സ്‌ത്രീധന വിരുദ്ധപ്രതിജ്ഞയെടുത്തവർ സ്‌ത്രീധനം കണക്കുപറഞ്ഞു വാങ്ങി വിവാഹം കഴിക്കുന്നതും, സ്‌ത്രീധനം നേരിട്ടുവാങ്ങുന്നതെങ്ങനെ എന്നു കരുതി പെണ്ണിന്റെ ചുറ്റുപാടുകൾ നന്നായി അന്വേഷിച്ചശേഷം മാത്രം വിവാഹം കഴിക്കുന്നതും നമുക്ക് ഒരസാധാരണ സംഭവമല്ല. ഇതെല്ലാം ചെയ്യുന്നത് അഭ്യസ്ത വിദ്യരെന്ന് നമ്മൾ ബഹുമാനിക്കുന്ന ആളുകളാണെന്നതും വൈരുദ്ധ്യമല്ല.
എന്നാൽ 12-ാം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു ദരിദ്രകുടുംബത്തിലെ പെൺകുട്ടി സ്‌ത്രീധനത്തിന് കണക്കുപറഞ്ഞ തന്റെ പ്രേമഭാജനത്തെ വിവാഹത്തലേന്ന് തളളിപ്പറഞ്ഞത് വളരെ ധീരമായ ഒരു പ്രവൃത്തിയായി നാം കാണേണ്ടതുണ്ട്.
കോട്ടയം ജില്ലയിൽ വിജയപുരത്ത് കൊശമറ്റം കീരൻതിട്ടയിൽ സോമന്റെ മകൾ രശ്‌മിയാണ് സ്‌ത്രീധനത്തിന് കണക്കുപറഞ്ഞവരെ ഉപേക്ഷിച്ചത്.
പ്രേമിച്ച യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാരും സമ്മതിച്ചിരുന്നു. വിവാഹത്തിന് മൂന്നുദിവസം മുമ്പ് മൂന്നുപവൻ കുറഞ്ഞുപോയതിനാണ് തർക്കമുണ്ടായത്. വരനും സ്‌ത്രീധനം ആവശ്യപ്പെടുന്നു എന്ന കാര്യം രശ്‌മിയെ പ്രണയത്തെപ്പറ്റിയുളള യാഥാർത്ഥ്യബോധത്തിൽ എത്തിച്ചു എന്നുപറയാം. രശ്‌മിയുടെ നിലപാട് മാതൃകാപരവും അഭിനന്ദനാർഹവും ആകുന്നത് അവർ ഒരു സാധാരണ പെൺകുട്ടിയാണ് എന്നതാണ്. ഈ പ്രശ്‌നത്തിലെ പ്രാധാന്യമുളള മറ്റൊരു വിഷയം ഇതിലെ ഒത്തുതീർപ്പുവ്യവസ്ഥയാണ്. പെൺകുട്ടിയുടെ അച്ഛൻ കൊടുത്ത മൂന്നുലക്ഷം രൂപ തിരിച്ചുനൽകാൻ സ്‌ത്രീധനം വാങ്ങിയ വരനും അച്ഛനും മൂന്നുമാസം സമയം ചോദിച്ചിരിക്കുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കിയപ്പോൾ സ്‌ത്രീധന നിരോധന നിയമം നിലനിൽക്കുന്നു എന്ന് പോലീസ് മറന്നുപോയിരിക്കാം. ഇതിന് പരിഹാരമില്ലേ?
Generated from archived content: essay3_may.html Author: ar_meera