ഭിക്ഷാ പാത്രത്തിലെ കള്ളനാണയം

dc-cover-74giuv1p2s3hq6o3nrglotcak7-20160312013631-medi

കൊച്ചരി പല്ലു കാട്ടിയുള്ള പാൽ പുഞ്ചിരി, നിഷ്കളങ്കമായ കണ്ണുകൾ, ചിരി, നോട്ടം, മനസ്സിനെ ഇക്കിളി കൂട്ടുന്ന കുസൃതികൾ, കൊച്ചു കൊച്ചു സംശയങ്ങൾ കുട്ടികളിലൂടെ കാണുന്ന പ്രകൃതിയുടെ ഈ നിഷ്ക്കളങ്ക ഭാവത്തിൽ സ്നേഹത്താൽ വാത്സല്യത്താൽ നറുവെണ്ണ പോലെ ഉരുകാത്ത ഏത് കഠിന ഹൃദയമാണുണ്ടാകുക. കുട്ടികളിലെ ഈ  ഭാവത്തിൽ പലപ്പോഴും പരസ്പര വൈരാഗ്യങ്ങൾപ്പോലും പരിഹരിക്കപ്പെടാറുണ്ട്. കളങ്കം നിറയ്ക്കാത്ത, നിർമ്മലമായ ഈ കുട്ടികളെ ചുഷണം ചെയ്ത് പണമുണ്ടാക്കുന്ന  മനുഷ്യത്വമില്ലാത്ത മനുഷ്യ മൃഗങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. തെരുവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണുന്നില്ല, സ്കൂളിൽ പോയ കുട്ടി തിരിച്ചു വീട്ടിലെത്തിയില്ല, ഇങ്ങനെ ദിനംപ്രതി സമൂഹത്തിൽ നിന്നും കുട്ടികൾ അപ്രത്യക്ഷരാകുന്ന വാർത്തകൾ മാധ്യമങ്ങളിൽ സർവ്വസാധാരണമാണ്. എവിടെയാണ് ഈ പിഞ്ചുകുഞ്ഞുങ്ങൾ അപ്രത്യക്ഷരാകുന്നത്? 2016-ൽ മാധ്യമങ്ങൾ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 1994 കുട്ടികൾ കേരളത്തിൽ നിന്നും കാണാതായി. അവരിൽ 1142 കുട്ടികൾ പല സാഹചര്യങ്ങളിൽ നിന്നുമായി തിരിച്ചുകിട്ടി എന്ന് പറയപ്പെടുന്നു. അപ്പോൾ അവശേഷിയ്ക്കുന്ന കുട്ടികൾ എവിടെ അപ്രത്യക്ഷരായി?
കേരളം, തമിഴ് നാട്, ഒറീസ, ദൽഹി എന്നിവിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനം ചെയ്യിപ്പിക്കുന്നു എന്നുള്ള വാർത്ത ഈ അടുത്ത കാലങ്ങളിൽ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ആളുകളുടെ വിശ്വാസം നേടാനും, അവരുടെ അനുകമ്പ നേടാനും വേണ്ടിയാണ് ഭിക്ഷാടനത്തിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നവർ ജനങ്ങളുടെ മനസ്സിൽ അനുകമ്പ തോന്നുവാനും, തട്ടികൊണ്ടുപോയ കുട്ടികളെ തിരിച്ചറിയാതിരിയ്ക്കാനും വേണ്ടി പലതും ചെയ്ത്  കുട്ടികളിൽ അംഗവൈകല്യം അടിച്ചേൽപ്പിക്കുന്നു. മാതാപിതാക്കളുടെ വാത്സല്യത്തോടൊപ്പം വേണ്ടത്ര ജീവിത സൗകര്യങ്ങളോടും കൂടി വളർന്നിരുന്ന കുട്ടികളാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് ബലിയാടാകുന്നത് എന്നത് വേദനാജനകമായ ഒന്നാണ്. കുട്ടികളെ അംഗവൈകല്യം വരുത്തി  ഒരു ഉപകരണമാക്കുന്നു എന്നുമാത്രമല്ല പലപ്പോഴും  ആഹാരം കൊടുക്കാതെയും, മയക്കി ഉറക്കാൻ മയക്കുമരുന്നുകൾ നൽകിയും, ബുദ്ധി മാന്ദ്യം വരുത്താൻ മരുന്നുകൾ നൽകിയും, പല ശാരീരിക പീഡനങ്ങൾക്കും  ഇരയാകുന്നു.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏഷ്യാനെറ്റുപോലുള്ള ദൃശ്യ മാധ്യമങ്ങൾ ഇതേകുറിച്ച് നടത്തിയ പഠനത്തിൽ നിന്നുമാണ് ആരും കാര്യമായി ശ്രദ്ധിയ്ക്കപ്പെടാത്ത, എന്നാൽ ആപത്കരമായ യാഥാർത്ഥ്യങ്ങളുടെ ചുരുളുകൾ അഴിഞ്ഞത്. നമ്മുടെ കേരളത്തിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിയ്ക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ ചേക്കേറിയവരാണ്. ഇവർ ഇത്തരം പ്രവൃത്തികൾ നമ്മുടെ സംസ്ഥാനത്ത് ചെയ്യാൻ എങ്ങിനെ ധൈര്യം കാണിയ്ക്കുന്നു എന്ന സംശയത്തിന്റെ ഉത്തരമായാണ്, ഇവിടെ കുടിയേറിപാർക്കുന്ന അഭയാർത്ഥികളെ കളവുകൾ നടത്താനും, അമ്പലം പള്ളി തുടങ്ങിയ ദേവാലയങ്ങൾക്കുമുന്നിൽ ഭിക്ഷയ്ക്കിരുത്താനും അവരുടെ വരുമാനത്തിൽ നിന്നും സിംഹഭാഗം പിടിച്ചുവാങ്ങി അവരെ കഥാപാത്രങ്ങളാക്കി അണിയറയിൽ ചുക്കാൻ പിടിയ്ക്കാനും നിരവധി മാഫിയകൾ തന്നെ ഇവിടെ ഉടലെടുത്തിരിയ്ക്കുന്നു എന്ന് മനസ്സിലായത്. ഇത്തരം ഭിക്ഷക്കാരെ ആവശ്യത്തിനനുസരിച്ച് വാടകയ്ക്ക് കൊടുക്കുന്ന മധ്യവർത്തികളും ഇവിടെ ലഭ്യമാണ്. ഭിക്ഷക്കാരെയും, മോഷ്ടാക്കളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരുംമ്പോൾ അവരെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിയ്ക്കാൻ ആവശ്യമായ നിയമപാലകരും, തട്ടിക്കൊണ്ടു വരുന്ന കുട്ടികളിൽ അംഗവൈകല്യവും, ബുദ്ധി മാന്ദ്യവും വരുത്താൻ ഒത്താശയോടെ ഡോക്ടർമാരും അണിയറയിൽ പ്രവൃത്തിക്കുന്നതായും പറയപ്പെടുന്നു. അദ്ധ്വാനവും, വിയർപ്പും കൂടാതെ പണമുണ്ടാക്കി മധുവും, മദിരാക്ഷിമാരുമായി, സുഖലോലുപരായി ജീവിയ്ക്കാൻ തീരുമാനിച്ച  ഒരു പുതിയ തലമുറ  കേരളത്തിൽ  വളർന്നു വരുന്നു എന്നത് ഇതിനാൽ വ്യക്തമാണ്.
ഉപജീവനത്തിനായി കേരളത്തിൽ വന്ന അഭയാർത്ഥിയായ,  ഗോവിന്ദച്ചാമിയെ സൗമ്യ വധകേസിൽ പ്രതിക്കൂട്ടിൽ കയറ്റിയപ്പോഴാണ് ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിച്ചു സ്വയം പച്ചപിടിയ്ക്കുന്ന പകൽ മാന്യന്മാരായ വ്യക്തികൾ ഈ കൊച്ചു കേരളത്തിലുണ്ടെന്നുള്ള തിരിച്ചറിവു സാധാരണക്കാരനുണ്ടായത്.
കുട്ടികളെ ഉപയോഗിച്ച്, അനുകമ്പപ്പറ്റി ഭിക്ഷാടനം നടത്തുന്നവരെ നിർമാർജ്ജനം ചെയ്യുന്നതിനുള്ള നടപടിയ്ക്ക് തുടക്കമെന്നോണം 2016-ൽ ചില സാമൂഹിക സംഘടനകളുടെ സഹായത്തോടെ തിരുവനന്ദപുരം ബാലയാചകവിമുക്ത മേഖലയായി പ്രഖ്യാപിയ്ക്കുകയും ഏകദേശം 500-ൽ പരം തെരുവിൽ വളരുന്ന കുട്ടികളെ  പങ്കെടുപ്പിച്ച്  പ്രവർത്തനത്തിന് ആരംഭം കുറിയ്ക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും പല ജില്ലകളിലും ശക്തമായി പ്രവർത്തിച്ചിരുന്ന മാഫിയകളെ നിർമാർജ്ജനം ചെയ്യുന്നതിൽ പൂർണ്ണമായ വിജയം കൈവരിയ്ക്കാൻ ഇതുവരെ കഴിഞ്ഞില്ല.
പിറന്നുവീണ മണ്ണിന്റെ മണമടിച്ചാൽ, അതിൽ പണിയെടുത്താൽ അലർജി വരുമെന്ന മനോഭാവവുമായി ദുരെ അറബികളുടെ ആട്ടിൻ പറ്റത്തെ മേയ്ക്കുന്നതും, അവരുടെ മണ്ണിൽ തൂമ്പയെടുക്കുന്നതും അഭിമാനമായി കരുതി സ്വന്തം മണ്ണിനെ അനാഥയാക്കുന്ന നമ്മുടെ കേരളീയർക്കും, രാഷ്ട്രീയ പാർട്ടികൾ ജന്മം നൽകുന്ന സംഘടനകളിൽ മുങ്ങി അദ്ധ്വാനത്തെക്കാൾ അവകാശങ്ങൾക്ക് വേണ്ടി ആർത്തിപിടിച്ചോടുന്ന നമ്മുടെ സമൂഹത്തിനും തന്നെയാണ്, അന്യസംസ്ഥാനങ്ങളിലെ ആളുകൾക്ക് ഇവിടെ അഴിഞ്ഞാടാൻ അരങ്ങൊരുക്കിയതിനുള്ള പൂർണ്ണ ഉത്തരവാദിത്വം. ഇവിടുത്തെ തൊഴിലാളികളുടെ  വിവിധ അവകാശങ്ങൾ അംഗീകരിച്ച് അവർക്കു മുന്നിൽ  നിൽക്കുന്നതിലും നല്ലത് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ ഉൾക്കൊള്ളാനാകുന്ന വേതനത്തിൽ  പണിയെടുപ്പിക്കുക എന്നതാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്

ഇന്ന്  വീട്ടുപണിയ്ക്കാണെങ്കിലും മറ്റേതു പണിയ്ക്കാണെങ്കിലും അന്യ സംസ്ഥാനക്കാർ വേണമെന്നുള്ളതാണ് കേരളത്തിലെ സ്ഥിതിവിശേഷം. ഇന്ന് ഇവിടെ നടക്കുന്ന വർദ്ധിച്ചുവരുന്ന മോഷണങ്ങളിലും, കൊലപാതകങ്ങളിലും പ്രധാന പങ്കു വഹിയ്ക്കുന്നത് കേരളീയരുടെ പൂർണ്ണ സഹായത്തോടെ ഇവർ തന്നെയാണ്.
കുട്ടികളെ ഉപയോഗിച്ച് ഇവിടെ നടത്തുന്ന  ഈ മനുഷ്യത്വരഹിതമായ പ്രവർത്തി തുടച്ചുമാറ്റാൻ ജനങ്ങൾ തന്നെ ഒരു തീരുമാനമെടുക്കണം. കുട്ടികളുമായി ഭിക്ഷ യാചിയ്ക്കുന്നവർക്ക് ഭിക്ഷ നല്കുകയില്ലെന്ന തീരുമാനം എല്ലാവരും ഒറ്റകെട്ടായി എടുത്ത് ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തണം. കുട്ടികളോട് മനസ്സലിവുതോന്നി നിങ്ങൾ നൽകുന്ന ഓരോ നാണയത്തുട്ടും ഇവിടെ നടക്കുന്ന കുട്ടികളെ കരുക്കളാക്കി ഭിക്ഷ നടത്തുന്ന കപട ഭിക്ഷക്കാർക്കു, അല്ലെങ്കിൽ അവരെ മുതലെടുത്ത് തഴച്ചുവളരുന്ന മാഫിയകൾക്കുള്ള പ്രചോദനമാണെന്നും, ഇത് മനുഷ്യത്വമല്ലെന്നും ഓരോ വ്യക്തിയേയും ബോധവാന്മാരാക്കണം. ഏതു പ്രശ്നങ്ങൾക്കും ഹർത്താൽ ആചരിച്ചു ശീലിച്ചുപോന്ന കേരളം ഇതിനുവേണ്ടിയും ഒരു ഹർത്താൽ നടത്തിയാലും ഇവിടെ നടക്കുന്ന അനാഥത്വത്തെക്കുറിച്ച് ഇവിടെയുള്ളവർ ബോധവാന്മാരാകണം. അമ്പലത്തിലോ, പള്ളിയിലോ പോയി തങ്ങളുടെ മതവിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിച്ച് കൊള്ളൂ, പക്ഷെ ഈശ്വരന്റെ പേരിൽ കപടവേഷംകെട്ടി കുട്ടികളെക്കൊണ്ട് ഭിക്ഷാപാത്രവുമായി നടക്കുന്നവർക്ക് ഭിക്ഷ നൽകി സമൂഹദ്രോഹം ചെയ്യാതിരിയ്ക്കു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷയ്ക്കിരിയ്ക്കുന്നവരെ യുവാക്കൾച്ചേർന്നു ചോദ്യം ചെയ്ത് ഓരോ പ്രദേശങ്ങളിൽ നിന്നും തുരത്തിയോടിച്ച് കുട്ടികളെ രക്ഷിയ്ക്കു. ദാനധർമ്മത്തിൽ ഉറച്ചുവിശ്വസിയ്ക്കുന്നവർ, ഇത്തരം കപട ഭിക്ഷക്കാർക്കു ഭിക്ഷകൊടുക്കുന്നതിനു പകരം കഴിയുമെങ്കിൽ നിങ്ങളുടെ ചുറ്റിലും നിത്യജീവിതത്തിനും, രോഗവിമുക്തിയ്ക്കും വേണ്ടി കഷ്ടപ്പെടുന്നവരെ ദൈവത്തിന്റെ പേരിൽ കഴിയുന്ന ധനസഹായം ചെയ്തു സഹായിയ്ക്കു. ഇതൊരു മഹത്തായ ഈശ്വരസേവയാണ്. ബോധവാന്മാരാകു, മറ്റുള്ളവരെ ബോധവാന്മാരാക്കു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here