നാണയത്തിൽനിന്ന് ഭൂമിയിലേയ്‌ക്കും സർക്കാരിൽനിന്ന് മനുഷ്യനിലേക്കും മുഖംതിരിക്കുകയല്ലാതെ രക്ഷപ്പെടാൻ വേറൊരു വഴി ഞാൻ കാണുന്നില്ല. അയൽക്കാർ ഒന്നിച്ചുകൂടി അവരിൽ ഓരോരുത്തർക്കും സർക്കാരിൽനിന്നോ മറ്റുതരത്തിലോ കിട്ടുന്ന എല്ലാ വരുമാനങ്ങളും പരസ്‌പരം ആവശ്യാനുസരണം സന്തോഷമായി പങ്കിട്ടനുഭവിക്കാൻ മനസ്സായാൽ എത്ര ആനന്ദമാകും ജീവിതം. ഓരോരുത്തരും അവരവരിലേക്ക് പിടിമുറുക്കുന്ന ഇന്നത്തെ സമരശൈലി അവനവനും ലോകത്തിനും നാശമെ വരുത്തൂ. ദയവായി അയയൂ. സർക്കാരിന്റെ ശമ്പളം പറ്റി ജീവിക്കേണ്ടിവരുന്ന അടിമത്തത്തിൽനിന്ന് അന്യോന്യ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേയ്‌ക്ക് പുതിയ ചുവടുവയ്‌ക്കാൻ ധൈര്യപ്പെടൂ. സ്വസ്ഥത ആകെ നശിപ്പിച്ചിട്ട് വിജയം വരിക്കാനുളള ബുദ്ധിശൂന്യത നമുക്കിനി ഉപേക്ഷിക്കാം. പരസ്‌പരാനന്ദ ജീവിതത്തിലൂടെ അധികാരത്തിന്റെയും പ്രതിഫലത്തിന്റെയും അന്ധകാരത്തിൽ പ്രകാശം പരത്താം. നമുക്ക് അധികാരവും ശമ്പളവും വേണ്ടെന്നു വയ്‌ക്കുന്നതിനെപ്പറ്റി ഇനി എങ്കിലും ആലോചിക്കാം.
പരസ്‌പരാനന്ദ ജീവിതം – നാടാകെ പരിശ്രമിക്കുക
1. എല്ലാവരും സ്‌നേഹമായിരിക്കുക.
2. ആരോടും പിണങ്ങാതിരിക്കുക.
3. പിണക്കങ്ങൾ ‘സുല്ലിട്ട്’ അവസാനിപ്പിക്കുക.
4. എല്ലാവരേയും വേണ്ടപ്പെട്ടവരായി കരുതുക.
5. ആരും അന്യരല്ലെന്ന് ഉറപ്പാക്കുക.
6. ആരെ കാണുമ്പോഴും സ്വന്തമെന്ന് കരുതി ശീലിക്കുക.
7. മനസ്സിൽ വിഭാഗീയ വിചാരം പുലർത്താതെ മൈത്രീവിചാരം സദാ നിലനിർത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക.
8. ചെറുസമൂഹങ്ങളായി കൂടിയാലോചിച്ചു ജീവിച്ചുകൊണ്ട് ഭരണകൂടങ്ങളെയും നാണയത്തെയും കഴിവതും ഒഴിവാക്കാൻ നമുക്ക് ശ്രമമാരംഭിക്കാം.
9. അദ്ധ്വാനത്തിനു കൂലിയും ഉല്‌പന്നങ്ങൾക്ക് വിലയും വീട്ടിലെന്നപോലെ നാട്ടിലും വേണ്ടെന്ന് വരണം.
10. ഈശ്വരവിശ്വാസം മതത്തിലോ അവരവരിലോ മാത്രമായി ചുരുക്കാതെ, അതിരില്ലാത്ത സ്‌നേഹമായി വികസിപ്പിച്ചു കൊണ്ടേയിരിക്കണം.
Generated from archived content: essay2_dec.html Author: darshanam-pankajakshakuruppu