ഭൂപടം

 

 

 

 

 

നെറ്റിത്തടം മനോഹരം
പീഠഭൂമി പോലെ .
നയന തടാകങ്ങൾക്ക് വിശുദ്ധി.
സ്തനങ്ങൾക്കിടയിൽ പുടവയായ്
ചുറ്റിയ നദി
മറഞ്ഞു കിടക്കുന്ന നഗ്നതയെ
നിധിയാക്കി മാറ്റുന്ന ചൈതന്യം.

മണ്ണാകും മേനിയിൽ മരതക കാന്തി പതിച്ചവൾ
മാദക അഴകിൽ പരിചിതമല്ലാത്ത ദേശമായ്
നിൽക്കുന്നു .
ക്യാമറക്കണ്ണുകൾ കണ്ടതവളിലെ അഴകുകൾ .
ഗൂഗിളിൽ പകർത്തിവെച്ചതാ പുടവയും
പുറം മോടി പൊതിഞ്ഞ മേനിയും മാത്രം .

കാഴ്ചയിൽ അഭിനിവേശം നിറച്ചു
കാമുകരായവർ അവളോട് പ്രണയത്താൽ
മേനികൊതിച്ചും കാന്തികൊതിച്ചും

അവിടേക്കു ചെന്നു പ്രതീക്ഷയ്ക്കിപ്പുറം  
അഭംഗി ഹൃദയത്തിൽ കൊണ്ട് നിരാശരായ് പലരും .
വരണ്ട ഇടങ്ങളിൽ വച്ച് നൊന്തവർ
തിരികെയെത്തി സ്വയമേ വരണ്ടു .

സ്വർഗ്ഗമായ്കണ്ടവർ അവളുടെ കൈകളിലൊതുങ്ങി
മനസുമാകാശവും ഒരുകോണിനോളം ചെറുതായി .
വരണ്ട ഇടങ്ങളെ കണ്ടവർ ചിലരുറങ്ങി
ചിലർ പുതുമതേടി വീണ്ടും യാത്ര തിരിച്ചു .
അവളിൽ വസിച്ചു ചൂരറിയാത്തവർക്കവൾ
ഒരു സ്ക്രീൻ ഭൂപടം.





















അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here