ശ്രുതി പകരുക

നാം ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ പരസ്‌പരം വിശ്വസിക്കുന്നില്ല. ഈശ്വരന്‌ നൽകുന്നു. ഈശ്വരന്റെ പേരിലും നൽകുന്നു. എന്തിന്‌? അവനവനുവേണ്ടി. സൂക്ഷ്‌മമായ ഒരു പിശക്‌ ഇവിടെ നിലനിൽക്കുന്നുണ്ട്‌. എന്താണ്‌. ആരാധനാലയത്തിലേക്ക്‌ ഓരോരുത്തരും നിത്യേന പോകുന്നു. അടുത്ത വീട്ടിലേയ്‌ക്ക്‌ പോകുന്നില്ല. അടുത്ത വീടും അവിടെ ഉളളവരും നാം ആരാധിക്കുന്ന അതേ ഈശ്വരന്റെ വാത്സല്യ സ്ഥാനങ്ങളാണെന്ന്‌ ഓർക്കുന്നില്ല. ഈശ്വരന്‌ നമ്മെപ്പോലെയാണവരും. അതുകൊണ്ട്‌ നാം അവരേയും സാദരം കരുതണം എന്ന കാഴ്‌ചപ്പാടില്ല. അന്വേഷിക്കുന്നില്ല; കയറുന്നില്ല; കാണുന്നില്ല; കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നില്ല. ഇവിടെയാണ്‌ കുഴപ്പം. ഇതാണ്‌ പരിഹൃതമാകേണ്ടത്‌.

ഇത്‌ മനുഷ്യമനസ്സിലാണ്‌ ഉണ്ടായി വരേണ്ടത്‌ ചുറ്റുമുളളവരെ പിന്നിലാക്കിയല്ല അവരോടൊത്തു ജീവിക്കുകയാണ്‌ എന്റെ ധർമ്മം എന്ന ബോധത്തിന്റെ മന്ദമാരുതൻ ഭൂമിയിലാകെ നിരന്തരം വീശികൊണ്ടേയിരിക്കണം. കൃഷിയും ഭരണവും വിദ്യാഭ്യാസവും കലയും സർവ്വതിന്റേയും രാഷ്‌ട്രീയം അന്യോന്യതയാകണം. സ്വകാര്യതയിൽ നിന്ന്‌ അന്യോന്യതയിലേക്കുളള വികാസമാവണം മനുഷ്യന്റെ ചാലകശക്തി, ഈ കാറ്റ്‌ ഊതിവിട്ടാൽ സകല മനസ്സുകളും വിടരും, ഊതേണ്ടതും മനസ്സുകളിൽ നിന്നുതന്നെ. ഓരോരുത്തരും ഊതണം. ഇതാണു വേണ്ടതെന്നു തോന്നുന്നവർ ഒറ്റയ്‌ക്ക്‌ ഊതി തുടങ്ങുക.

വായനക്കാരിൽ ഓരോരുത്തരും ഈ സംഗീതോപകരണം ഉളളിലെടുക്കണം. “ഞാൻ നിന്റെ കൂടെ ഉണ്ട്‌ നീ എന്റെ കൂടെയും ഉണ്ടാകണം.” ഈ സംഗീതം സകലവ്യാപാരങ്ങളിലും മുഴങ്ങണം. വീടിനകത്ത്‌ അംഗങ്ങൾ തമ്മിലും ഇടപെടുന്ന എല്ലാവരുമായും ഒരു ശ്രുതിയാവണം ഈ വിചാരം വിചാരിച്ചാൽ മാത്രം പോരാ പെരുമാറ്റത്തിൽ വരണം. കണ്ണിലും നാവിലും വിരലുകളിലും വരണം. പകരണം. ആരേയും കുറ്റപ്പെടുത്തി ശ്രുതി അവതാളത്തിലാക്കാതിരിക്കുവാൻ സദാ ശ്രദ്ധിക്കണം. ഈ സംഗീതാലാപം അഭ്യസിക്കുവാൻ ഇക്കാലത്ത്‌ വളരെ പ്രയാസമാണെന്നു സമ്മതിക്കുന്നു. മഹാത്മാക്കളും മഹത്‌ഗ്രന്ഥങ്ങളും നമുക്ക്‌ തുണയുണ്ട്‌. പ്രകൃതി സദാ ഇതുതന്നെയാണ്‌ നമ്മോടാവശ്യപ്പെടുന്നത്‌.

പറമ്പിൽ മാവു പൂക്കുമ്പോൾ, മുറ്റത്തു പൂവിടരുമ്പോൾ, കാറ്റു വീശുമ്പോൾ, പ്രകാശം പരക്കുമ്പോൾ, എല്ലാറ്റിലും കുഴലൂത്ത്‌ നമുക്ക്‌ കേൾക്കാം. ‘വിദൂരകൂട്ടായ്‌മ’ ഈ കുഴലൂത്തിന്റെ ഭാഗമാണ്‌. ജൈവാർച്ചനയും അതുതന്നെ. തറക്കൂട്ടം ഗാനമേളയാണ്‌. സാമ്പത്തികനഷടം വരട്ടെ, സമയനഷ്‌ടം വരട്ടെ തുടങ്ങാം. അപൂർണ്ണമായിക്കൊളളട്ടെ; ശബ്‌ദം പരുക്കനായിക്കൊളളട്ടെ; ഊതി തുടങ്ങാം. തെളിഞ്ഞുവരും ആത്മാവിൽ നിന്ന്‌ ഒരു പുതിയ ശബ്‌ദം മനസ്സിൽ വന്നു നിറഞ്ഞ്‌ ആക്ഷനായി പുറത്തേക്ക്‌ ഒഴുകാൻ തുടങ്ങുമോ? ഓരോരുത്തരും ബോധമുളളിടത്തോളം കാലം ഹൃദയമിടിപ്പിനോടൊപ്പം ഈ കുഴലൂത്തും ശീലിക്കണം.

തെരഞ്ഞെടുപ്പ്‌, സാമുദായിക സംഘടനകൾ, രാഷ്‌ട്രീയപാർട്ടികൾ തുടങ്ങിയവയെ ബഹിഷ്‌കരിക്കുകയല്ല; അവയിലെല്ലാം വിശ്വബന്ധുത്വത്തിന്റെ പുതിയ മൊട്ടുകൾ മുളപ്പിക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഇതെങ്ങിനെ സാധിക്കാം. ഓരോരുത്തരും ഇപ്പോൾ നിൽക്കുന്നേടത്തു തന്നെ നിൽക്കുക. എൻ.എസ്‌.എസ്‌. കരയോഗത്തിൽ ആരെങ്കിലും നായർ നായർക്കുവേണ്ടി എന്നു പറയുമ്പോൾ നായർ മനുഷ്യനുവേണ്ടി നിൽക്കേണ്ടവനല്ലേ എന്ന്‌ സാവധാനം ഒരു ശബ്‌ദം മുഴക്കുക. തോറ്റുപോകട്ടെ. എന്നാലും അതു മുഴക്കാൻ നാം അതിനകത്തു വേണം. എതിർ സ്ഥാനാർത്ഥിയെ വെട്ടാൻ ആലോചിക്കുമ്പോൾ ‘ഇതാണോ ജനാധിപത്യം’ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുക, ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ എന്നൊരു കുഴലൂത്ത്‌ നടക്കണം. മോശമായ ഒരു ശബ്‌ദവും അന്തരീക്ഷത്തിൽ മുഴക്കരുത്‌. ആരെങ്കിലും വന്നാൽ ബുദ്ധിപൂർവ്വം ഓടി ഒളിക്കണം… “എന്നെ ഉപദ്രവിക്കരുതേ നിങ്ങളാണെന്റെ രക്ഷ” എന്നു പറഞ്ഞു നോക്കണം. നിന്ദ്യനാകണം. അടികൊണ്ട്‌ ഓടി കൂട്ടുകാരുടെ ഇടയിൽ എത്തുമ്പോൾ ‘തിരിച്ചടിച്ചിട്ടു വരൂ, ഞങ്ങൾ കൂടെ ഉണ്ട്‌’ എന്ന അഹത്തിന്റെ അട്ടഹാസം കേട്ടെന്നുവരും. ഒരടി കൂട്ട അടി ആക്കി വളർത്താനുളള പുരാതന ഏർപ്പാട്‌ നമുക്കിനി വേണ്ട. അവരെ കൂട്ടാക്കാനുളള വഴി ആലോചിക്കൂ എന്നു പറയാൻ കഴിയണം. ഇതാണ്‌ വിവേകത്തിന്റെ കുഴലൂത്ത്‌. വിദ്വേഷത്തിന്റെ കുഴലൂത്താണ്‌ സർവ്വത്ര. അതിനിടയിൽ വിവേകത്തിന്റെ ശബ്‌ദം മുഴക്കാൻ ശ്രമിക്കുന്നവരാണ്‌ ധീരന്മാർ. കപ്പലിൽ ഇനി ആരും ഉറങ്ങരുത്‌. ഉണർന്നവർ ഉണർന്നവർ മറ്റുളളവരെ ഉണർത്താനാണ്‌ ശ്രമിക്കേണ്ടത്‌. ‘അന്യത്വത്തിൽ നിന്ന്‌ അന്യോന്യതയിലേക്ക്‌’ എന്ന കാഹളം നമുക്ക്‌ നമ്മുടെ സമസ്‌ത ചലനങ്ങളിലൂടെയും പുറപ്പെടുവിക്കാൻ ശ്രമിക്കാം.

Generated from archived content: essay12_july_05.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English