സുന്ദരമല്ലേ നമ്മുടെ കാലം
സുകൃതികളല്ലേ ഞാനും നീയും?
നന്മകൾ നമ്മുടെ മണ്ണിൽ വിതയ്‌ക്കാൻ
നമ്മുടെ ജീവനു കാവൽ നിൽക്കാൻ
തമ്മിൽ തമ്മിൽ പോരാടുന്ന
വിശാലമനസ്‌കർ വാഴും കാലം
ഭരണത്തിൻ ഭാരവമേൽക്കുമ്പോൾ
വീടിനകത്തു നമുക്ക് സുഖിക്കാം
കൂടുതൽ തോറും വെളളിത്തിരകളി
ലാണും പെണ്ണും പലതാളത്തിൽ
കെട്ടിമറിഞ്ഞു പുളയ്‌ക്കും കാഴ്‌ചയി
ലന്തികൾ പൂത്തുകൊഴിഞ്ഞീടുവതും
വഴികളില്ലെല്ലാമിരുൾ വീഴുവതും
അറിയാതിങ്ങനെ കഴിയാനാകും
സുകൃതികളല്ലേ ഞാനും നീയും?
ഉണ്ടുമുറങ്ങിയുമിടവേളകളിൽ
വായ്‌ത്തലപോയ കിനാവുകൾ കണ്ടും
വേലകൾ, കൂലികൾ, പലവിധമാധി-
കളിങ്ങനെയിങ്ങനെ മാത്രം ചിന്തി-
ച്ചെൻ മാളത്തിൽ മയങ്ങാൻ കഴിയും
നമ്മുടെ കാലം സുന്ദരമല്ലേ?
ഒരു പടയിലുമില്ലിന്നാവേശം
ഒരു കൊടിയിലുമില്ലിന്നുത്സാഹം
നമ്മുടെ ഭൂമിയിലൊരു കാലത്തും
സ്വർഗ്ഗം വിടരുകയില്ലെന്നറിയും
ജ്ഞാനികളല്ലേ ഞാനും നീയും.
ചിന്തയിതൊന്നേ; ഞാനെൻവീട്
എന്റെ കളത്രം, എന്റെ കിടാങ്ങൾ
എന്റെ തൊഴിലെൻ വഴിയെന്റെ കസേര
എന്റെ കുടുക്ക, എന്റെ കിടക്ക
എന്റെ പിറന്നാളെൻ ജലദോഷം
ഇങ്ങനെ കഴിയാൻ കഴിയും കാലം
സുന്ദരമല്ലെന്നെങ്ങനെ പറയും?
നമ്മുടെയുണ്ണികളെത്ര മിടുക്കർ
നമ്മുടെയഴകിയ ഭാഷ വെടിഞ്ഞവർ
മണ്ണിലിരുന്നു കളിച്ചിട്ടില്ല,
‘അമ്മേ’യെന്നു വിളിച്ചിട്ടില്ല
മഴയിൽ നനഞ്ഞു പനിച്ചിട്ടില്ല
കവിതയിൽ വീണു പുളഞ്ഞിട്ടില്ല
നമ്മുടെ ബാല്യം കാട്ടിക്കൂട്ടിയ
വിഡ്‌ഢിത്തങ്ങളിൽ വീണിട്ടില്ലവർ.
സുന്ദരമല്ലേയിവരുടെ ഭാവി?
സുകൃതികളല്ലേ ഞാനും നീയും?
Generated from archived content: poem7_mar16.html Author: d_santhosh