ഇന്നലെ
ഞാനൊരു ഇരായായിരുന്നതും
ഇന്ന് വേട്ടക്കാരനായതും
നാളെ ആത്മകഥയെഴുതാനുള്ള
ഭാവനാസൃഷ്ടികളായിരുന്നു.
എന്റെ വാക്കുകൾ
മസാല ചേർത്ത്
മീഡിയാ പാനിൽ
ഫ്രൈ ചെയ്തെടുത്ത്
സായാഹ്നങ്ങളിൽ
വിൽക്കപ്പെടുമെന്നും അറിയാമായിരുന്നു.
തെരുവോരങ്ങളെ
ചോരയിൽ മുക്കി
പൂക്കളമെന്ന് പേരെഴുതി വെച്ചിരുന്നു.
മാനം നഷ്ടപ്പെടാനില്ലാത്തവരുടെ
നിശ്ശബ്ദത മഷിയാക്കി
കാമക്കണ്ണുകൾ ചെത്തിക്കൂർപ്പിച്ച
തൂലികത്തുമ്പുകൾ
ഇരുട്ടിന്റെ മറവിൽ
വർത്തമാനപ്പത്രത്തിന്റെ ചാരിത്ര്യം
അപഹരിച്ചെടുത്തപ്പോഴും
ഭാവനകൾ മൂടുപടത്തിന്റെ
പിറകിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.