വി ജയദേവിന്റെ ഭയോളജി

 

bk_9375
പത്രപ്രവർത്തകനും കവിയുമായ വി ജയദേവിന്റെ 10 കഥകളുടെ സമാഹാരമാണ് ഭയോളജി. ‘മിമിക്രിയ’, ‘ധനസഹായം ബാര്‍’, ‘എന്‍മകനെ’, ‘ലക്ഷ്മണരേഖ’, ‘പ്രേതപുരസരം’, ‘ലക്ഷ്മണരേഖ’, ‘ഭയോളജി’, ‘കാലയോനി’, ‘ഓര്‍മ്മകൊണ്ടുമുറിഞ്ഞവന്‍’ തുടങ്ങിയ കഥകളുടെ സമാഹാരമാണിത്. സമകാലിക സാമൂഹികാവസ്ഥയിൽ ഭയം എങ്ങനെ ഒരായുധമാകുന്നെന്നു ഈ കഥകൾ വരച്ചുകാട്ടുന്നു.കഥകൾ എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് എഴുത്തുകാരൻ പറയുന്നത് കേൾക്കാം

“പത്രപ്രവര്‍ത്തകനെന്ന നിലയില്‍ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചിട്ടുണ്ട്. കലാപം കത്തി നിന്ന നന്ദിഗ്രാമില്‍, ഒരു പ്രത്യേക സമുദായത്തിന്റെ കൊടിയടയാളങ്ങള്‍ താഴ്ത്തിക്കെട്ടേണ്ടിവന്ന ഒഡീഷയില്‍, പരിസ്ഥിതി സംരംക്ഷണത്തിന്റെ പേരില്‍ സ്വന്തം മണ്ണില്‍നിന്നു വേരു മുറിക്കപ്പെട്ട മധ്യപ്രദേശിലെ താല്‍ക്കാലിക ഗ്രാമങ്ങളില്‍, ഒരു ജാതിയില്‍ വന്നുപിറന്നുപോയെന്ന കാരണത്താല്‍ ഊരുവിലക്കപ്പെട്ട ഗുജറാത്ത് ഗ്രാമങ്ങളില്‍..ഇവിടങ്ങളില്‍ നിന്നുള്ള ദൈനന്ദിന റിപ്പോര്‍ട്ടിങ്ങിന്റെ വസ്തുതാ ശേഖരങ്ങള്‍ക്കപ്പുറം അവരുടെ ജീവിതത്തിലേക്ക് അറിയാതെ നടന്നു പോവേണ്ടിവന്നിട്ടുണ്ട്. അവരുടെ ദുരിതങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ട്. വിശന്നുവലഞ്ഞ് അവരുടെ ദാരിദ്ര്യത്തിന്റെ പങ്കുപറ്റിയിട്ടുണ്ട്. തിന്നുന്ന ഓരോ ധാന്യമണിയിലും അതുകഴിക്കേണ്ടവന്റെ പേരെഴുതിയിട്ടുണ്ട് എന്ന രാജസ്ഥാന്‍ ഗ്രാമീണന്റെ വിശ്വാസത്തില്‍ വിശപ്പാറ്റിയിട്ടുണ്ട്. എന്നാല്‍ ഇക്കണ്ട മുഖങ്ങളിലെല്ലാം കോമണ്‍ഫാക്ടറായി കാണാന്‍ കഴിഞ്ഞിരുന്നത് അവരുടെ കണ്ണു
കളിലെ പേടിയാണ്. ആരെയാണ് ഇവര്‍ പേടിക്കുന്നത്. എന്തിനെയാണ് പേടിക്കുന്നത്? അത് (മനുഷ്യനടക്കമുള്ള) ഏതു മൃഗത്തിലുമുള്ള ബയോളജിക്കല്‍ ഫിയര്‍ ആണെന്ന് ആരോ പറഞ്ഞതുകേട്ടിരുന്നു. എന്നാലത് ഭയോളജിക്കല്‍ ആണെന്ന് പെട്ടെന്നൊരു തീപ്പൊരി മനസ്സില്‍ വന്നു വീഴുയായിരുന്നു. ലോകത്ത് എത്ര തരത്തിലുള്ള പേടികളുണ്ട്? അതെങ്ങനെയാണ് കൊണ്ടുനടക്കുന്നത്, അതില്‍ നിന്നു കരകയറാന്‍ പറ്റുന്നുണ്ടാവുമോ? അതു മരണഭയം മാത്രമാണോ? ഭയത്തെക്കുറിച്ചുള്ള പഠനം (ഭയോളജി) അവിടെത്തുടങ്ങുകയായിരുന്നു.

എന്നാല്‍ പേടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ല എന്നു തോന്നിപ്പോവുന്ന തരത്തില്‍ പുതിയതരത്തിലുള്ള പേടികള്‍ സമൂഹത്തില്‍ നിറയുകയായിരുന്നു. തന്റെ സ്വന്തം ഉടലിനെപ്പോലും പേടിക്കുന്ന തരത്തിലുള്ള പേടി. ഈ ഭയോളജിയില്‍നിന്ന് എനിക്കു സ്വയം രക്ഷപ്പെടാന്‍ പറ്റുമോ എന്നും ആശങ്കപ്പെട്ടിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. നഗരത്തിന്റെ ഒത്ത നടുക്കായിരുന്നെങ്കിലും ഇരുട്ടുമ്പോഴേക്കും ഏതാണ്ട് ഒറ്റപ്പെട്ടുപോവുമായിരുന്ന ഇടം രാത്രിയായിക്കഴിഞ്ഞാല്‍, അടുത്ത കെട്ടിടത്തിലെ ചൗക്കീദാറിന്റെ ഉച്ചത്തിലുള്ള പാട്ടുകേള്‍ക്കാം. ഉറക്കം വരാതിരിക്കാനാണ്. അയാള്‍ അന്നേക്കു ദിവസങ്ങളായി നിരന്തരമായി പകല്‍രാത്രി ജോലി ചെയ്യുകയാണ്. മറ്റ് ഒരു ഒച്ചയുമില്ല. ചൗക്കീദാറുടെ പാട്ടു നിലത്തുവീണാല്‍ കേള്‍ക്കാവുന്നത്രയും നിശ്ശബ്ദത. ഇടയ്ക്കു പാട്ടു നില്‍ക്കും. അയാള്‍ തൊണ്ടപൊട്ടി മരിച്ചു പോയിക്കാണുമോ എന്നു ഞാനകത്തിരുന്ന് ഉറക്കെ എന്നോടുതന്നെ ചോദിക്കും. റൊമാനോവ്, ലൂയി, ഓള്‍ഡ് മോങ്ക് തുടങ്ങിയ കലാകാരന്മാര്‍ ഒന്നും മിണ്ടില്ല ഒരിക്കലും. അയാള്‍ മരിച്ചുപോയോ മരിച്ചുപോയോ എന്നു സംശയം മൂക്കുമ്പോള്‍ അടുത്ത പാട്ട് പെയ്തുതുടങ്ങും. ഉറങ്ങിപ്പോവുമോ എന്ന പേടിക്കെതിരെ ചൗക്കീദാര്‍ അയാളുടെ വഴി തേടുകയാണ്, താന്‍ മരിച്ചുപോകുമോ എന്ന പേടിയേക്കാള്‍ ഭീകരമാണ് തൊട്ടടുത്ത് ആകെയുള്ള മറ്റൊരാള്‍ മരിച്ചുപോകുമോ എന്ന പേടി. ഈ പേടിയെയും ഭയോളജിയില്‍ ചേര്‍ക്കുകയായിരുന്നു. ഈ പടിയും മുമ്പു കണ്ടമുഖങ്ങളില്‍കണ്ടിരുന്നു. പേടികളുടെ പുസ്തകം.

bk_prev_9375

അങ്ങനെയൊന്നുണ്ടാവുമേ? പേടികളെ അക്കമിട്ടെഴുതിയതുകൊണ്ട് ആരുടെ പേടി മാറാനാണ് എന്നൊരു പേടിയും പതുക്കെ വളര്‍ന്നു വരു ന്നുണ്ടോ? പിന്നെ ഓരോ യാത്രയിലും പുതിയ പേടികളെ കാണാനുംശ്രമിക്കാറുണ്ടായിരുന്നു. ഇനിയൊരു പക്ഷേ ഒരു ഫിയര്‍ ടൂറിസം നാട്ടില്‍ വളര്‍ന്നുവരില്ലേ എന്നൊരു പേടിയിലേക്കു കൊണ്ടുചെന്നത്തിക്കുന്നതായിട്ട്. പടിഞ്ഞാറന്‍ ഇന്ത്യയില്‍ പലയിടത്തും മലിനമാകുടിവെള്ളത്തില്‍നിന്നു പല രോഗങ്ങളും പടരുന്നുണ്ടായിരുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തോളമില്ലെങ്കിലും.ഇതൊരു ഫിയര്‍സൈക്കോസിസ് ആയി മിഡില്‍, അപ്പര്‍ ക്ലാസ്സുകാരില്‍ പടരുന്നുണ്ടാവുമോ എന്നു തോന്നിച്ചിരുന്നു. നമ്മള്‍ ഇത്തരം രാസമാലിന്യഭീതിയില്‍നിന്ന് എത്ര സുരക്ഷിത അകലത്തിലാണെന്ന് ഒരു കൂട്ടുകാരി വിളിച്ചുചോദിക്കുന്നതുവരെ. ഒട്ടും അകലത്തിലല്ല, മറിച്ച് നമ്മള്‍ തൊട്ടടുത്താണ് എന്ന് മറുപടി പറഞ്ഞത് അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ കൂടിയാണ്. എന്നാല്‍ ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ നമുക്ക് എന്തുചെയ്യാനാവും എന്ന് അവളോടു ചോദിച്ചില്ല. ഞാനെന്റെ ഗര്‍ഭപാത്രം എടുത്തുകളയും എന്നുതന്നെയായിരിക്കും അവളുടെ മറുപടിയെന്ന് നൂറുശതമാനം ഉറപ്പായിരുന്നതുകൊണ്ട്.

എന്‍മകനെ എന്ന കഥയിലെ ശൈലജയായിരുന്നു അവള്‍. കാലം മാറിത്തുടങ്ങിയിരുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നു മാധ്യമങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നസമയം. പേടികള്‍ കണ്ണുകളില്‍ നിന്നു മുഖത്തേക്കും ശരീരഭാഷയിലേക്കും പതുക്കെ പടര്‍ന്നുകയറുകയായിരുന്നു. ആരാലോ ശ്രദ്ധിക്കപ്പെടുന്നുഎന്നൊരു പേടി പലരിലും കണ്ടു. തങ്ങളുടെ ഫോണുകള്‍ നിരന്തരം ചോര്‍ത്തപ്പെടുന്നതായി സംശയമുണ്ടെന്നു തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പറയുമ്പോള്‍ അതിശയോക്തിയാണെന്നു തര്‍ക്കിച്ചിരുന്നു. ഒരു കുഴപ്പവുമില്ല, എന്നാലും ഒന്നു ശ്രദ്ധിച്ചേക്കണം എന്നു പറയുന്നത് എന്തെങ്കിലും പേടി കൊണ്ടായിരിക്കുമോ ? നാട്ടുകാര്‍ എന്തു ധരിക്കണമെന്നും എന്തുകഴിക്കണമെന്നും നിര്‍ബന്ധിക്കപ്പെടുന്ന ഒരു നാട്ടുനടപ്പ് ഉണ്ടായിക്കൂടെന്നില്ലെന്നുണ്ടോ ? ‘ഭയോളജിയിലെ’ സുകേശനെപ്പോലെ അതിനെ വകവയ്ക്കാത്ത ഒരാളെ എന്താണു കാത്തിരിക്കുന്നുണ്ടാകുക. എന്തിനെയും ഒറ്റത്തവണ കേട്ടാല്‍ അനുകരിക്കാന്‍ പറ്റുമായിരുന്ന ഒരാള്‍ക്ക് കേഴ്‌വിശക്തി നഷ്ടമായാല്‍ എന്തുസംഭവിക്കുമെന്നൊരു പേടി വളരെക്കാലമായി ഉണ്ടായിരുന്നു. എന്നാല്‍ മാറുന്ന പുതിയ കാലത്ത് അതെത്രമാത്രം തീവ്രമായിരിക്കും എന്ന് ആലോചിച്ചാല്‍ അതെത്ര നീറ്റില്ലെന്നാണ്.

‘മിമിക്രിയ’ യിലെ പുഷ്പാംഗദന്‍ എന്ന മിമിക്രി ആര്‍ട്ടിസ്റ്റിന്റെ കൂടെയായിരുന്നു പിന്നെക്കുറച്ചു കാലം.തന്നെ അകച്ചെവി കൊണ്ടെത്തിക്കുന്ന നരകങ്ങളില്‍നിന്ന് അയാള്‍ക്ക് രക്ഷയില്ല എന്നു മനസ്സിലാവുന്നതുവരെ ആയിടെയാണ് ഒരുകത്തി ജീവിതത്തിലേക്കുവരുന്നത്. ഒരു കത്തിക്കുവേണ്ടഏറ്റവും കുറഞ്ഞ മൂര്‍ച്ചയെന്തായിരിക്കും എന്ന പേടിയിലൂടെയായിരുന്നു അത്. കത്തിയെ അടുക്കളഉപകരണം മാത്രമായി കണ്ടിരുന്ന ഒരു കാലത്തിനു മീതെ മറ്റൊരു കാലത്തിന്റെ അധീശത്വം ഉറപ്പിക്കലായിരുന്നു അത്. കത്തികളെക്കുറിച്ചു വ്യാപകമായി സംസാരിക്കപ്പെടുന്നു. കൂടുതല്‍ കടുത്ത ആയുധമായി അതു വളരുന്നു. അതുസംസ്‌കാരത്തെ മുറിച്ചു പലതുമാക്കുന്നു. അത് ആണിനും പെണ്ണിനുമിടയില്‍ പോലും വന്‍കരകള്‍ ഉണ്ടാക്കുന്നു. കത്തികളുടെ മൂര്‍ച്ചയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ച് സാധാരണയില്‍ കൂടുതല്‍ അറിവു സമ്പാദിച്ചിരുന്ന കോളജ് അധ്യാപകനായ പ്രസാദിന്റെയും അടുക്കളയിലെ വെറുംകറിക്കത്തിയെന്നു ബോധ്യമുള്ള രേണുകയുടെയും ജീവിതത്തിലേക്ക് ഒരു കത്തി വന്നുകയറിയുണ്ടാക്കുന്ന പേടികളെന്തൊക്കെയായിരിക്കും. അത് സമൂഹത്തിന്റെ പേടിയുടെ എത്ര ശതമാനമായിരിക്കും. പേടികളുടെ ഇനം തിരിച്ച് ഒരു പുസ്തകമെഴുതിയാല്‍ അതു പേടികുറയ്ക്കുമോ കൂട്ടുമോ? എനിക്കുകഥയാണു പറയാനുള്ളത്. ഞാന്‍വെറും സ്തുതാശേഖരക്കാരനല്ല. എനിക്ക് ഈ പേടികളെ പ്രതിരോധിക്കേതുണ്ട്.ഇവ എന്റെയും പേടികള്‍ കൂടിയാണ്. ഭയോളജി എഴുതാന്‍ അതും ഒരു നിമിത്തമായി”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ഇഷ്ടായി ട്ടോ.
    കഴിവും അനുഭവവുമുണ്ട് ജയദേവന്

    ഉടൻ ആവിയ്ക്കാൻ ശ്രമിക്കാം

    അഭിവാദ്യങ്ങളോടെ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here