എന്നിലെ ചടുലചലനങ്ങളും
സുന്ദരപുഷ്പം മന്ദസ്മിതവും
ഭാണ്ഡത്തിലൊതുക്കി മുറുക്കികെട്ടി ഞാന്‍
ഭീതയായിട്ടിങ്ങു നില്‍ക്കേ
എങ്ങോ കൈവിട്ടു കളഞ്ഞ
ക്ഷണികമാം ജീവിതവാസന്തമേ
വിറയാര്‍ന്ന അധരങ്ങളാല്‍
നിന്നോടു യാത്ര ചൊല്ലട്ടെ ഞാന്‍
പറയാന്‍ ഭയന്ന വാക്കുകള്‍
ചിരിക്കാന്‍ മറന്ന നാളുകള്‍
മൃതിയെയെന്നപോല്‍
ജീവിതത്തെയും ഭയക്കുന്നതെന്തിനോ
ഏറെ വൈകിയൊരീവേളയില്‍
ആര്‍ക്കോ വേണ്ടി നഷ്ടപ്പെടുത്തിയ
ചാരുതയാര്‍ന്ന നിമിഷങ്ങളെ കുറിച്ചോര്‍ത്തു
പശ്ചാത്തപിക്കുന്നുവോ പാവം മനസ്സേ നീ
കഷ്ടനഷ്ടങ്ങള്‍ തന്‍ കണക്കെടുപ്പിലാഴ്ന്നു
ശിഷ്ടദിനങ്ങള്‍ തള്ളിനീക്കവേ
പയ്യെ ഞാനറിയാതെയെന്‍
പടിവാതിലിലൂടെ കടന്നെത്തുന്ന മൃത്യുവേ
നിന്നോടുച്ചൊല്ലീടട്ടെ ഞാന്‍
എന്‍ പാതയില്‍ നിന്നും വഴിമാറി നില്ക്ക
തരികയൊരിത്തിരി ദിനങ്ങള്‍
കൂടി എനിക്കായി നീ
ഉള്ളം തുറന്നൊന്നു ചിരിക്കുവാന്‍
ഉള്ളില്‍ കുരുങ്ങികിടക്കും വാക്കുകളൊക്കെയും
ഭയമാര്‍ന്നിടാതെ പറയുവാന്‍
ശിഷ്ടദിനങ്ങളിലെങ്കിലും ചന്തം പകര്‍ന്നീടുവാന്‍.