ഒരു നടന്‍ എവിടെയോ
ഒരു നടിക്കെതിരെ
ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞുവത്രെ
എന്‍റെ ദേശമാകെ പ്രക്ഷുബ്ധം
അതിന്നാര്‍ക്കൊക്കെയോ തെളിവുണ്ടത്രെ
നിയമപാലകന്മാരവ നിരത്തി
ക്യാമറ നോക്കിയിളിച്ചു
പ്രതി കുറ്റവാളിയെന്നു സമര്‍ത്ഥിച്ചു
കോടതിയങ്ങനെ പറയും മുമ്പേ
അവനെ അഴിക്കൂട്ടിലാക്കിയാര്‍ത്തു ചിരിച്ചു
കാണും ലോകവും കൂടെ ചിരിച്ചു
നേതാക്കന്മാരുമിളിച്ചു
അവന്‍റെ ആസ്തികള്‍ തല്ലിത്തകര്‍ത്തു
വസ്തുവഹകള്‍ കയ്യേറിയലറിച്ചിരിച്ചു
കോലങ്ങള്‍ കത്തിച്ചു കൂവി
ആരും കയര്‍ത്തില്ല, മിണ്ടിയില്ല
മഹാജനാധിപത്യ ജനരോഷമല്ലെ
അതങ്ങിനെ മാത്രമേ ആവു
അതിക്രുദ്ധ പരശുരാമന്‍റെ മഴുവീണ്
നീറുന്ന വൃണമിന്നും പുകയുന്ന നമ്മുടെ നാട്ടില്‍
ഇനിയും മഴുവെറിയട്ടെ ഭൃഗുരാമന്‍
ചിരിച്ചാര്‍ക്കട്ടെ നമ്മുടെ അമ്മമാര്‍ പുത്രിമാര്‍
പല്ലില്ലാ അമ്മൂമ്മമാര്‍
വെറ്റിലതിന്നുന്ന കാരണവന്മാര്‍ പിന്നെ
ഒരു പണിയുമില്ലാ ഗൃഹനാഥപ്പരിഷകള്‍
ടി. വി. ചാനലുകള്‍ മാറ്റിമാറ്റി
പൊരിച്ചോളമണികള്‍ കൊറിച്ച്
സോഫക്കുമേല്‍ തലയിണയിങ്കല്‍
നോവും പൃഷ്ടഭാഗങ്ങളമര്‍ത്തി
ദൂരെ നോക്കെത്താ രാഷ്ട്രത്തിന്‍ സീമയിങ്കല്‍
ഒരു ശത്രുരാജ്യത്തിന്‍റെ ഭീഭത്സഗര്‍ജ്ജനം കേട്ട്
കാഞ്ചിയില്‍ വിരലൂന്നി
അമ്മപെങ്ങമ്മാര്‍ പെറ്റൊരായിരം
കണ്ണിമക്കാത്ത വീരപുത്രന്മാര്‍
ട്രഞ്ചുകളില്‍ നിര്‍നിദ്രരായിക്കിടക്കെ
ദൂരെ ദൂരെ ഏതോ മഞ്ഞുവീഴും
മാമലതന്‍ കൊടും താഴ്വരയില്‍
നമ്മുടെ പെങ്ങമ്മാരെ സഹോദരന്മാരെ
മതഭ്രാന്തരാം ഭീകരക്കോമരങ്ങള്‍
വെടിവെച്ചു വീഴ്ത്തി രസിക്കെ
കുത്സിതം മാത്രമറിയും കുമാര്‍ഗ്ഗികള്‍
ഒരു പുതുവിപ്ലമാത്മിക നികുതിവ്യവസ്ഥയെ
കരിതേക്കുവാനൊരുപാട് പണിമുടക്കുകള്‍
കരുതിപ്പണിഞ്ഞു കഴുത്ത് ഞരിക്കവെ
കയ്യേറിയ വനഭൂമിയൊഴുപ്പിച്ച്
നാടിന്‍റെ സമ്പത്ത് കാക്കും ചുണയുള്ള മക്കളെ
നട്ടെല്ല് വളയാത്ത ധീരന്മാരെ
വഞ്ചിച്ചകറ്റി വഞ്ചകന്മാരുടെ
സ്വാര്‍ത്ഥതാല്‍പര്യം ഒളിഞ്ഞും പതുങ്ങിയും
രക്ഷിക്കുവാന്‍ ജനനേതാക്കള്‍ ശ്രമിക്കവെ
കരയുക നാമൊരു നടനെച്ചൊല്ലി
ആര്‍ത്തട്ടഹസിക്കുക അവന്‍റെ രക്തം തേടി
വിഢ്ഡികളുടെ മഹാഗേഹം
പ്രക്ഷുബ്ധമാം മഹാഭ്രാന്താലയം
ഉദ്ബുദ്ധ കേരളനാടേ, നിന്‍റെ
പോക്കെത്രയെത്ര ജുഗുപ്സാവഹം!
സോഫകളില്‍ ചെരിഞ്ഞാര്‍ത്ത്
ചിരിച്ചീടുക തോരാതെ നിങ്ങള്‍
വിശ്രമമുറികളിള്‍ ടി.വി. നോക്കി
ആരുടെയൊക്കെയോ താല്‍പര്യം കാക്കുവാന്‍
മാധ്യമം നല്‍കും കറുപ്പ് നക്കി
ഒരുപിടി നാടിന്‍റെ മക്കളേതോ
മലകളില്‍ മഞ്ഞില്‍ കൊടും തണുപ്പില്‍
കാക്കുവാനുണ്ടല്ലൊ തോക്കുമേന്തി
നിങ്ങളറിയാതെ ദിവസവും മൂന്നുനേരം
മോന്തുന്ന സ്വാതന്ത്ര്യമൃഷ്ടപാനം
ഒരുനടന്‍ മാത്രമേ നിങ്ങള്‍ക്കുള്ളു
ഒരു വാര്‍ത്ത മാത്രമേ വേണ്ടതുള്ളു
രാവും പകലും ഉറക്കസ്വപ്നങ്ങളില്‍,
പാവം ഭാരതം നിങ്ങള്‍ക്കിന്നൊന്നുമല്ല!
ഭാരതി നിങ്ങള്‍ക്കിന്നാരാരുമല്ല!
വളരെ ശക്തമായ അവതരണം, രാജേട്ടൻ ! ഓരോ വാക്കിലും ഔചിത്യം നിറഞ്ഞുനിൽക്കുന്നു ! ബലേ ബേഷ്
നന്ദി! വളരെ നന്ദി!