ജീവിച്ചിരുന്നപ്പോൾ അപമാനിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചിലർ മൃതശരീരത്തോട് പകപോക്കുന്ന കാഴ്‌ച കഴിഞ്ഞ രണ്ടുമൂന്നുമാസമായി കാണുന്നു.
പൊൻകുന്നം വർക്കിയുടെ മരണമാണ് ഒന്ന്. മതത്തേയും ദൈവത്തേയും സഹായത്തിനു വിളിക്കാതെ 94 വർഷക്കാലം ജീവിച്ചിരുന്ന ധീരൻ. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളായിട്ടും തങ്ങളുടെ പിതാവിന്റെ ആഗ്രഹം മരണശേഷവും പരിപാലിച്ചു. സാംസ്‌കാരിക കേരളം തല ഉയർത്തിനിന്ന ഒരു നിമിഷമായിരുന്നു അത്. പക്ഷേ ജീവിച്ചിരിക്കെ അദ്ദേഹത്തെ ദ്രോഹിച്ച മതത്തിന്റെ കാവലാളുകൾ മരണശേഷവും വെറുതെയിരിക്കുന്നില്ല.
മൃതദേഹത്തെപ്പോലും അപമാനിക്കുന്നതിൽ എത്രത്തോളം പോകാമെന്ന് തെളിയിക്കുന്നതായിരുന്നു ആത്മഹത്യ ചെയ്‌ത രജനിയോടും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ജീവസ്വരൂപമായിരുന്ന നവാബു രാജേന്ദ്രനോടും ചെയ്‌ത ആക്രമങ്ങൾ.
ബലാൽസംഗക്കേസുകളിലും ദുരൂഹമരണങ്ങളിലും മാത്രം ചെയ്യുന്ന കന്യകത്വ പരിശോധന സ്വാശ്രയകോളേജിലെ ഫീസ് പ്രശ്‌നത്തിന്റെ പേരിൽ ആത്മഹത്യചെയ്‌ത പെൺകുട്ടിയുടെ മൃതശരീരത്തിൽ നടത്തിയതുവഴി സ്‌ത്രീവർഗത്തെ മാത്രമല്ല മനുഷ്യത്വമുളളവരെയെല്ലാം അപമാനിക്കുകയാണ് ചെയ്‌തത്. വിവാഹം ചെയ്യാത്ത ഒരു സ്‌ത്രീ കന്യകയായിത്തന്നെ ജീവിച്ചുകൊളളണമെന്ന് നിയമമൊന്നുമില്ലല്ലോ. ഇതേ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്‌തത് ഒരു ആൺകുട്ടിയായിരുന്നെങ്കിൽ നീതിയുടെ വക്താക്കളേ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? രജനിമാരെ ആത്മഹത്യയിലേക്ക് തളളിവിടുന്ന-സാമ്പത്തികശേഷിയില്ലാത്തവർക്ക് പഠനം നിഷേധിക്കുന്ന-കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന-ഈ സാമൂഹ്യ സാഹചര്യം സൃഷ്‌ടിക്കുന്നവർക്ക് ഈ പരിശോധനകൾ കൊണ്ടൊന്നും രക്ഷപ്പെടാനാവില്ല. ആരോരുമറിയാതെ നവാബിന്റെ ജഡം കുഴിച്ചുമൂടിയവരും അദ്ദേഹത്തിന്റെ സ്വപ്‌നമായ മോർച്ചറി നിർമ്മാണത്തിനെതിരെ കളിക്കുന്നവരുമൊക്കെ ജനങ്ങളുടെ കോടതിയിൽ കണക്കു തീർക്കേണ്ടിവരും. കാമ്പസുകളെ അരാഷ്‌ട്രീയവൽക്കരിക്കാൻ എത്ര ശ്രമിച്ചാലും യുവത്വം ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുക തന്നെ ചെയ്യും.
Generated from archived content: essay2_sep.html Author: ar_meena
Click this button or press Ctrl+G to toggle between Malayalam and English