” രണ്ടാംഭാവത്തില്‍ പരമോച്ചത്തില്‍ നില്‍ക്കുന്ന പൂര്‍ണചന്ദ്രന്‍ രണ്ടാം ഭാവാധിപന്‍ പതിനൊന്നില്‍ ഭാഗ്യാധിപനായ വ്യാഴത്തോടൊപ്പം ദശാപഹാരങ്ങളും വളരെ അനുകൂലം. താങ്കള്‍ക്ക് നിധി ലാഭം പ്രതീക്ഷിക്കാവുന്ന സമയമാണിപ്പോള്‍”
എയ്ഡഡ് സ്കൂള്‍ മാനേജരായ ധനപാലന്‍ ചെട്ടിയാരുടെ ഗ്രഹനില വിലയിരുത്തിയ കുമാരന്‍ ജോത്സ്യന്‍ അഭിപ്രായപ്പെട്ടു.
” സാക്ഷാല്‍ കുബേരനു പോലും ഇങ്ങനെയൊരു ഗ്രഹനില കാണില്ല. താങ്കള്‍ ഭാഗ്യക്കുറിയൊന്നും എടുക്കാറില്ലേ?”
ജോത്സ്യര്‍ ആശ്ചര്യത്തോടെ തിരക്കി.
” എടൂത്തിരുന്നു ഇക്കഴിഞ്ഞ ഓണം ബംബര്‍. അമ്പതു രൂപ പോയതു മിച്ചം” ധനപാലന്‍ ചെട്ടിയാര്‍ തന്റെ കഷണ്ടിത്തല തടവിക്കൊണ്ടു പറഞ്ഞു.
” എങ്കില്‍ ഒന്നു കൂടി പരീക്ഷിക്കണം. ചാരവശാലും സമയം വളരെ അനുകൂലമാണ്. പണം പടപടാന്ന് മടിയില്‍ വന്നു വീഴും ഒരു സംശയോംവേണ്ട ” കുമാരന്‍ ജോത്സ്യര്‍ ഉറപ്പിച്ചു പറഞ്ഞു.
” മടിയില്‍ വന്നു വീഴുന്നതു പാമ്പാണല്ലോ പണിക്കരേ. മിനിഞ്ഞാന്ന് ദാ ഇങ്ങനെ ഇരിക്കുമ്പോഴാണ് മുകളീന്ന് കെട്ടും വരയുമുള്ള ഒരു സാധനം പൊത്തോന്ന് മടിയിലേക്കു വീണത്. ഭാഗ്യത്തിന് ഒന്നും പറ്റീലാന്ന് മാത്രം”
ധനപാലന്‍ ചെട്ടിയാര്‍ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.
കുമാരന്‍ ജോത്സ്യര്‍ ഒന്നു നിവര്‍ന്നിരുന്നു.
” താങ്കള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ ഭാഗ്യക്കുറിയോ മറ്റോ കിട്ടിയില്ലെങ്കില്‍ ഞാനീ പണി മതിയാക്കും ”
” എങ്കില്‍ ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. ഏറ്റാല്‍ എന്റെ വക പണിക്കര്‍ക്കൊരു പാരിതോഷികം ഉറപ്പ്”
ചെട്ടിയാര്‍ കുടവയര്‍ തടവി ഗൂഡസ്മിതത്തോടെ അറിയിച്ചു. കുമാരന്‍ ജോത്സ്യന്‍ അതിനു മറുപടിയെന്നോണം ഒരു ശ്ലോകം ചൊല്ലി എണീറ്റു . വരാനുള്ളത് വഴിയില്‍ തങ്ങില്ലന്നായിരുന്നു അതിന്റെ ചുരുക്കം.
പിറ്റേന്നു പ്രഭാതത്തില്‍ ചെട്ടിയാര്‍ പതിവു നടത്തിനായി പടിയിറങ്ങുമ്പോഴാണ് കാര്യസ്ഥന്‍ ഓടിക്കിതച്ചു വന്നത്.
” നമ്മുടെ വടിവേലുമാഷ് പോയി. ഹാര്‍ട്ട് അറ്റാക്ക് ”
ധനപാലന്‍ ചെട്ടിയാര്‍ അല്പ്പനേരത്തേക്ക് അങ്ങനെ തന്നെ നിന്നു പോയി. പിന്നെ തിരിച്ചു നടന്ന് പതുക്കെ ചാരുകസേരയില്‍ ചെന്നിരുന്നു.
” ശങ്കരാ ഈ വേക്കന്‍സീല്‍ ഒരാളെ വച്ചാല്‍ ഇപ്പഴ് എത്രവരെ പ്രതീക്ഷിക്കാം”? ഏറെ നേരത്തെ മൗനത്തിനൊടുവില്‍ ചെട്ടിയാര്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
” ശമ്പളപരിഷ്ക്കരണമൊക്കെ വന്നതല്ലേ ഒരു ഇരുപത് ലക്ഷം എന്തായാലും ഉറപ്പാ” കാര്യസ്ഥന്‍ ശങ്കരന്‍ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അറിയിച്ചു.
” പിന്നെ ആ കുമാരന്‍ ജോത്സ്യരോട് സൗകര്യം പോലെ ഒന്നിവിടെ വരെ വരാന്‍ പറയ്യാ…. ചോദിച്ചാല്‍ ഭാഗ്യക്കുറി കിട്ടീന്നു പറഞ്ഞേക്ക്”
ചാരുകസേരയില്‍ അമര്‍ന്നിരുന്നുകൊണ്ട് ചെട്ടിയാര്‍ പറഞ്ഞു. പിന്നെ കാര്യസ്ഥനോടൊപ്പം പതുക്കെ വടിവേലു മാഷുടെ വീട്ടിലേക്കു നടന്നു
നല്ല കഥ, പക്ഷേ പെട്ടെന്ന് കഴിഞ്ഞു.
നന്നായിട്ടുണ്ട് … എഴുത്തു തുടരുക ..!