ലളിതാസഹസ്രനാമ മുദ്രാർച്ചനയിലൂടെ വേണുമാസ്‌റ്റർ ഗിന്നസിലേക്ക്‌

ലളിതാസഹസ്രനാമത്തെ ആസ്‌പദമാക്കി പതിനായിരം മുദ്രകൾ ചിട്ടപ്പെടുത്തിയ ആർ.എൽ.വി.സി.വേണുഗോപാൽ ഗിന്നസ്‌ ബുക്കിൽ ഇടംനേടി.

കാലടി സംസ്‌കൃത സർവ്വകലാശാല നൃത്തവിഭാഗം മേധാവിയായ വേണുഗോപാലിന്‌ ഇതിന്‌ രണ്ടുവർഷം വേണ്ടിവന്നു. പതിനായിരം മുദ്രകൾ വിഭാവനം ചെയ്‌ത വേണുഗോപാലിന്റെ നേട്ടം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ്‌ ഗിന്നസ്‌ബുക്കിലേക്ക്‌ ശുപാർശ ചെയ്‌തത്‌. മുദ്രകൾ ചിട്ടപ്പെടുത്തിയതിന്‌ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പിനും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ മുദ്രാപ്രതിഭാ പുരസ്‌ക്കാരത്തിനും അർഹനായ ഇദ്ദേഹത്തെ യു.ജി.സി. കരിക്കുലം കമ്മറ്റിയിലേക്ക്‌ സർവ്വകലാശാല ശുപാർശ ചെയ്‌തിട്ടുണ്ട്‌.

ലളിതാസഹസ്രനാമത്തിന്റെ അർത്ഥവും ഭാവവും പരതി നിരവധി പുസ്‌തകങ്ങളിലൂടെ രാപകൽ സഞ്ചരിച്ചാണ്‌ വേണുഗോപാൽ മുദ്രകൾ ചിട്ടപ്പെടുത്തിയത്‌. ഒരുനാമത്തിന്‌ പത്തൊൻപതു മുദ്രകൾവരെ സൃഷ്‌ടിച്ചെടുത്തു. ലോകത്താദ്യമായി നാട്യരംഗത്ത്‌ പതിനായിരം മുദ്രകൾ വിഭാവനം ചെയ്‌തുവെന്ന നേട്ടമാണ്‌ തൃപ്പൂണിത്തുറ ഗാന്ധിസ്വകയറിലെ വേണുഗോപാലിനെ ഗിന്നസ്‌ബുക്കിൽ ഇടംനേടാൻ പ്രാപ്തനാക്കിയത്‌.

ഗവേഷണവഴിയിൽ സഹായിയായി ഭാര്യ ബീനയുമുണ്ടായിരുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ നൃത്താധ്യാപികയാണ്‌ ബീന. എം.ജി. യൂണിവേഴ്‌സിറ്റിയിൽ എം.എ. പ്രകടനകലയിൽ ഭരതനാട്യത്തിൽ ആദ്യബാച്ചിലെ ഒന്നും രണ്ടും റാങ്ക്‌ ജേതാക്കളാണ്‌ ഇരുവരും.

വീട്ടിൽ നിരവധി വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിക്കുന്ന ഇവർ നൂറ്റിയൻപതോളം നിർധനരായ വിദ്യാർത്ഥികളെ സൗജന്യമായും നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്‌.

കേരളത്തിൽ നൃത്തത്തിലെ മുഴുവൻ അംഗീകാരങ്ങളും സ്‌ത്രീകൾക്കാണ്‌ ലഭിക്കുന്നതെന്നും കേന്ദ്രസർക്കാർ തന്നെ അംഗീകരിച്ചിട്ടും സംസ്ഥാനസർക്കാർ അംഗീകരിച്ചിട്ടില്ലെന്നുമുളള പരിഭവം ഇദ്ദേഹത്തിനുണ്ട്‌.

Generated from archived content: essay7_july_05.html Author: bhumikkaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here