻ ഒരു സാധാരണക്കാരനാണ്‌. എന്റെ വീട്ടിലുളളവരും അയൽക്കാരുമെല്ലാം എന്നോട്‌ അകന്നുപെരുമാറാൻ തുടങ്ങിയാൽ എന്റെ മനസ്സ്‌ അസ്വസ്ഥമാകും. ബന്ധം നിലനിറുത്താൻ കഴിയാതെവരും. അന്യോന്യത ഒരു പരസ്‌പര കാര്യമായാലെ സാധാരണക്കാരന്‌ നിലനിറുത്തുവാൻ കഴിയൂ എന്നാണെന്റെ അനുഭവം. മറ്റുളളവർക്ക്‌ സുഗന്ധം പരത്തിക്കൊണ്ട്‌ സ്വയം എരിയുവാൻ എനിക്കാവില്ല. ചെറുതാലങ്ങൾ കത്തിനിൽക്കുന്നതുപോലെ കെട്ടം പരസ്‌പരം കൊളുത്തിയും നിലനിന്നുകൊണ്ട്‌ ചെറിയ വെട്ടം നൽകാനേ കഴിയൂ. അടുത്ത ആൾ ഊതിയാൽ ഞാൻ കെട്ടുപോകും. ഞാൻ ഊതിയാൽ അദ്ദേഹത്തിന്റെ തിരിയും കെട്ടുപോകും. എല്ലാം കത്തിനിന്നാൽ നല്ല ഐശ്വര്യമായിരിക്കും. ഇടയ്‌ക്ക്‌ ചിലത്‌ കെട്ടാലും ശോഭ കുറയുകയില്ല. ഇത്തരത്തിലായാൽ മതിയായിരുന്നു നമ്മുടെ സമൂഹം. അതുകൊണ്ട്‌ എനിക്കുമാത്രമായി ഒരു പരിധിക്കപ്പുറം വിശാലമനസ്സാവാൻ കഴിയില്ല എന്നാണെനിക്കു തോന്നുന്നത്‌.

ഏതായാലും ഒരുകാര്യം ഞാൻ സമ്മതിക്കുന്നു. മറ്റൊരു മനുഷ്യനെ സ്വന്തമായി കണ്ടു പെരുമാറാൻ എനിക്കു കഴിയുന്നില്ലെങ്കിൽ എന്റെ ഇഹപരജീവിതങ്ങൾ നഷ്‌ടംതന്നെ. അതുകൊണ്ട്‌ ഞാൻ എന്നോടും എല്ലാവരോടും വിനയപൂർവ്വം അപേക്ഷിക്കുന്നു. നമുക്ക്‌ പരസ്‌പരം ഉൾക്കൊണ്ട്‌ ഇവിടെ ആനന്ദമായി ഉളളകാലം ജീവിക്കുവാൻ ഒന്നിച്ചു ശ്രമിച്ചുനോക്കാം. ഞാൻ ഈശ്വരവിശ്വാസിയാണ്‌. എന്റെ മതക്കാരെ സൃഷ്‌ടിച്ച അതേ കൈകൊണ്ടുതന്നെയാണല്ലോ എന്റെ ശത്രുവെന്ന്‌ ഞാൻ കരുതുന്ന മതക്കാരെയും സൃഷ്‌ടിച്ചത്‌, എന്തെല്ലാം ഭേദങ്ങളും ന്യൂനതകളും ഉണ്ടെങ്കിലും എല്ലാവരും അവിടുത്തെ സംരക്ഷണത്തിലാണല്ലോ. ഞാൻ എല്ലാവരേയും എന്റേതെന്നു കാണേണ്ടേ. മറ്റൊരു ഗ്രന്ഥത്തെ ആദരിച്ചുപോയാൽ എന്റെ ഗ്രന്ഥത്തോടുളള ആദരവിന്‌ കുറവ്‌ സംഭവിക്കുമെന്നു കരുതുന്നത്‌ ഈശ്വരനിന്ദയാവില്ലേ. ഒരിക്കലും ഞാൻ അങ്ങനെ വിചാരിച്ചുകൂടാ. ഞാൻ എന്റെ വിശ്വാസാചാരങ്ങൾക്കുപുറത്തുളളവരെ ആദരിച്ചാൽ അത്‌ ഞാൻ വിശ്വസിച്ചാദരിച്ചുപോരുന്നവരോടുളള ബന്ധം വർദ്ധിപ്പിക്കുകയേയുളളു എന്നു ഞാൻ കരുതണം. ഗുണങ്ങളെയാണ്‌ ഞാൻ ആദരിക്കുന്നത്‌. അതെവിടെ കണ്ടാലും ആദരിക്കാം. അനുകരിക്കാം. എവിടെയുണ്ട്‌ എന്ന്‌ അന്വേഷിക്കുകയും ചെയ്യാം. ഒരു പരിധിക്കപ്പുറമുളളതൊന്നും എനിക്കന്വേഷിച്ചിട്ടു കാര്യമില്ല എന്ന കാഴ്‌ചപ്പാടിൽ മറ്റുളളവരെ തളളിയാൽ ക്രമേണ ഞാൻ സങ്കുചിതനായിപ്പോകും. എത്ര ഭീമമായ നഷ്‌ടമായിരിക്കും അത്‌. മനുഷ്യരാശിക്ക്‌ അഭിമാനിക്കാവുന്ന എത്രയോ വ്യക്തികളെ അവർ എന്റെ കൂട്ടത്തിൽപ്പെട്ടവരല്ല; എന്ന ധാരണയിൽ ശ്രദ്ധിക്കാതിരിക്കുന്നുണ്ട്‌. എന്തേ എനിക്കിങ്ങനെ തോന്നുന്നു. എന്റെ രക്ഷകർത്താക്കളും സമുദായവും അദ്ധ്യാപകരും ആരാധനാലയങ്ങളും ഗവൺമെന്റും എല്ലാം എന്നെ ഇങ്ങനെ സങ്കുചിതനാക്കിയതിൽ പങ്കുളളവരാണെന്ന്‌ എനിക്ക്‌ കണ്ടെത്താൻ കഴിയുന്നു. ഞാൻ ബാല്യത്തിലെ അതിന്‌ വശഗതനായിപ്പോയി. എന്റെ വേഷം, ഭാഷ, ആചാരം, വിശ്വാസം, പേര്‌ ഇതെല്ലാം വേറെ വേറെ ആയത്‌ എനിക്ക്‌ വേണ്ടപ്പെട്ട എന്റെ മനുഷ്യകൂട്ടായ്‌മയിൽനിന്ന്‌ എന്നെ വേറാക്കാനാണെന്ന്‌ അന്ന്‌ ഞാൻ ഒട്ടും അറിഞ്ഞില്ല. ഇന്ന്‌ എനിക്ക്‌ അബദ്ധം പറ്റിപ്പോയല്ലോ എന്ന വിചാരമുണ്ട്‌. എന്നാൽ തെറ്റായി രൂപപ്പെട്ടുപോയ സംസ്‌കാരത്തിൽനിന്ന്‌ മനസ്സ്‌ വിട്ടുപോരുന്നില്ല.

Generated from archived content: essay2_may7.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here