ചിലർ ഇങ്ങനെയാണ്‌

പുറപ്പെടുന്നിടത്തുതന്നെ

തിരിച്ചെത്തുകയെന്നത്‌

കൗതുകകരമായ വാർത്തയല്ല;

സംഭവ്യം തന്നെ.

പുരപ്പുറത്തുനിന്നു

വിളിച്ചുകൂകുമ്പോഴും

ആനപ്പുറത്തിരിക്കുമ്പോഴും

പട്ടിയെ പേടിക്കണ്ടെന്നതു

പുതുസുവിശേഷവുമല്ല.

കൂട്ടുകാരാ

ഇതു സേവനകാലം

കാഴ്‌ചകളുടേയും

കാണാപ്പുറങ്ങളിലെ

വേഴ്‌ചകളുടേയും ഉത്സവകാലം.

നഗരരാവും ഗ്രാമക്കാറ്റും

എനിക്ക്‌ മാത്രം.

നഗരച്ചൂടും ഗ്രാമക്കാടും

നിനക്കിരിക്കട്ടെ

ഉദാരശീലർ

ചിലരിങ്ങനെയാണ്‌.

നിലാവെളിച്ചം

നിറഞ്ഞുനിൽക്കെ

നിഴൽക്കണ്ട്‌ നായകുരയ്‌ക്കുമ്പോൾ

രാത്രിയുടെ വാതിൽ

തുറക്കുന്നതെന്തിന്‌

എല്ലാം സുതാര്യമല്ലേ.

അടച്ച പുസ്‌തകത്തിലെ

വാക്കുകൾ മനപ്പാഠമായെങ്കിലും

നിനക്ക്‌

ഈ തുറന്ന പുസ്‌തകം

വായിച്ചിട്ടും വായിച്ചിട്ടും

മനസ്സിലാകാത്തതെന്താണ്‌?

Generated from archived content: poem1_may7.html Author: aashantazikam_prassannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here