മാനുഷിക ധ്യാനം എങ്ങനെ നടത്തണം

എല്ലാവരും നിത്യേന മാനുഷിക ധ്യാനം പരിശീലിക്കണം. ആർക്കും സ്വയം പരിശീലിക്കാവുന്നതാണ്‌. അക്ഷരജ്ഞാനം പോലും വേണമെന്നില്ല. സ്‌ത്രീകൾക്കും കുട്ടികൾക്കും ആബാലവൃദ്ധം പരിശീലിക്കാവുന്നതേ ഉളളൂ. പണച്ചെലവില്ല. കുറച്ചുസമയം മതി. ഒറ്റയ്‌ക്ക്‌ ചെയ്യാം. രോഗാവസ്ഥയിലും ചെയ്യാം. ഏതു സമയത്തുമാകാം. എന്നാലും നിത്യവും ഉണരുന്ന നേരത്താകുകയാണുത്തമം. വീടിനുളളിൽ മുതൽ അന്താരാഷ്‌ട്രരംഗം വരെ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെ കുരുക്കുകൾ സാവധാനം അഴിഞ്ഞുവരുന്നതിന്‌ ഉതകുന്ന ഒരു സാധനയാണ്‌ മാനുഷികധ്യാനം.

ഉണർന്നപാടെ അവിടെ എഴുന്നേറ്റിരിക്കുക. മനസ്സ്‌ കഴിയുന്നതും സ്വസ്ഥമായിരിക്കട്ടെ. ശൂന്യമായിരിക്കട്ടെ. സാവധാനം സ്വന്തം വീട്‌ ഓർമ്മിക്കുക. വീട്ടിലുളള ഓരോ അംഗത്തേയും മനസ്സിൽ കാണുക. താമസിക്കുന്നത്‌ ഏതെങ്കിലും സ്ഥാപനത്തിലാണെങ്കിൽ അവിടെ കൂടെ ഉളളവരെ ഓരോരുത്തരെ ആയി ഓർമ്മിക്കുക. ഓരോ മുഖവും ഉളളിൽ കണ്ടിട്ട്‌ ഇങ്ങനെ ഭാവന ചെയ്യുക. ഇതാ ഇവരാണ്‌ ഈ ഭൂമിയിൽ എന്നോറ്റ്‌ ഏറ്റവും അടുത്തിടപെടുന്നവർ. ഇന്നേദിവസം ഇവരിൽ ആർക്കെങ്കിലും വിഷമമുണ്ടാക്കുന്ന ഒരു വാക്കും പ്രവൃത്തിയും എന്നിൽ നിന്നുണ്ടാവാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കും. എന്റെ ഈ താമസസ്ഥലത്ത്‌ ഞാൻ മുഖേന താളതെറ്റുണ്ടാവാതിരിക്കാൻ ഇന്നു ഞാൻ ശ്രദ്ധിക്കും. തന്നെയല്ല വീട്‌ സന്തോഷമായിരിക്കുവാൻ എന്നാലാവുന്നത്‌ ഇന്നു ഞാൻ ചെയ്യും. എന്റെ മുഖത്തുനിന്ന്‌ പുറത്തുവരുന്ന ഭാഷ അലിവും മാധുര്യവും ഉളളതായിരിക്കട്ടെ. കടുത്ത ഒരു വാക്കും ഒരു കാരണവശാലും ഉണ്ടാവാതിരിക്കട്ടെ. ഈ ശൈലിയിൽ ഒരു വിചാരധാര മനസ്സിൽ നിറയണം. ഇത്‌ വീട്ടിലുളള ഓരോരുത്തരും നിത്യവും ഉണർന്നാലാദ്യം ചെയ്യണം.

വീട്‌ സ്‌മരണയിൽ വന്നുകഴിഞ്ഞാൽ രണ്ടാമതായി അയൽവീടുകൾ ഓർമ്മിക്കണം. തൊട്ടടുത്തുളള ഓരോവീടും മനസ്സിൽ വരട്ടെ. അവിടെ ഉളള ആളുകളെയും ഓർക്കുക. അവരുടെ പേര്‌ പഠിച്ചിരിക്കണം. ഓരോരുത്തരേയും പേരെടുത്ത്‌ ഓർമ്മിച്ച്‌ ഇങ്ങനെ വിചാരിക്കുക. ഇതാ ഈ വീടുകളും ആളുകളുമാണ്‌ ഈ ഭൂമിയിൽ എന്റെ ഭവനത്തോട്‌ ഏറ്റവും അടുത്തുളളവ. ഇവർക്ക്‌ പ്രയാസത്തിനിടവരുത്തുന്ന ഒന്നും എന്റെ വീട്ടിൽ ഇന്ന്‌ സംഭവിക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കും. എന്റെ പറമ്പിലെ വൃക്ഷശാഖകൾ വളർന്നിട്ടോ നീരൊലിപ്പുകൊണ്ടോ ശബ്‌ദംകൊണ്ടോ ഗന്ധംകൊണ്ടോ ജന്തുക്കളെകൊണ്ടോ ഒരു തരത്തിലും എന്റെ അയൽക്കാർക്ക്‌ എന്റെ വീട്‌ ശല്യമാകാതിരിക്കുവാൻ ഞാൻ കരുതും. തന്നെയല്ല, അവരുടെ ആവശ്യങ്ങളിലും പ്രശ്‌നങ്ങളിലും അവരുടെ ഹിതാനുസരണം ഇടപെടുവാനും ആവുന്നത്ര അവർക്ക്‌ ഉപകാരി ആയിരിക്കുവാനും ഞാനും എന്റെ വീടും ഇന്ന്‌ ഒരുക്കമാണ്‌. ഇത്തരത്തിൽ യഥേഷ്‌ടം ചിന്തിക്കുക.

മൂന്നാമത്തെ തലം സ്വന്തം ഗ്രാമം അല്ലെങ്കിൽ നഗരം. താമസിക്കുന്ന പ്രദേശം ആകമാനം ഓർമ്മിക്കു. എന്റെ നാട്ടിൽ ഒരു വീടിനും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ഒറ്റപ്പെട്ട പ്രയാസമുണ്ടാകാൻ ഇടവരാതിരിക്കണം. ഒരു വീട്ടിലും ഒരാളും രോഗി ആവാതിരിക്കണം. ഒരു വീട്ടിലും കലഹമുണ്ടാവാതിരിക്കണം. വീടിനുളളിലും വീടുകൾ തമ്മിലും നല്ല സ്വരചേർച്ചയോടെ കഴിയുന്ന ഒരു പ്രദേശമായി എന്റെ നാടുമാറുന്നതിന്‌ ഞാൻ എന്നാലാവുന്നത്‌ ചെയ്‌തുകൊണ്ടേയിരിക്കും എന്നിങ്ങനെ വിചാരിക്കണം.

നാലാമത്തേത്‌ ആഗോള മാനുഷിക ധ്യാനമാണ്‌. അനന്താകാശത്തുകൂടി അതിവേഗം സഞ്ചരിക്കുന്ന ഒരു ചെറിയ ഗോളത്തിലാണ്‌ നമ്മളെല്ലാം ഉളളത്‌. ഇതാണ്‌ നമ്മുടെ എല്ലാം ആവാസസ്ഥാനം. ഈ ഭൂമിയെ ആശ്രയിച്ചാണ്‌ നമ്മളെല്ലാം ജീവിക്കുന്നത്‌. നാം ഓരോരുത്തരും ഭൂമിക്കാരാണ്‌. ഇവിടെയുളള എല്ലാവരും പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. നാം ഒരു വീട്ടുകാർ ഒരേ കാലഘട്ടത്തിൽ ഒരിടത്ത്‌ ഒന്നിച്ചു കഴിയുന്നവർ. നമ്മുടെ മതവിശ്വാസമോ പ്രത്യയശാസ്‌ത്രവിചാരങ്ങളോ നിറഭേദമോ ഭാഷാഭേദമോ സ്വഭാവവ്യത്യാസങ്ങളോ സാമ്പത്തിക ഉച്ചനീചത്വമോ അഭിരുചി വ്യത്യാസമോ ഒന്നും നാം തമ്മിലുളള ബന്ധത്തെ മുറിക്കുവാനനുവദിക്കില്ല. ഇപ്പോഴുളള 600 കോടി ജനങ്ങളും എന്റെ മിത്രങ്ങളാണ്‌. കഴിഞ്ഞുപോയവരും എന്റെ കുടുംബാംഗങ്ങൾ. ശ്രീബുദ്ധനും, സോക്രട്ടീസും, യേശുവും, മുഹമ്മദുനബിയും എല്ലാവരും എന്റെ കുടുംബക്കാരാണ്‌. ഇനിയും എത്രയോ പേർ എന്റെ കുടുംബത്തിൽ ജനിക്കാനിരിക്കുന്നു. അവർക്കും കൂടി വേണ്ടിയുളളതാണ്‌ ഈ ഭൂമി. എന്റെ വിശാലകുടുംബത്തിൽ എവിടെ സഞ്ചരിക്കുവാനും എവിടെ താമസിക്കുവാനും എനിക്ക്‌ ജന്മാവകാശമുണ്ട്‌. ഒരു ഭരണാധികാരിയും അതു തടയാൻ പാടുളളതല്ല. മഹത്തും സമൃദ്ധവും സുന്ദരവുമായ ഈ ഭൂമിയിലുളള എല്ലാവരും എനിക്ക്‌ വേണ്ടപ്പെവരും ഞാൻ അവർക്കുവേണ്ടി കൂടി ഉളളവനുമാണ്‌. ഈ ബോധം ഒരു സാഹചര്യത്തിലും നഷ്‌ടപ്പെടുത്താതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കും എന്നിങ്ങനെ ഭാവന ചെയ്‌ത്‌ ഉറപ്പാക്കുക.

അഞ്ചാമത്തേത്‌ പ്രപഞ്ച ധ്യാനമാണ്‌. എന്റെ ഈ ചെറുഭൂമി അടക്കമുളള ഈ പ്രപഞ്ചം എത്ര ബൃഹത്താണ്‌. സൂര്യചന്ദ്രനക്ഷത്രാധികളും സാഗരങ്ങളും പർവ്വതങ്ങളും നദികളും നിരവധി ജീവിവർഗ്ഗങ്ങളും സജീവമായും പരസ്‌പര ബന്ധിതമായും ഏതോ ഒരു മഹാതാളത്തിനനുസരിച്ച്‌ ചരിക്കുന്നതുകൊണ്ടാണല്ലോ എനിക്കിവിടെ ജീവിക്കുവാൻ കഴിയുന്നത്‌. ഈ താളം ഞാൻ മുഖേന തെറ്റാതിരിക്കട്ടെ. യാതൊരു പരിമിതികളും സൃഷ്‌ടിക്കാതെ എന്റെ മനസ്സ്‌ എല്ലാറ്റിനേയും ഉൾക്കൊളളത്തക്കവണ്ണം സദാവികസിച്ചുകൊണ്ടേയിരിക്കണം. എന്റെ മനസ്സിന്റെ സഹായം പ്രപഞ്ചത്തോളം വികസിക്കുവാൻ വേണ്ടിയാവട്ടെ. ഇങ്ങനെ ഭാവന ചെയ്‌ത്‌ ഉറപ്പാക്കി അല്‌പസമയം കണ്ണടച്ചിരുന്ന്‌ ധ്യാനിച്ചതിനുശേഷം നിത്യകർമ്മങ്ങളിൽ ഏർപ്പെടാം. ഈശ്വരധ്യാനം ചെയ്യാനുളളവർക്ക്‌ അതാവാം.

Generated from archived content: essay1_mar21.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English