മൈത്രീസാധന പ്രവർത്തന ശൈലിയാക്കണം

ശിഷ്‌ടകാല പ്രവർത്തനശൈലി, മൈത്രീ സാധനയ്‌ക്ക്‌ മുൻതൂക്കം നൽകുന്നതാവാൻ ശ്രദ്ധിക്കണം. വെറുപ്പ്‌, വിദ്വേഷം, ഭയം, പ്രതികാരം, അഹംഭാവം, വിഭാഗീയത, സ്വകാര്യത തുടങ്ങിയ പ്രവണതകൾ ഉളളിൽ ഉണ്ടെങ്കിൽ അവ കണ്ടെത്തുക. അവയെ എതിർക്കാതെ തന്നെ സൽഭാവങ്ങൾ ഉളളിൽ വളർത്തുക. എല്ലാ ദോഷങ്ങളും നിൽക്കെ അതിനിടയിൽ വിശാലതയുടെ ബീജം സാവധാനം വളർത്തിക്കൊണ്ടുവരിക. അനേകരിൽ ഈ സാധന വളർന്നുവന്നാൽ പുതിയ അന്തരീക്ഷമുണ്ടാകുകയും വേണ്ടാത്തവ സ്വയം കൊഴിഞ്ഞുമാറി സർവ്വ മനസ്സുകളിലും സൗഹൃദം മൊട്ടിടുകയും ചെയ്യും. ഈ ലക്ഷ്യത്തിൽ നമുക്ക്‌ പിച്ചവച്ചു നോക്കാം. പുറത്തെ തിന്മകളോടും ഈ സമീപനം സ്വീകരിക്കുകയാണ്‌ ഉചിതം എന്നു തോന്നുന്നു. എതിർക്കാൻ ഉപയോഗിക്കുന്ന കഴിവുകൾ ഉൾക്കൊളളാൻ പ്രയോഗിച്ചു നോക്കാം.

മറ്റുളളവരെ തിരുത്താനുളള കടുംപിടുത്തം നമ്മെ മുന്നോട്ടു കൊണ്ടുപോകുമോ? മറ്റുളളവരോട്‌ അടുത്തു ഇടപെടാൻ കിട്ടുന്ന ഓരോ സന്ദർഭവും സാധനയായി സ്വീകരിച്ചു ശീലിക്കണം. വീട്ടിൽ ഒരംഗം എതിർദിശയിലേയ്‌ക്ക്‌ കുതിക്കുന്നു എന്നു കണ്ടാൽ അവനുമായുളള ബന്ധം വിടാതെ പ്രശ്‌നത്തെ സമീപിക്കുവാൻ ശ്രമിക്കണം. തിരുത്താൻ നിർബന്ധമായി ശ്രമിച്ചാൽ വീട്ടിനുളളിൽ അസ്വാസ്ഥ്യം വർദ്ധിച്ചേക്കാം. നാട്ടിലെ പ്രശ്‌നങ്ങളുടെ നേരെയും മൈത്രി നഷ്‌ടപ്പെടുത്താതെയുളള സമീപനം തന്നെ സ്വീകരിക്കണം.

Generated from archived content: essay1-mar.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here