ഉടലുറങ്ങുന്ന സമയം
ഇരുട്ടു വേശ്യകള്‍
തെരുവില്‍ പേക്കൂത്താ-
ടുന്ന പോലെ.
ഒരുവള്‍,
അമ്പലനടയില്‍,
വേനല്‍ പോലെ തിളയ്ക്കുന്നു.
നൃത്തമല്ല
ചിലമ്പൊലിയില്ല
കൈയ്യില്‍ ഉടവാളില്ല.
ഗാഥകള്‍ പിറന്നു വീണ
കളമെഴുത്തുകളില്ല.
അകിടില്‍ വ്രണം
പൊട്ടിയ പോലെ..
പെണ്ണൊരുത്തി,
ആകാശത്തെ നോക്കി
ജ്വലിക്കുന്നു.
ജാലകപ്പുറത്തിനു കീഴെ
ചൊറികൊണ്ട് ,
തൊലിയളിഞ്ഞ പട്ടികള്‍
കുരക്കുന്നു.
ജ്വര മാറാതെ,
രക്തം മണത്ത്
നടക്കുന്നു.
പടിയിറങ്ങി പോകുന്നു
ഭയം കറുപ്പിച്ച കണ്ണുകളാല്‍
കരിങ്കുട്ടിമാര്‍….
പാമ്പിന്‍ മാളങ്ങളിലൊളിക്കുന്നു
രക്ഷസുകള്‍…
ചാത്തന്‍തറയുടെ
പുറം വശങ്ങളില്‍,
ചിതറി കിടക്കുന്നു
മണ്ണ് വീണ്ടും
ചുവക്കുമെന്ന ആശയോടെ
പരാഗസ്ഥലം ചതഞ്ഞ,
ചെമ്പരത്തികള്‍.
ഓടാമ്പല്‍ പഴുതിലൂടെ
ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
അതുവരെയും
ആണിന്റെ നാഭിയില്‍
ശവക്കോട്ട പണിത പ്രേതങ്ങള്‍.
വെയിലും നിലാവും
മാഞ്ഞു പോയ ഭൂമി
അവളുടെ
കറുത്ത മുടിച്ചുരുളുകളായി
പിരിയുന്നു.
പാലൊറ്റിയ രാവില്‍ നിന്ന്,
മുലയരിഞ്ഞ രാത്രിയിലേക്ക്,
നടത്തം തുടരവേ,
അമ്പലകിളി വാതിലില്‍
രൂക്ഷഗന്ധമെരിഞ്ഞു.
ഒളിഞ്ഞു നോട്ടങ്ങളിലടിച്ച
അയല്‍ക്കാരിയുടെ
മാസവസാന കുളി പോലെ.
വെളിച്ചചൂടില്‍,
കന്യാചര്‍മ്മം
പൊട്ടിയടര്‍ന്ന ദേവി.
കൊട്ടിയടച്ച വാതില്‍
തട്ടുന്നു.
വേദനയാല്‍
മുട്ടുന്നു.
കുഞ്ഞുനാഗങ്ങളെ പോലെ
രക്തമിഴയുന്നു.
അമ്പലമണ്ണങ്ങനെ
പെണ്ണിന്റെ
രുചിനേടുന്നു.