ഒരു വ്യാഴവട്ടത്തിനു മുമ്പ് കണ്ണന്നൂര്‍ ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന ചായക്കടകളെ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് മുടന്തന്‍ മാധവന്റെ അത്താണിച്ചുവട്ടിലെ ജയലക്ഷ്മി ടീസ്റ്റാള്‍ ആണ്. പഞ്ചായത്ത് ഓഫീസിനുമുന്നലുള്ള കുമാരേട്ടന്റെ പേരിടാത്ത ചായക്കടയാണ് മറ്റൊന്ന്. കൂട്ടുപാതയിലെ ‘സ്വാമിശരണം’ ഭക്ഷണശാലയാണ് മൂന്നാമത്തേത്.
ശങ്കരേട്ടന്റെ സ്വാമിശരണത്തില്‍ മാത്രമേ ചോറുവെച്ചു വിളമ്പിയിരുന്നുള്ളു.
അപ്പുമണി സ്വാമികള്‍ അവതരിക്കുന്നതിന് മുന്‍പ് തടിമില്ലിലെ മൂന്നാലു സ്ഥിരം പണിക്കാരും പാറമടയിലെ ഏതാനും ബോയന്മാരുമാണ് ശങ്കരേട്ടന്റെ സ്വാമിശരണത്തെ താങ്ങിനിര്‍ത്തിയിരുന്ന തൂണുകള്‍.
‘ജയലക്ഷ്മിയിലെ പുട്ടും കടലയും കുമാരേട്ടന്റെ ഊത്തപ്പവും തേങ്ങാചട്ടിണിയും ശങ്കരേട്ടന്റെ ‘സ്വാമിശരണ’ത്തിലെ ശാപ്പാടും പ്രസിദ്ധമാണ്. മോരിലിട്ട് ഉണക്കി വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ഉണ്ടമുളകും പഴമ്പുളിചേര്‍ത്ത ഇഞ്ചിക്കറിയും കണ്ണന്നൂര്‍ ഗ്രാമത്തിലെ ഏതുനാവും കൊതിക്കുന്ന വിഭവങ്ങളാണ്.
പക്ഷേ, ഹോട്ടലുകളില്‍ നിന്നും ഊണൂ കഴിക്കുന്ന ശീലം ഗ്രാമത്തിലെ സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ലല്ലോ.
അപ്പുമണി സ്വാമികളുടെ അവതാരത്തോടയാണ് ശങ്കരേട്ടന്റെ കാലം തെളിഞ്ഞത്. പൊള്ളാച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും മറ്റും കൂട്ടുപാതയില്‍ വന്നിറങ്ങുന്ന തമിഴന്മാര്‍ നേരെ കാലെടുത്തു വെയ്ക്കുന്നത് സ്വാമിശരണത്തിലേയ്ക്കാണ്. ആശ്രമത്തിലേയ്ക്കുള്ള വഴിചോദിക്കലും കടം പറച്ചിലില്ലാത്ത ചായകുടിയും കഴിഞ്ഞ് പോകുന്നവര്‍ ഉച്ചയ്ക്കുള്ള ഊണുകഴിക്കുന്നതും ഇവിടെയായിരിക്കും.
ശങ്കരേട്ടന്‍ തനിച്ച് നടത്തിയിരുന്ന ഹോട്ടല്‍ മൂന്നാലു വര്‍ഷംകൊണ്ട് പത്തുപന്ത്രണ്ടു പണിക്കാരുള്ള ഭക്ഷണശാലയായി വളര്‍ന്നു. കൂട്ടുപാതയില്‍ മൂന്നാലു ചായക്കടകള്‍ കൂടി വന്നിട്ടും സ്വാമിശരണത്തിനു ക്ഷീണം തട്ടിയില്ലെന്നതാണ് വാസ്തവം.
പുഴയോരത്തെ മൂന്നേക്കര്‍ തെങ്ങിന്‍തോപ്പ് മൂന്നര ലക്ഷം രൂപയ്ക്കു വിലയ്ക്കെടുത്ത ശങ്കരേട്ടന്‍ ഓടിട്ട പഴയവീട് പൊളിച്ചുമാറ്റി രണ്ടുനിലയില്‍ കോണ്‍ക്രീറ്റുകെട്ടിടം പണിതുയര്‍ത്തി. ഹോട്ടലിലെ ഓരോ ഭിത്തികളിലും അപ്പുമണി സ്വാമികളുടെ ഫോട്ടോ തൂങ്ങിക്കിടന്നു.
അപ്പുമണി സ്വാമികള്‍ അവസാനിച്ചതോടെ ശങ്കരേട്ടന്റെ ഹോട്ടല്‍ അറ്റവേനലിലെ ഗായത്രിപ്പുഴപോലെയായി. ഏഴേ മുക്കാലിനുള്ള കെ.എസ്.ആര്‍.ടി.സി.യിലും ഒമ്പതേ കാലിനുള്ള ‘ധര്‍മശാസ്താവി’ലും വന്നിറങ്ങുന്ന നൂറുകണക്കിനു പുറം ദേശക്കാര്‍ ഓര്‍മ മാത്രമായതോടെ പഴയപടി പാറമടയിലെ ബോയന്മാരും തടിമില്ലിലെ പണിക്കാരും മാത്രമായി ആശ്രയം. പാചകക്കാരും വിളമ്പുകാരും ഓരുരുത്തരായി സ്വാമിശരണത്തിന്റെ പടിയിറങ്ങി.
ഹോട്ടല്‍ സ്വാമിശരണം മൂന്നാഴ്ചയോളം പൂട്ടിക്കിടന്നു. പുതിയ ഹോട്ടലുകള്‍ എന്നന്നേയ്ക്കുമായും.