ഭ്രാന്തിന്‍റെ മാനദണ്ഡം

bhranthu

 

ഭ്രാന്താശുപത്രിയുടെ ഇടുങ്ങിയിരുണ്ട ഒരു മൂലയില്‍ യഥാര്‍ത്ഥഭ്രാന്തന്മാരുടെ പൊട്ടിച്ചിരിയും പൊട്ടിത്തെറിയും, മറ്റുള്ളവരുടെ ഭ്രാന്ത് കണ്ടിട്ട് സഹിക്കവയ്യാതെ ഭ്രാന്തരായിതീര്‍ന്നു പോയവരുടെ പിറുപിറുക്കലുകളും, ഭ്രാന്തില്ലാതെയിരുന്നിട്ടും കൂടെ ജീവിച്ചവര്‍ക്ക് ഭ്രാന്തായത്കൊണ്ട് ഇവിടെയെത്തിപ്പെട്ട എന്നെപ്പോലെയുള്ളവരുടെ നെടുവീര്‍പ്പുകളും, ഇതെല്ലാം കൂടിച്ചേര്‍ന്ന സമ്മിശ്രാന്തരീക്ഷത്തില്‍, ആകാശപരപ്പിലേക്ക് ആര്‍ത്തിയോടുറ്റുനോക്കുന്ന കൂട്ടിലടയ്ക്കപ്പെട്ട ഒരു പാവം കിളിയെപ്പോല്‍ പുറംലോകത്തെ നോക്കികാണുകയാണ് ഞാന്‍. യഥാര്‍ത്ഥത്തില്‍ ഒരാള്‍ ഭ്രാന്തനാണെന്നു നിര്‍ണ്ണയിക്കുന്നതിന്‍റെ മാനദണ്ഡം എന്താണ്?. ഒരുവന്‍ ഏത്നേരവും സംസാരിച്ചോണ്ടിരുന്നാല്‍ ആളുകള്‍ പറയും അവന് ഭ്രാന്താണെന്ന്‍. ഒട്ടും സംസാരിക്കാതെയിരുന്നാലോ അപ്പോഴും പറയും ഭ്രാന്താണെന്ന്‍. എപ്പോഴും ചിരിച്ചോണ്ടിരിക്കുന്നവനുംഭ്രാന്താണ്. ഒട്ടും ചിരിക്കാത്തവനും ഭ്രാന്താണ്. ഞാന്‍ മനസ്സിലാക്കിയെടുത്തോളം ജീവിതത്തിലെ ഏതൊരു കാര്യത്തിനായാലും സന്തോഷത്തിനായാലും സന്താപത്തിനായാലും, ചിരിക്കായാലും കരച്ചിലിനായാലും, അറിവിനായാലും അജ്ഞതക്കായാലും ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ഒരു ലക്ഷ്മണരേഖ അതിനപ്പുറവും ഇപ്പുറവും കടക്കാന്‍ പാടില്ല എന്നതാണ് സത്യം.

ഞാനിവിടെ വന്നിട്ട് നാലുകൊല്ലമായി. ഇനി ഞാനിവിടെയെത്തിപ്പെട്ടത് എങ്ങനെയെന്നു പറയാം.

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്. ഒരുദിവസം ക്ലാസ്സില്‍ ഒരദ്ധ്യാപകന്‍ ഞങ്ങള്‍ കുട്ടികളോടായി ചോദിച്ചു.

“നിങ്ങള്‍ക്കൊക്കെ വലുതാകുമ്പോള്‍ ആരാകാനാണാഗ്രഹം?”

ഡോക്ടര്‍, എന്ജിനീയര്‍, അദ്ധ്യാപകന്‍, സയന്‍റിസ്റ്റ്, പൈലറ്റ് അങ്ങനെ ഉത്തരങ്ങള്‍ പലതും വന്നു. ഒടുവില്‍ ഉത്തരം പറയാനായി എന്‍റെ ഊഴം വന്നു. ഞാന്‍ പറഞ്ഞു:

“എനിക്കു വലുതാവണ്ട, എനിക്കെന്നും ഇതുപോലൊരു വിദ്യാര്‍ത്ഥിയായിരുന്നാല്‍ മതി”

സാറ് ക്ലാസ്സില്‍ നിന്ന്‍ പോയയുടനെ അടുത്തിരിക്കുന്ന തോമസ്‌ എന്നോട് ചോദിച്ചു.

“നീയെന്താടാ അങ്ങ്നെ പറഞ്ഞെ, നമ്മളെല്ലാം എങ്ങനേലും വല്തായിട്ട് വേണം ഈ മട്പ്പിക്ക്‌ന്ന പുസ്തകങ്ങളീന്നും മാഷമ്മാരുടെ തല്ലീന്നും ഒക്കെ രക്ഷപ്പെടാന്ന്ന് കര്തിയിരിക്കുമ്പാ, ഒര്ത്തന് വല്താവണ്ട പോലും, എപ്പളും പഠിച്ചോണ്ടിര്ന്നാല്മതി പോലും”

“എടാ, നമ്മുക്ക് ഇപ്പോ കിട്ടികൊണ്ടിരിക്ക്‌ന്ന മാഷമ്മാര്ടെ തല്ലിന് കാഠിന്യം വളരെ കുറവാ. ഇതിലും എത്രയോ കടുപ്പമേറിയ തല്ല് നമ്മള് വലുതാകുമ്പോ ജീവിതത്തില് കിട്ടാനിരിക്ക്ന്നതേയുള്ളൂ”. ഞാന്‍ പറഞ്ഞതുകേട്ടപ്പോള്‍ തോമസ്‌ എന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ച്നോക്കികൊണ്ട് പറഞ്ഞു.

“നിനക്ക് ശരിക്കും ഭ്രാന്താണെടാ”. അങ്ങനെ ഞാന്‍ ഭ്രാന്തനാണെന്ന് ആദ്യമായി പറഞ്ഞത് തോമസായിരുന്നു. ആ സംഭവത്തോടെ ഞാന്‍ സഹപാഠികളുടെയിടയില്‍ ഒരു ഭ്രാന്തനായി തീരുകയും ചെയ്തു.

പിന്നൊരിക്കല്‍, ഞാനന്ന്‍ ഡിഗ്രി ഫൈനലിയറിന് പഠിക്കുകയാണ്.ബസ് സ്റ്റോപ്പില്‍ ബസ്സ് കാത്തുനില്ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അടുത്ത്നില്ക്കുന്ന ഒരമ്മാവന്‍ എന്നോട് പേര് ചോദിച്ചു. ഞാന്‍ പേര് പറഞ്ഞതും “നായരാണോ” എന്നായി അമ്മാവന്‍റെ അടുത്ത ചോദ്യം. ഞാനൊട്ടും ആലോചിക്കാതെ ഉടനെ മറുപടി പറഞ്ഞു.

“അല്ല, മനുഷ്യനാണ്”. അത് കേട്ടപ്പോള്‍ അമ്മാവന്‍റെ നെറ്റിയിലെ ചുളിവുകളുടെ കനം കൂടിവരുന്നത് ഞാന്‍ കണ്ടു. അതോടെ ഞാന്‍ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളാത്തോനായി.

പിന്നെ വേറൊരു സംഭവവുമുണ്ടായി. ഒരുദിവസം ഞാന്‍ അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്നു. അപ്പോഴാണ് എന്‍റെ കോളേജ്മേറ്റായിരുന്ന ജോര്‍ജ്ജ് എതിരേ വന്നത്.

“എവ്ടേക്കാ” ജോര്‍ജ്ജ് കുശലം ചോദിച്ചു.

“അമ്പലത്തിലേക്കാ, പോരുന്നോ” ഒരു കുശലം പറയുന്നമട്ടില്‍ ഞാന്‍ വെറുതെ ചോദിച്ചു.

“അതിന്ന്‍ അമ്പലത്തില് അഹിന്ദുക്കളെ കേറ്റില്ലല്ലോ”

എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജോര്‍ജ്ജായിരുന്നില്ല.എന്‍റെ പിന്നില് നിന്നിരുന്ന ഒരു നാട്ടുപ്രമാണിയായിരുന്നു. ഞാനദ്ദേഹത്തോട് ചോദിച്ചു.

“ദൈവം വന്ന്‍ പറഞ്ഞിരുന്നോ, അമ്പലത്തില് അഹിന്ദുക്കളെ കയറ്റണ്ടാന്ന്‍”.

ആ സംഭവത്തോടെ ഞാന്‍ നാട്ടില്‍ ഒരു പുകഞ്ഞകൊള്ളിയായി മാറി.അങ്ങനെ കാലം കുറച്ചുകഴിഞ്ഞു. എനിക്ക് വീടിന്‍റടുത്തുള്ള ഒരു സ്ക്കൂളില്‍ തന്നെ അദ്ധ്യാപകനായി ജോലിയൊക്കെ കിട്ടി. വലിയ മുട്ടില്ലാതെ കാര്യങ്ങളൊക്കെ നീങ്ങികൊണ്ടിരിക്കേ, ഒരുദിവസം അമ്പലത്തിലെ ഉത്സവകമ്മിറ്റിക്കാര് പിരിവിനായി വീട്ടില്‍ വന്നു. എനിക്ക് ജോലി കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ഉത്സവമാണ്. പിരിവുസംഘത്തിലെ ഏറ്റവും പ്രായം ചെന്ന മൂപ്പര് പറഞ്ഞു.

“നായരൂട്ടിയേ, ഉദ്ദ്യോഗോക്കെ കിട്ടിയതല്ലേ, എന്തേലും കാര്യായിട്ടുതന്നെ തരണംട്ടോ. ഉപേക്ഷ വിചാരിക്കര്ത്. ദൈവത്തിന്‍റെ കാര്യേല്ലേ”.

ആ അഭിസംബോധന എനിക്കൊട്ടും ഇഷ്ടമായില്ലെങ്കിലും അതു പുറത്തു കാട്ടാതെ ഞാന്‍ പറഞ്ഞു.

“ഈ കാണ്ന്നതിന്‍റെയൊക്കെ ഉടമസ്ഥന്‍ ദൈവാണെന്നല്ലേ പറേന്നത്, അങ്ങനെയുള്ള ദൈവത്തിന് എന്തിനാ ഒരദ്ധ്യാപകന്‍റെ തുച്ഛമായ വരുമാനത്തിന്‍റെ ഒരോഹരി. ഭഗവാന് ഒരു പിടി അവലുകിട്ടിയാല് അത് തന്നെ ധാരാളം. ആയിരങ്ങളും അയ്യായിരങ്ങളൊന്നും ഭഗവാന് വേണ്ടല്ലോ.അതോടുകൂടി ഞാന്‍ ദൈവവിശ്വാസിയല്ലാതെയുമായി.

ഹരിജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഒരു കോളനിയില്‍ നിന്ന്‍ അവരെ ഒഴിപ്പിച്ച് അവിടം ഫ്ലാറ്റ് പടുത്തുയര്‍ത്താനുള്ള എന്‍റച്ഛന്‍റേയും ഏട്ടമ്മാരുടേയും യജ്ഞത്തെ നഖശിഖാന്തമെതിര്‍ത്ത ഞാന്‍ “കീഴാളന്മാരുടെ മണ്ണിന് അയിത്തമില്ലേ” എന്ന്‍ അനാചാരങ്ങളുടെ ഉറ്റതോഴനായ എന്‍റച്ഛനോട്‌ ചോദിച്ച ദിവസം തൊട്ട് ഞാനെന്‍റെ വീട്ടിലും ഒരു പിടിപ്പ്കെട്ടോനായി മാറി.

അങ്ങനെ പുകഞ്ഞ കൊള്ളിയും, കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളാത്തോനുമൊക്കെയായി ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കേ, എനിക്കൊരു കല്യാണാലോചന വന്നു.”പെണ്ണ്‍ അതിസുന്ദരി, എം.എസ്‌സി വരെ പഠിച്ചിട്ട്ണ്ട്, ബാങ്കില് ഉദ്ദ്യോഗസ്ഥ, പെണ്ണിന്‍റെ അച്ഛന് ഒത്തിരി ഭൂസ്വത്തൊക്കെയുണ്ട്, ഇതിനെല്ലാം പുറമെ തറവാട്ടില് ഒരാനയും ഉണ്ട്.”മൂത്ത ഏട്ടന്‍ പെണ്ണിന്‍റെ ഗുണഗണങ്ങള്‍ നിറുത്താതെ വര്‍ണ്ണിച്ചുകൊണ്ടിരിക്കയാണ്. അപ്പോള്‍ ഞാന്‍ ഇടയില്‍ കയറി പറഞ്ഞു.

“ഇത്രയും ഗുണഗണങ്ങളുള്ള ആ പെണ്ണിന് ഞാനൊരു ജീവിതം കൊട്ത്താല്‍ അത് ആ പെണ്ണിന് മഹത്തരമായിരിക്കില്ല. ഞാനൊരു പെണ്ണിന് ജീവിതം കൊട്ക്കയാണേല്‍ അതാ പെണ്ണിന് വിലപ്പെട്ടതായിരിക്കണം.അങ്ങനെയാവണമെങ്കില്‍ ആ പെണ്ണ്‍ ഉറ്റവരും ഉടയവരുമില്ലാതെ സമ്പത്തും തറവാട്ടുമഹിമയുമില്ലാതെ ഏതെങ്കിലും ഒരനാഥാലയത്തില്‍ വളര്‍ന്നവളായിരിക്കണം”.

അതുകൂടി കേട്ടതോടെ ഞാന്‍ ജീവിക്കാന്‍ അറിയാത്തോനുമായി മാറി. പിന്നീടങ്ങോട്ട് എന്നെ എല്ലാവരും ഒരന്യഗൃഹജീവി എന്ന മട്ടില്‍ കണക്കാക്കാന്‍ തുടങ്ങി. ജീവിക്കാനറിയാത്തോനായത്കൊണ്ടോ, പിടിപ്പ്കെട്ടോനായത് കൊണ്ടോ എന്തുകൊണ്ടാണെന്നറിയില്ല ആരും എന്നോട് അധികം സംസാരിക്കാതെയായി. ഞാന്‍ പറയുന്നത് കേള്‍ക്കാനും ആളുകള്‍ക്ക് താത്പര്യമില്ലാതെയായി. പൊതുവെ ഒരു സംസാരപ്രിയനായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വേദനയായിരുന്നു. ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.പയ്യെ ഞാന്‍ ഒന്നും മിണ്ടാതെ ഒന്നും കേള്‍ക്കാതെ ഒരു മൂകനെയും ബധിരനെയും പോലെയായിതീര്‍ന്നു. അപ്പോഴും ആളുകള്‍ പറഞ്ഞു.”അവന്‍ ആരോടുമൊന്നും മിണ്ട്ന്നില്ലാ, അവന് ഭ്രാന്താ” എന്ന്‍. അങ്ങനെയെനിക്കു ചുറ്റിലുമുള്ളവര്‍ ചാര്‍ത്തിതന്ന ഭ്രാന്തനെന്ന ലേബലില്‍ തന്നെ ഞാന്‍ ജീവിച്ചുകൊണ്ടിരിക്കേ, ഒരു രാത്രീല്, ഏകാന്തതയെ ശപിച്ചുകൊണ്ട് വെറുതെ കിടക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഇരുളില്‍ നിന്നേതോ കരങ്ങള്‍ എന്‍റെ നേരെ നീണ്ടുവരുന്നതായി എനിക്കു തോന്നി. ആ കരങ്ങള്‍ എന്‍റെ തോളില്‍ത്തട്ടി എന്നെ ആശ്വസിപ്പിച്ചു. ആ കരങ്ങളുടെ ഉടമ എന്‍റടുത്തുവന്ന്‍ എന്‍റെ ചെവീല് മന്ത്രിച്ചു. “നിനക്ക് ഭ്രാന്തില്ല”. പിന്നെ ഞാന്‍ കരയുമ്പോഴെല്ലാം എന്‍റെ കണ്ണീര് തുടക്കാനും സങ്കടപ്പെട്ടിരിക്കുമ്പോഴെല്ലാം എന്നെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും ആ കരങ്ങള്‍ നീണ്ടുവന്നു. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ഞങ്ങള്‍ ഒത്തിരിനേരം മൂകമായി സംസാരിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.എന്‍റെയീ സുഹൃത്തിനെ എനിക്കല്ലാതെ വേറെയാര്‍ക്കും കാണാന്‍ കഴിയില്ല. എന്‍റെയീ സുഹൃത്ത് ഒരു മനുഷ്യനല്ല. അതൊരു പക്ഷേ ഒരു പിടിപ്പ്കെട്ടവനായിട്ടോ , ജീവിക്കാനറിയാത്തോനായിട്ടോ ഏറെ നാള്‍ ജീവിച്ച് മരിച്ച ഏതെങ്കിലും ഒരുവന്‍റെ ആത്മാവായിരിക്കാം. അല്ലെങ്കില്‍ ഒറ്റപ്പെടലുകൊണ്ട് എനിക്ക് ഭ്രാന്ത്‌ വരാതിരിക്കുവാന്‍ എന്‍റെ ഉപബോധമനസ്സ് കണ്ടുപിടിച്ച ഒരുപായമായിരിക്കാം, ഒരു സാങ്കല്‍പ്പികസുഹൃത്ത്.

ആദ്യമൊക്കെ മൂകമായി സംസാരിച്ചിരുന്ന ഞാന്‍ പിന്നെയെന്‍റെ സുഹൃത്തിനോട്‌ ഉറക്കെ സംസാരിക്കാന്‍ തുടങ്ങി. അതെന്‍റെ ചുറ്റിലുമുള്ളവര്‍ കണ്ടു. അവരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സംസാരിക്കുകയാണ്. എന്‍റെ സുഹൃത്തിനെ അവര്‍ക്ക് കാണാന്‍ കഴിയില്ലല്ലോ.അപ്പോള്‍ അവര്‍ വിധിയെഴുതി. “അവന് ഭ്രാന്ത് മൂത്തു, ഇനി വെച്ചോണ്ടിരിന്നിട്ട് കാര്യല്ല”. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിപ്പെട്ടത്. അന്നും ഇന്നും എനിക്കറിയാം എനിക്ക് ഭ്രാന്തില്ലായെന്ന്‍. രൂപമില്ലാത്ത എന്‍റെ സുഹൃത്തും എപ്പോഴും പറയുന്നു “നിനക്ക് ഭ്രാന്തില്ലാ” എന്ന്‍. ഇവിടെയെത്തിപ്പെട്ടത് ഒരു മഹാഭാഗ്യമായിട്ടാ എനിക്കിപ്പോള്‍ തോന്നുന്നത്. ഈ നാലുവര്‍ഷവും ഈ കെട്ടിടത്തിന് വെളിയിലുള്ള വിശാലമായ ലോകത്തുതന്നെ ജീവിക്കയാണെങ്കില്‍ ഞാനൊരു പക്ഷേ ഭ്രാന്തനായിതീര്‍ന്നേനെ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English