നമ്മുടെ കുട്ടികൾക്ക് ജന്മനാതന്നെ ചുറ്റുപാടും നിരീക്ഷിക്കുവാനും കാര്യങ്ങൾ സ്വയം വിശകലനം ചെയ്ത് പഠനം നടത്തുവാനുമുള്ള കഴിവുണ്ട്. ഈ കഴിവ് അതിവിശാലവും അനന്തവും ശുദ്ധവും സ്വാഭാവികവുമാണ്. അതുകൊണ്ടു തന്നെ കുട്ടികളെ എന്തിനേയും ഏതിനേയും കുറിച്ച് നിരീക്ഷിച്ചറിയുവാനും കാര്യങ്ങൾ സ്വയം വിശകലനം ചെയ്ത് പഠനം നടത്തുവാൻ അവസരം നൽകുകയുമാണ് വേണ്ടത്. ഇന്നതേ ചെയ്യാവൂ ഇന്നത് ചെയ്യരുത് എന്നിങ്ങനെയുള്ള നമ്മുടെ ഇടപെടലുകൾ കുട്ടിയുടെ സ്വഭാവിക ശേഷിയേയും കഴിവുകളേയും തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം എന്നത് വിഷയങ്ങളെ കീറിമുറിച്ച് പ്രത്യേകം പ്രത്യേകം ചിട്ടപ്പെടുത്തിയ സിലബസ്സിന്റെ അടിസ്ഥാനത്തിലുള്ള ചട്ടക്കൂടുകളിലൂടെ മാത്രം കുട്ടികളെ നയിക്കുന്ന തരത്തിലുള്ളതാണ്. കുട്ടികളുടെ സമഗ്രതയെ പരിമിതപ്പെടുത്തുവാനും ചെറിയ ചെറിയ വിഷയങ്ങളിൽ മാത്രം കുട്ടികളുടെ ചിന്തയേയും പഠനത്തേയും തളച്ചിടുവാനും മാത്രമേ ഈ സ്പെഷ്യലൈസേഷൻ വിദ്യാഭ്യാസത്തിന് സാധിക്കുകയുള്ളൂ. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെയുള്ള അവസ്ഥകൾ യാതൊന്നും അനുഭവിച്ചറിയാനാകാതെ തിരക്കിട്ട് വിദ്യാഭ്യാസത്തിനായി ചിലവിടേണ്ടിവരുന്നതിനാൽ കുട്ടികൾക്ക് ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും അനുഭവങ്ങൾ ഉണ്ടാകുവാൻ അവസരം ലഭിക്കാതെ പോകുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുവാനും തരണം ചെയ്യുവാനും തീരെ ശേഷിയില്ലാത്ത, സമഗ്രതയും സ്വസ്തതയുമില്ലാത്ത സ്പെഷ്യലിസ്‌റ്റുകളുടെ സമൂഹം സൃഷ്ടിക്കുകയാണ് ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ സംഭവിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനുള്ള അവസരം മുൻതലമുറകളെ അപേക്ഷിച്ച് വരും തലമുറകൾക്ക് തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മൈലുകൾ അകലെയുള്ള സ്‌കൂളുകളിലേയ്‌ക്ക് കാൽനടയായി പറമ്പുകളിലൂടെയും, പാടങ്ങളിലൂടെയും, തോടുകളിലൂടെയും കൂട്ടുകാരുമൊത്ത് മഴ നനഞ്ഞും, വെയിൽ കാഞ്ഞും, സ്വറ പറഞ്ഞും, മരത്തിലും വെള്ളത്തിലും കല്ലുകൾ വാരിയെറിഞ്ഞും മരത്തിൽ കയറിയും മാങ്ങയും, പേരയ്‌ക്കയും, നെല്ലിക്കയും, ചാമ്പയ്‌ക്കയും, അമ്പഴങ്ങയും, പുളിഞ്ചിക്കയും മറ്റും പെറുക്കിയും തിന്നും ആറ്റിലും കുളത്തിലും ചാടിയും മീൻപിടിച്ചും അങ്ങനെ വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലെങ്കിൽ കൂടി വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ എല്ലാവരും മരം കയറ്റം നീന്തൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്വായത്തമാക്കുകയും അതുവഴി ജീവിതത്തിലെ ഏതു പ്രതിസന്ധികളേയും നേരിടുവാനുള്ള സമഗ്രശേഷി കൈവരിക്കുവാനും അവസരം ഉണ്ടായിരുന്നു. മാതാപിതാക്കളിലും ഗുരുക്കന്മാരിലുമുള്ള കഴിവുകൾ തലമുറകൾക്ക് കൈമാറപ്പെടണമെങ്കിൽ കുട്ടികൾക്ക് ഇവരുമായി സഹവസിക്കുവാനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. ഒരു നല്ല ജീവിതം നയിക്കുവാൻ വേണ്ട കാര്യങ്ങളൊക്കെ ഒരു മാതൃകാ സമൂഹത്തിന്റെ കൂടെയുള്ള സഹവാസത്തിലൂടെ കുട്ടികൾ പഠിച്ചുകൊള്ളും. കുട്ടികൾക്ക് നാമും നമ്മുടെ വീടും ഗ്രാമവും സമൂഹവും പ്രകൃതിയും എല്ലാം നിരീക്ഷണ വിഷയവും പഠനത്തിന്റെ പരിധിയിൽ വരുന്നതുമാണെന്നത് നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.
Generated from archived content: eassy4_sept21_07.html Author: basuma
Click this button or press Ctrl+G to toggle between Malayalam and English